ഉസൈൻ ബോൾട്ടിനെ ആദരിച്ച് നിസ്സാൻ

ഒളിംപിക് ചരിത്രത്തിലെ അപൂർവ നേട്ടമായ ‘ട്രിപ്പിൾ ട്രിപ്പിൾ’ സ്വന്തമാക്കിയ ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിനെ ആദരമൊരുക്കി ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി. താരത്തിന്റെ 30—ാം ജന്മദിനത്തിനൊപ്പം 2008 ബെയ്ജിങ്, 2012 ലണ്ടൻ, 2016 റിയോ ഒളിംപിക്സുകളിൽ ബോൾട്ട് കാഴ്ചവച്ച അവിസ്മരണീയ പ്രകടനങ്ങൾ കൂടിയാണു നിസ്സാൻ ഞായറാഴ്ച ആഘോഷമാക്കിയത്. 100 മീറ്റർ, 200 മീറ്റർ, നാല് ഗുണം 100 മീറ്റർ റിലേ ഇനങ്ങളിലെ സ്വർണനേട്ടം തുടർച്ചയായ മൂന്നാം ഒളിംപിക്സിലും ആവർത്തിച്ച ഉസൈൻ ബോൾട്ട് 2012 മുതൽ നിസ്സാന്റെ ഗ്ലോബൽ ഡയറക്ടർ ഓഫ് എക്സൈൻമെന്റ് കൂടിയാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ ‘ഹാപ്പി ബോൾട്ട് ഡേ’ എന്ന പ്രചാരണവുമായാണു നിസ്സാൻ ഉസൈൻ ബോൾട്ടിന്റെ തകർപ്പൻ നേട്ടം ആഘോഷിച്ചത്. വിജയ നിമിഷങ്ങളിൽ ബോൾട്ട് ലോക പ്രശസ്തമാക്കിയ ‘ലൈറ്റ്നിങ് ബോൾട്ട്’ പോസ് അനുകരിക്കുന്ന ആരാധകർക്ക് ആ ചിത്രം ‘ഹാപ്പിബോൾട്ട്ഡേ’ എന്ന ഹാഷ് ടാഗിൽ സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും അവസരം ഓരുക്കിയിരുന്നു. അതിൽ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ഹൾ ചേർത്ത് ഒരു വിഡിയോയും നിസ്സാൻ പുറത്തിറക്കിയിട്ടുണ്ട്.

എട്ടു വർഷം മുമ്പ് ബെയ്ജിങ് ഒളിംപിക്സിൽ സ്പിന്റ് ഇനങ്ങളിലെ ട്രിപ്പിൾ സ്വന്തമാക്കി ബോൾട്ട് ആരംഭിച്ച കുതിപ്പാണു 2016 റിയോ ഒളിംപിക്സിലും അപരാജിതമായി തുടരുന്നത്. ബെയ്ജിങ്ങിനു പിന്നാലെ ലണ്ടനിലും എതിരാളികളില്ലാതെ കുതിച്ച ബോൾട്ടിന് ഇക്കുറി റിയോയിലും കാര്യമായ വെല്ലുവിളി നേരിടേണ്ടി വന്നില്ലെന്നതാണു യാഥാർഥ്യം. 100 മീറ്റർ, 200 മീറ്റർ, നാല് ഗുണം 100 മീറ്റർ റിലേ ഇനങ്ങളിൽ തുടർച്ചയായ മൂന്ന് ഒളിംപിക്സിൽ സ്വർണം നേടിയതോടെയാണു കായിക ചരിത്രത്തിലെ തന്നെ അപൂർവ നേട്ടമായ ‘ട്രിപ്പിൾ ട്രിപ്പിൾ’ ബോൾട്ടിന്റെ പേരിലായത്.

ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ സ്പോർട്സ് കാറുകൾക്കൊപ്പം ഇടംപിടിക്കുന്ന നിസ്സാന്റെ ജനപ്രിയ മോഡലായ ‘ജി ടി — ആറി’ന്റെ ബ്രാൻഡ് അംബാസഡറാണു ബോൾട്ട്. 2012 മുതൽ അദ്ദേഹം നിസ്സാന്റെ ഗ്ലോബൽ ഡയറക്ടർ ഓഫ് എക്സൈറ്റ്മെന്റ് ആയും പ്രവർത്തിക്കുന്നുണ്ട്. ‘2017 നിസ്സാൻ ജി ടി ആർ’ ഇക്കൊല്ലം ഇന്ത്യയിലും വിൽപ്പനയ്ക്കെത്തിക്കാൻ നിസ്സാൻ തീരുമാനിച്ചിട്ടുണ്ട്.