ഇന്ത്യൻ കാർ വിപണിയിൽ 5% വിഹിതം ലക്ഷ്യമിട്ട് നിസ്സാൻ

നാലു വർഷത്തിനകം ഇന്ത്യൻ കാർ വിപണിയിൽ അഞ്ചു ശതമാനം വിഹിതം സ്വന്തമാക്കാൻ ജാപ്പനീസ് നിർമാതാക്കളായ നിസ്സാനു മോഹം. ഇതിനായി 2018 മുതൽ വർഷം തോറും ഓരോ പുതിയ മോഡൽ വീതമെങ്കിലും പുറത്തിറക്കാനും വിപണന ശൃംഖല വിപുലീകരിക്കാനുമാണു കമ്പനി ഒരുങ്ങുന്നത്.
ആശയങ്ങൾ പ്രായോഗികതലത്തിലെത്തിക്കണമെന്ന തിരിച്ചറിവിലാണു കമ്പനിയെന്നു നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഗിലോം സികാർഡ് വെളിപ്പെടുത്തി. ഇന്ത്യൻ വിപണിയെക്കുറിച്ചു വ്യക്തമായ ധാരണ കൈവന്ന സ്ഥിതിക്ക് പുതിയ ആശയങ്ങളും പദ്ധതികളും നടപ്പാക്കാനാണു നിസ്സാൻ ഒരുങ്ങുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയിൽ 2018 മുതൽ പ്രതിവർഷം ഓരോ പുതിയ മോഡൽ പുറത്തിറക്കാനാണു നിസ്സാന്റെ തീരുമാനം. ‘എക്സ് ട്രെയ്ൽ ഹൈബ്രിഡ്’, ‘ജി ടി ആർ’ എന്നിവയാകും 2018ൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുകയെന്നും സികാർഡ് വിശദീകരിച്ചു. നിലവിൽ ഇന്ത്യൻ കാർ വിപണിയിൽ രണ്ടു ശതമാനം വിഹിതമാണു നിസ്സാനുള്ളത്; 2020 ആകുമ്പോഴേക്ക് വിഹിതം അഞ്ചു ശതമാനത്തിലെത്തിക്കാനാവുമെന്നാണു നിസ്സാന്റെ പ്രതീക്ഷ. ഇതു തികച്ചും സാധ്യമാണെന്ന് സികാർഡ് കരുതുന്നു. വില നിർണയം, ഉൽപന്നം, മൂല്യം തുടങ്ങിയവയുടെ കാര്യത്തിൽ ഉപയോക്താക്കളെ തിരിച്ചറിയാൻ സമയമെടുക്കും. നിസ്സാന് ഇന്ത്യൻ വിപണിയെക്കുറിച്ചു വ്യക്തമായ ധാരണയിലെത്താനും സമയമെടുത്തു. വില കുറഞ്ഞ കാറുകൾ മാത്രമാണ് ഇന്ത്യയിൽ വിൽക്കുകയെന്നതു തെറ്റിദ്ധാരണയാണെന്നും സികാർഡ് വ്യക്തമാക്കുന്നു.

വിപണിയെക്കുറിച്ചുള്ള ഗ്രാഹ്യത്തിന്റെയും അറിവിന്റെയും ഫലം പ്രകടമാവാൻ വാഹന വ്യവസായത്തിൽ നാലു വർഷമെങ്കിലുമെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതോടൊപ്പം ഇന്ത്യയിലെ വിപണന ശൃംഖല വിപുലീകരിക്കാനും കമ്പനി നടപടിയെടുക്കും. നിസ്സാന്റെയും ഡാറ്റ്സന്റെയും ശ്രേണിയിലെ വിവിധ വാഹനങ്ങളെ ഇന്ത്യയ്ക്കായി പരിഗണിക്കുന്നുണ്ട്. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് പ്രധാനമായും പരിഗണിക്കുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. വരുന്ന ദീപാവലി — നവരാത്രി ഉത്സവകാലത്ത് നിലവിലുള്ള മോഡലുകളുടെ പുത്തൻ വകഭേദങ്ങൾ അവതരിപ്പിക്കാനാണു നിസ്സാൻ ഒരുങ്ങുന്നത്. കൂടാതെ അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ഹാച്ച്ബാക്കായ ഡാറ്റ്സൻ ‘റെഡിഗൊ’യും നിസ്സാന്റെ എസ് യ വിയായ ‘ടെറാനൊ’യും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും സികാർഡ് കരുതുന്നു. ഇതിനു പുറമെ ഉപയോക്താക്കളുടെ ആശയക്കുഴപ്പം അകറ്റാനായി വകഭേദങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനും നിസ്സാൻ നപടി സ്വീകരിച്ചിട്ടുണ്ട്.