സന്ദിപ് നിയോഗി നിസ്സാൻ ഇന്ത്യ സി എഫ് ഒ

സന്ദിപ് നിയോഗി

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാന്റെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ(സി എഫ് ഒ) ആയി സന്ദിപ് നിയോഗി നിയമിതനായി. ചെന്നൈ ആസ്ഥാനമായി, നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഗിലോം സികാർഡിനു കീഴിലാവും നിയോഗിയുടെ പ്രവർത്തനം. നിസ്സാന്റെ ഇന്ത്യൻ സംരംഭങ്ങളുടെ സാമ്പത്തിക രംഗത്തെ പ്രകടനവും നിയന്ത്രണവും നിയോഗിയുടെ ചുമതലയാവും.

ആഗോള പങ്കാളിയായ റെനോയുമായി സഹകരിച്ച് ചെന്നൈയ്ക്കടുത്ത് ഒരഗടത്ത് നിസ്സാൻ കാർ നിർമാണശാല സ്ഥാപിച്ചിട്ടുണ്ട്. പ്രതിവർഷം 4.80 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയിൽ നിർമിച്ച കാറുകൾ നിസ്സാൻ ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും വിൽക്കുന്നുണ്ട്.

ആഭ്യന്തര കാർ വിപണിയിൽ പ്രകടനം മെച്ചപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണു നിസ്സാൻ ഇന്ത്യ. ഇന്ത്യൻ വിപണിയിലെ നവാഗത കമ്പനികൾ നടപ്പാക്കിയ ഏറ്റവും വ്യാപകമായ വിപണന ശൃംഖല വിപുലീകരണത്തിന്റെ പിൻബലത്തിൽ 2014 — 15ലെ കാർ വിൽപ്പനയിൽ 24.2% വളർച്ച കൈവരിക്കാൻ നിസ്സാനു കഴിഞ്ഞിരുന്നു.

കൽക്കട്ട സർവകലാശാലയിൽ നിന്നു ബിരുദം നേടിയ നിയോഗി, ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ കമ്പനികളുടെ ധനകാര്യ മേൽനോട്ട വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ഉരുക്ക്, ഐടി, ഔഷധ നിർമാണം, വൈദ്യോപകരണം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിയോഗി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.