എട്ടു പുതിയ മോഡലുകൾ അവതരിപ്പിക്കാൻ നിസ്സാൻ

Nissan Kicks

വരുന്ന അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ എട്ടു പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി. രാജ്യത്തെ വിപണന ശൃംഖല വിപുലീകരിക്കാനും നടപടി സ്വീകരിക്കുമെന്നു കമ്പനി അറിയിച്ചു. 2020 ആകുമ്പോഴേക്ക് ഇന്ത്യൻ കാർ വിപണിയിൽ അഞ്ചു ശതമാനം വിഹിതം സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന കമ്പനി നിസ്സാനു പുറമെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലും പുതിയ വാഹനങ്ങൾ അവതരിപ്പിക്കും. നിസ്സാനെ സംബന്ധിച്ചിടത്തോളം ആഗോളതലത്തിൽ തന്നെ സുപ്രധാന വിപണിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ കമ്പനി ഉന്നത മാനേജ്മെന്റ് തലത്തിൽ തന്നെ ഈ വിപണിയെ ശ്രദ്ധിക്കുന്നുമുണ്ടെന്ന് നിസ്സാൻ മോട്ടോർ കമ്പനി സീനിയർ വൈസ് പ്രസിഡന്റും ആഫ്രിക്ക — മിഡിൽ ഈസ്റ്റ് — ഇന്ത്യ മേഖല മാനേജ്മെന്റ് കമ്മിറ്റി ചെയർമാനുമായ ക്രിസ്ത്യൻ മാഡ്രസ് അറിയിച്ചു. പുതിയ മോഡലുകൾ നിസ്സാനും ഡാറ്റ്സനുമിടയിൽ തുല്യമായിട്ടാവും വീതിക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

പുതിയ മോഡൽ അവതരണങ്ങളിലൂടെ രാജ്യത്തെ പ്രമുഖ വാഹന ബ്രാൻഡുകൾക്കൊപ്പം ഇടംപിടിക്കാൻ കമ്പനിക്കു കഴിയുമെന്നാണു നിസ്സാന്റെ പ്രതീക്ഷ. അങ്ങനെ 2020നകം അഞ്ചു ശതമാനം വിപണി വിഹിതമെന്ന ലക്ഷ്യവും നേടാനാവുമെന്ന് മാഡ്രസ് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിൽ ഇന്ത്യൻ കാർ വിപണിയിൽ രണ്ടു ശതമാനത്തോളമാണു നിസ്സാന്റെ വിഹിതം. അതേസമയം പുതിയ മോഡൽ അവതരണം സംബന്ധിച്ച വിശദാംശങ്ങൾ പങ്കിടാൻ മാഡ്രസ് വിസമ്മതിച്ചു. എങ്കിലും കഴിഞ്ഞ കാലത്ത് പുറത്തെത്തിയതിൽ ഏറെയും ഡാറ്റ്സൻ ശ്രേണിയിലെ മോഡലുകൾ ആയതിനാൽ അടുത്ത അവതരണം നിസ്സാനിൽ നിന്നാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതിനിടെ സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘എക്സ്ട്രെയ്ലി’ന്റെ സങ്കര ഇന്ധന വകഭേദം ഈ മാർച്ചിനകം പുറത്തെത്തുമെന്ന് നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഗിലോം സികാർഡ് അറിയിച്ചു.

വിപണിയുടെ അഭിരുചി വിലയിരുത്തിയാവും മറ്റു മോഡൽ അവതരണങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ ഹാച്ച്ബാക്കുകളോടും ബൂട്ട് സ്പേസ് ധാരാളമുള്ള സെഡാനുകളോടുമാണ് ഇന്ത്യയ്ക്കു പ്രതിപത്തി. ക്രോസോവർ എസ് യു വികളോടും ഈ വിപണിക്കു താൽപര്യമുണ്ടെന്ന് സികാർഡ് അഭിപ്രായപ്പെട്ടു. നിസ്സാന്റെ പാരമ്പര്യം പരിഗണിക്കുമ്പോൾ പുതിയ എസ് യു വി ഇന്ത്യയിലെത്തുമെന്ന് ഉറപ്പാണ്; പക്ഷേ പുത്തൻ അവതരണങ്ങൾ ഇതിലൊതുങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു. ആഫ്രിക്കയ്ക്കും മധ്യ പൂർവ രാജ്യങ്ങൾക്കുമുള്ള കയറ്റുമതി കേന്ദ്രമായി ഇന്ത്യയെ വികസിപ്പിക്കാനും നിസ്സാനു പദ്ധതിയുണ്ട്. ഇന്ത്യയ്ക്കായി വികസിപ്പിക്കുന്ന മോഡലുകൾക്ക് ഈ രാജ്യങ്ങളിലും പ്രസക്തിയുണ്ടെന്നു സികാർഡ് അഭിപ്രായപ്പെട്ടു. കൂടാതെ ഇന്ത്യയ്ക്കായി വികസിപ്പിച്ച, മലിനീകരണം കുറഞ്ഞ മൂന്നു സിലണ്ടർ എൻജിൻ ബ്രസീലിലേക്കും ലാറ്റിൻ അമേരിക്കയിലേക്കും കയറ്റുമതി ചെയ്യുമെന്നും സികാർഡ് അറിയിച്ചു.