ഇന്ധനചോർച്ച: 59,000 സെഡാൻ തിരിച്ചുവിളിച്ചു നിസ്സാൻ

അപകട വേളയിൽ ഇന്ധന ചോർച്ചയ്ക്കുള്ള സാധ്യത മുൻനിർത്തി ‘ഓൾട്ടിമ’, ‘മാക്സിമ’ സെഡാനുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ തീരുമാനിച്ചു. ലോകവ്യാപകമായി 59,000 കാറുകൾ തിരിച്ചു വിളിച്ചു പരിശോധിക്കാനാണു കമ്പനിയുടെ നീക്കം.

നിർമാണ തകരാറിന്റെ പേരിൽ 2013 — 2016 മോഡൽ ‘ഓൾട്ടിമ’കളും 2016 മോഡൽ ‘മാക്സിമ’ സെഡാനുകളുമാണു നിസ്സാൻ തിരിച്ചുവിളിക്കുക. ഇതോടൊപ്പം റഷ്യയിൽ നിർമിച്ച, 2014 — 2016 മോഡൽ ‘ടിയാന’യും നിസ്സാൻ പരിശോധിക്കുന്നുണ്ട്. വി സിക്സ് എൻജിനുള്ള കാറുകൾക്കാണു പരിശോധന ആവശ്യമായി വരികയെന്നും കമ്പനി വ്യക്തമാക്കി.

അപകട വേളയിൽ ഇന്ധന ടാങ്കിനും ഫ്യുവൽ സെൻഡിങ് യൂണിറ്റിനുമിടയിലെ സീൽ വഴി ഇന്ധനം ചോരാനുള്ള സാധ്യതയാണു ഭീഷണി സൃഷ്ടിക്കുന്നതെന്നാണു നിസ്സാൻ യു എസിലെ നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനു നൽകിയിരിക്കുന്ന വിശദീകരണം. ഇടിയുടെ ആഘാതത്തിനൊപ്പം ഇന്ധന ചോർച്ച കൂടിയാവുന്നതോടെ അഗ്നിബാധയ്ക്കുള്ള സാധ്യതയേറുമെന്നതാണു വെല്ലുവിളി. എന്നാൽ ആഭ്യന്തരമായി നടത്തിയ ക്രാഷ് ടെസ്റ്റിലാണു പ്രശ്നം കണ്ടെത്തിയതെന്നും ഇന്ധന ചോർച്ച മൂല അഗ്നിബാധയോ പരുക്കുകളോ സംഭവിച്ചിട്ടില്ലെന്നുമാണു നിസ്സാന്റെ അവകാശവാദം. തകരാറുള്ള കാറുകളിൽ സീലിനു ബലം നൽകാനായി റീട്ടെയ്നർ റിങ് ഘടിപ്പിക്കാനാണു ഡീലർമാർക്കു നിസ്സാൻ നൽകിയിരിക്കുന്ന നിർദേശം. രണ്ടു മാസത്തിനുള്ളിൽ വാഹനം തിരിച്ചു വിളിച്ചുള്ള പരിശോധനകൾക്കും പരിഹാര നടപടികൾക്കും തുടക്കമാവുമെന്നും കമ്പനി വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലൈയിലാണ് ഈ പ്രശ്നത്തിന്റെ പേരിൽ നിസ്സാൻ വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ആരംഭിച്ചത്. തുടക്കത്തിൽ 2016 മോഡൽ ‘മാക്സിമ’ സെഡാനുകളാണു കമ്പനി പരിശോധിച്ചത്. ആദ്യ ഘട്ടത്തിൽ ഇത്തരം 5,500 വാഹനങ്ങൾ പരിശോധിക്കേണ്ടി വരുമെന്നായിരുന്നു നിസ്സാന്റെ കണക്കുകൂട്ടൽ. എന്നാൽ കൂടുതൽ വാഹനങ്ങളിൽ ഇത്തരം തകാറിനു സാധ്യതയുണ്ടെന്നു പിന്നീടാണു കമ്പനി തിരിച്ചറിഞ്ഞത്.

അതിനിടെ കമ്പനിയുടെ ആഡംബര ബ്രാൻഡായ ഇൻഫിനിറ്റി ശ്രേണിയിലെ വാഹനങ്ങൾ ഈ തകരാറിൽ നിന്നു പൂർണമായും വിമുക്തമാണെന്നും നിസ്സാൻ വ്യക്തമാക്കിയിട്ടുണ്ട്.