5,400 യൂണിറ്റ് പിന്നിട്ട് പുതിയ ‘ഫോർച്യൂണർ’ ബുക്കിങ്

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന്റെ പുതിയ ‘ഫോർച്യൂണറി’നുള്ള ബുക്കിങ്ങുകൾ 5,400 യൂണിറ്റ് പിന്നിട്ടു. അരങ്ങേറ്റം കുറിച്ച് രണ്ടാഴ്ചയ്ക്കകം പതിനാറായിരത്തിലേറെ അന്വേഷണങ്ങളാണു പുത്തൻ ‘ഫോർച്യൂണറി’നെ തേടിയെത്തിയത്. പുതിയ ‘ഫോർച്യൂണറി’ന്റെ ഡലിവറിയും ആരംഭിച്ചുകഴിഞ്ഞു. ഉത്സവകാലം സമാപിച്ചിട്ടും വിപണിയിൽ മികച്ച പ്രതികരണം നിലനിർത്താൻ പുതിയ ‘ഫോർച്യണറി’നു കഴിഞ്ഞിട്ടുണ്ടെന്ന് ടി കെ എം ഡയറക്ടറും സീനിയർ വൈസ് പ്രസിഡന്റു(സെയിൽസ് ആൻഡ് മാർക്കറ്റിങ്)മായ എൻ രാജ അറിയിച്ചു. 2009ൽ ഇന്ത്യയിലെത്തിയതു മുതൽ ഈ വിഭാഗത്തിൽ നേതൃസ്ഥാനം നിലനിർത്താൻ ‘ഫോർച്യൂണറി’നു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

പുത്തൻ ‘ഫോർച്യൂണറി’ന്റെ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ വകഭേദത്തോടാണ് ഉപയോക്താക്കൾക്കു താൽപര്യമേറെയെന്നാണു കണക്കുകൾ നൽകുന്ന സൂചന. വാഹനം ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് കാലതാമസം ഒഴിവാക്കി പുതിയ ‘ഫോർച്യൂണർ’ കൈമാറാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നതെന്നും രാജ വെളിപ്പെടുത്തി.പുതിയ ‘ഫോർച്യൂണർ’ ഡീസൽ, പെട്രോൾ എൻജിനുകളോടെ വിപണിയിലുണ്ട്. 2.8 ലീറ്റർ ഡീസൽ എൻജിനൊപ്പമുള്ളത് ആറു സ്പീഡ് ഓട്ടമാറ്റിക്, ആറു സ്പീഡ് മാനുവൽ ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.

Fortuner

‘ഫോർച്യൂണറി’ന്റെ പെട്രോൾ വകഭേദത്തിനു കരുത്തേകുന്നത് 2.7 ലീറ്റർ എൻജിനാണ്; ആറു സ്പീഡ് ഓട്ടമാറ്റിക്, അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ. 25.91 ലക്ഷം മുതൽ 31.12 ലക്ഷം രൂപ വരെയാണു വിവിധ വകഭേദങ്ങൾക്ക് ഡൽഹിയിലെ ഷോറും വില. ആഗോളതലത്തിൽ 13 ലക്ഷത്തോളം യൂണിറ്റ് വിൽപ്പനയാണു ‘ഫോർച്യൂണർ’ ഇതുവരെ നേടിയത്; ഇന്ത്യയിലും ഒരു ലക്ഷത്തോളം യൂണിറ്റ് വിറ്റു പോയിട്ടുണ്ട്.