ഇന്ത്യയിലെ മോഡൽ ശ്രേണി അഴിച്ചുപണിതു നിസ്സാൻ

നവരാത്രി, ദീപാവലി ഉത്സവാഘോഷത്തിനു മുന്നോടിയായി ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ഇന്ത്യയിലെ മോഡൽ ശ്രേണിയിൽ പരിഷ്കാരങ്ങൾ നടപ്പാക്കി. ഹാച്ച്ബാക്കായ ‘മൈക്ര’, സെഡാനായ ‘സണ്ണി’, സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘ടെറാനൊ’ എന്നിവയുടെ വകഭേദങ്ങളിലാണു കമ്പനി പരിഷ്കാരം നടപ്പാക്കിയത്. മൂന്നു മോഡലുകൾക്കും നിലവിലുണ്ടായിരുന്ന വകഭേദങ്ങളിൽ പകുതിയോളം ഉപേക്ഷിക്കാനാണു നിസ്സാന്റെ തീരുമാനം. ജനപ്രിയമായ വകഭേദങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണു നിസ്സാൻ ഇന്ത്യയിലെ മോഡൽശ്രേണിയിൽ അഴിച്ചുപണി നടത്തിയിരിക്കുന്നതെന്നാണു സൂചന.

പരിഷ്കാരങ്ങളുടെ ഫലമായി പെട്രോൾ എൻജിനുള്ള ‘മൈക്ര’ ഇനി മുതൽ ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ മാത്രമാവും വിൽപ്പനയ്ക്കുണ്ടാവുക. എക്സ് ട്രോണിക് സി വി ടി ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെയുള്ള ‘മൈക്ര’ പെട്രോൾ ‘എക്സ് എൽ’, ‘എക്സ് വി’ വകഭേദങ്ങളിലാണു ലഭിക്കുക. അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഇനിമ തൽ ഡീസൽ എൻജിനുള്ള ‘മൈക്ര’യ്ക്കൊപ്പം മാത്രമാണുണ്ടാവുക. കൂടാതെ ‘മൈക്ര’ ഡീസലിന്റെ അടിസ്ഥാന വകഭേദമായ ‘എക്സ് ഇ’, മുന്തിയ വകഭേദമായ ‘എക്സ് വി പി’ എന്നിവ പിൻവലിക്കാനും നിസ്സാൻ തീരുമാനിച്ചിട്ടുണ്ട്. നാല് എയർ ബാഗുകളായിരുന്നു ‘എക്സ് വി പി’ വകഭേദത്തിന്റെ സവിശേഷത; ‘എക്സ് വി’ക്കൊപ്പമാവട്ടെ മുന്നിൽ ഇരട്ട എയർബാഗായിരുന്നു വാഗ്ദാനം. ശ്രേണിയിലെ എല്ലാ വകഭേദത്തിലും ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ലഭ്യമാണ്.

വില കുറഞ്ഞ പതിപ്പായ ‘മൈക്ര ആക്ടീവി’ന്റെ വകഭേദങ്ങളിലും നിസ്സാൻ പരിഷ്കാരങ്ങൾ നടപ്പാക്കി; അടിസ്ഥാന വകഭേദമായ ‘എക്സ് ഇ’ ഒഴിവാക്കിയതോടെ ‘എക്സ് എൽ’, ‘എക്സ് വി’, ‘എക്സ് വി എസ്’ പതിപ്പുകളിൽ മാത്രമാവും കാർ ഇനി വിൽപ്പനയ്ക്കുണ്ടാവുക. മാത്രമല്ല, ‘ആക്ടീവി’നൊപ്പം അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ലഭ്യമായിരുന്നതു തുടരും. അതുപോലെ ‘സണ്ണി’യുടെ പ്രീമിയം വകഭേദമായ ‘എക്സ് വി’ പെട്രോളിനൊപ്പം ഇനി സി വി ടി ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഇടംപിടിക്കും. അതേസമയം ലതർ അപ്ഹോൾസ്ട്രി സഹിതം ലഭിച്ചിരുന്ന ഡീസൽ ‘എക്സ് വി’ വകഭേദം ഇനി വിൽപ്പനയ്ക്കുണ്ടാവില്ല.

‘ടെറാനൊ’യിലാവട്ടെ 83 ബി എച്ച് പി, 108 ബി എച്ച് പി എൻജിനുകളുമായി ‘എക്സ് എൽ’ വകഭേദം മേലിൽ വിൽപ്പനയ്ക്കുണ്ടാവില്ല. 109 ബി എച്ച് പി ഡീസൽ ‘ടെറാനൊ’യുടെ ‘എക്സ് വി’ വകഭേദവും പിൻവലിച്ചിട്ടുണ്ട്. മേലിൽ 83 ബി എച്ച് പി പെട്രോൾ എൻജിനോടെ ‘എക്സ് എൽ’, ‘എക്സ് ഇ’, ‘എക്സ് എൽ പ്ലസ്’, 108 ബി എച്ച് പി എൻജിനോടെ ‘എക്സ് വി പ്രീമിയം’ വകഭേദങ്ങളിലാണു ‘ടെറാനൊ’ ലഭിക്കുക.