ലാവണ്യ വാഡ്ഗവോങ്കർ നിസാൻ ഏഷ്യ, ഓഷ്യനിയ വൈസ് പ്രസിഡന്റ്

നിസാൻ മോട്ടോർ ഏഷ്യ പസിഫിക്, ഏഷ്യ-ഓഷ്യനിയയുടെ റീജണൽ കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റായി ഡോ. ലാവണ്യ വാഡ്ഗവോങ്കർ നിയമിതയായി. നിസാൻ മോട്ടോർ ഇന്ത്യയുടെ കമ്യുണിക്കേഷൻസ് - സിഎസ്ആർ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു ലാവണ്യ. നിസാൻ മോട്ടോർ ഏഷ്യ പസിഫിക് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് തായ്‌ലൻ‍ഡിലെ ബാങ്കോക്കിലെ ഓഫിസിലാകും ലാവണ്യ ഇനി പ്രവർത്തിക്കുക. നിയമനം ജൂൺ 2016 -ൽ പ്രാബല്യത്തിൽ എത്തിയെന്നു പത്രക്കുറിപ്പിലൂടെ കമ്പനി വെളിപ്പെടുത്തി.

നിസാന്റെ ബ്രാൻഡ് മൂല്യവും പെരുമയും ഏഷ്യ, ഓഷ്യനിയ പ്രദേശങ്ങളിൽ വ്യാപിപ്പിക്കുകയെന്നതാണു ലാവണ്യയുടെ പ്രധാന ദൗത്യം. കമ്പനിയുെട ആന്തരിക കമ്യൂണിക്കേഷൻസിന്റെ ഉത്തരവാദിത്വവും ലാവണ്യയ്ക്കുണ്ട്. ഏഷ്യ-ഓഷ്യനിയ മേഖലയുടെ റീജണൽ സീനിയർ വൈസ് പ്രസിഡന്റും ഓപ്പറേറ്റിങ് കമ്മിറ്റി തലവനുമായ യുടാക്ക സനാദ, നിസാൻ മോട്ടോർ കമ്പനിയുടെ ചീഫ് കമ്യൂണിക്കേഷൻസ് ഓഫിസർ ജോനാഥൻ അഡഷെക് എന്നിവർക്ക് ലാവണ്യ റിപ്പോർട്ടു ചെയ്യുക.

ലാവണ്യയുടെ സേവനം കമ്പനിയ്ക്കു പുതിയ ഉണർവേകുമെന്നു പ്രതീക്ഷിക്കുന്നതായി നിസാൻ ഇന്ത്യ ഓപ്പറേഷൻസിന്റെ പ്രസിഡന്റ് ഗ്വീലോം സിക്കാർഡ് പറഞ്ഞു. പുതിയ ഉത്തരവാദിത്വത്തിൽ ലാവണ്യക്ക് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസാൻ കമ്പനിയുടെ കമ്യൂണിക്കേഷൻസ് ആൻഡ് സിഎസ്ആർ വൈസ് പ്രസിഡന്റായിരുന്ന ദീപ തോമസിനെ ലാവണ്യയുടെ പകരക്കാരിയായും നിയമിച്ചിട്ടുണ്ട്.