നിസ്സാൻ ഇന്ത്യയുടെ കാർ കയറ്റുമതി 5 ലക്ഷത്തിൽ

ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാന്റെ ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതി അഞ്ചു ലക്ഷം യൂണിറ്റ് പിന്നിട്ടു. ഇതോടെ രാജ്യത്തെ പ്രമുഖ വാഹന കയറ്റുമതിക്കാർക്കൊപ്പമായി നിസ്സാൻ മോട്ടോർ ഇന്ത്യയുടെ സ്ഥാനം.

യൂറോപ്യൻ, മധ്യ പൂർവ ദേശങ്ങളിലെ വിപണികളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും 2015 — 16ൽ 1.20 ലക്ഷം വാഹനങ്ങൾ കയറ്റുമതി ചെയ്യാനാവുമെന്നാണു നിസ്സാന്റെ പ്രതീക്ഷ. 2014 — 15ൽ നിസ്സാൻ മോട്ടോർ ഇന്ത്യ കയറ്റുമതി ചെയ്തതും 1.20 ലക്ഷം കാറുകളായിരുന്നു.

എളുപ്പത്തിൽ വലിപ്പം കൈവരിക്കാൻ ലക്ഷ്യമിട്ടാണ് എട്ടു വർഷം മുമ്പ് പ്രവർത്തനം ആരംഭിച്ച ഘട്ടം മുതൽ ആഭ്യന്തര വിപണിക്കൊപ്പം കയറ്റുമതിക്കും തുല്യപരിഗണന നൽകിയതെന്ന് നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഗിലോം സികാർഡ് വിശദീകരിക്കുന്നു. ഈ തന്ത്രത്തെ ന്യായീകരിക്കുന്ന പ്രകടനമാണു കയറ്റുമതി മേഖലയിൽ കമ്പനി നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അഞ്ചു വർഷം മുമ്പാണു നിസ്സാൻ ഇന്ത്യ കയറ്റുമതി രംഗത്തു സജീവമായത്; നിലവിൽ 106 രാജ്യങ്ങളിൽ നിസ്സാൻ ഇന്ത്യയിൽ നിർമിച്ച കാറുകൾ വിൽക്കുന്നുണ്ട്. അതേസമയം കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയാണ് രാജ്യത്തു നിന്നുള്ള വാഹന കയറ്റുമതിയിൽ ഒന്നാം സ്ഥാനത്ത്. നിലവിൽ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിക്കാരിൽ രണ്ടാം സ്ഥാനത്താണു നിസ്സാൻ. യൂറോപ്പിനും മധ്യ പൂർവ ദേശങ്ങൾക്കും പുറമെ ലാറ്റിൻ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഏഷ്യ, ആഫ്രിക്ക എന്നീ മേഖലകളിലേക്കും നിസ്സാൻ ഇന്ത്യ കാറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കാർ ‘മൈക്ര’യാണെന്നു സികാർഡ് അവകാശപ്പെട്ടു. ഈ നേട്ടം കൂടുതൽ ഉയരങ്ങളിലേക്കും പുതിയ വിപണികളിലേക്കുമെത്തിക്കാനാണു കമ്പനി ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള നിസ്സാന്റെ കാർ കയറ്റുമതിയിൽ 73% ‘മൈക്ര’യുടെ സംഭാവനയാണ്; ബാക്കി ‘സണ്ണി’യുടെയും ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ശ്രേണിയിലെ ‘ഗോ’യുടെയും വിഹിതമാണ്.

ചെന്നൈയ്ക്കടുത്ത് ഒരഗടത്ത് 4,500 കോടി രൂപ ചെലവിലാണ് നിസ്സാനും ഫ്രഞ്ച് പങ്കാളിയായ റെനോയും ചേർന്നു പ്രതിവർഷം 4.80 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാല സ്ഥാപിച്ചത്. ഈ ശാലയുടെ ശേഷി ഫലപ്രദമായി വിനിയോഗിക്കുന്നതിനൊപ്പം രാജ്യാന്തര വിപണികളിൽ ഇന്ത്യയുടെ ഉൽപ്പാദനമികവ് പ്രദർശിപ്പിക്കാൻ കൂടി ലക്ഷ്യമിട്ടാണു കമ്പനി കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതെന്നാണു നിസ്സാന്റെ വാദം.

നിലവിൽ നിസ്സാന്റെ ഉൽപ്പാദനത്തിൽ 60 ശതമാനവും കയറ്റുമതി ചെയ്യുകയാണ്; അവശേഷിക്കുന്ന 40% ആണ് ആഭ്യന്തര വിപണിയിലെ വിൽപ്പനയെന്നു സികാർഡ് അറിയിച്ചു. വൈകാതെ കയറ്റുമതിയും പ്രാദേശിക വിൽപ്പനയും തുല്യമാവുമെന്ന പ്രതീക്ഷയും അദ്ദേംഹ പ്രകടിപ്പിച്ചു.