മെയ്ഡ് ഇൻ ഇന്ത്യ, ഏഴു ലക്ഷം കാറുകൾ കയറ്റി അയച്ച് നിസാൻ

ഇന്ത്യൻ പ്ലാന്റിൽനിന്ന് ഏഴു ലക്ഷം കാറുകൾ കയറ്റിയയച്ച് നിസ്സാൻ. ചെന്നൈക്കടുത്ത് സ്ഥിതി ചെയ്യുന്ന റെനോ-നിസാന്‍ കമ്പനികളുടെ സംയുക്ത പ്ലാന്റില്‍ നിന്നാണ് ഏഴുവർഷത്തിൽ 7 ലക്ഷം കാറുകൾ നിസാൻ കയറ്റുമതി ചെയ്തത്. നിസാന്റെ സെ‍ഡാനായ സണ്ണിയാണ് ഏഴു ലക്ഷം പൂർത്തിയാക്കിക്കൊണ്ട് കപ്പൽ കയറിയത്.

ലോകത്തെ 106 രാജ്യങ്ങളിലേക്കാണ് നിസ്സാൻ, ‍ഡാറ്റ്സൺ ബ്രാൻഡുകളിൽപെട്ട കാറുകൾ ചെന്നൈയിൽ നിർമിച്ചു കയറ്റിയയ‌യ്ക്കുന്നത്. നിലവിൽ നിസാൻ സണ്ണി, നിസാൻ മൈക്ര, ഡാറ്റ്സൺ ഗോ, ‍ഡാറ്റ്സൺ റെഡിഗോ, ഡാറ്റ്സൺ ഗോ പ്ലെസ് എന്നീ കാറുകളാണ് ചെന്നൈയിലെ ശാലയിൽ നിർമിച്ച് കയറ്റി അയക്കുന്നത്. കാറുകൾ മാത്രമല്ല വാഹന ഘടകങ്ങളും കയറ്റി അയക്കുന്നുണ്ടെന്നാണ് നിസാൻ ഇന്ത്യ അറിയിച്ചത്. 18 രാജ്യങ്ങളിലായുള്ള 25 നിർമാണ ശാലകളിലേയ്ക്കാണ് ഇന്ത്യയിൽ നിന്ന് ഘടകങ്ങൾ കയറ്റി അയക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നേരത്തെ 2016 ജൂണ്‍ മാസത്തിൽ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ട കാർ എന്ന ബഹുമതി നിസാൻ മൈക്ര സ്വന്തമാക്കിയിരുന്നു. 6807 വാഹനങ്ങളാണു ജൂണിൽ കമ്പനി കയറ്റുമതി ചെയ്തത്.