നിസ്സാൻ ലീഫ് എത്തുന്നു

Nissan Leaf

രണ്ടു വർഷത്തിനകം വൈദ്യുത കാറായ ‘ലീഫ്’ ഇന്ത്യയിലെത്തിക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിക്കു പദ്ധതി. മുമ്പ് ‘നിസ്സാൻ കാർണിവലി’ന്റെ ഭാഗമായി കാർ പ്രദർശിപ്പിച്ചപ്പോൾ തന്നെ ‘ലീഫ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നു കമ്പനി വ്യക്തമാക്കിയിരുന്നു. തുടർന്നു കഴിഞ്ഞ ഓട്ടോ എക്സ്പോയിലും നിസ്സാൻ ‘ലീഫ്’ പ്രദർശിപ്പിച്ചു. തുടർന്നാണ് 2018ൽ ‘ലീഫ്’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നു നിസ്സാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കാർക്കു വൈദ്യുത വാഹനങ്ങളോടു പ്രത്യേക പ്രതിപത്തിയില്ലെന്നതു യാഥാർഥ്യമാണ്. അതിനാലാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനെ പോലുള്ള നിർമാതാക്കൾ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്കു പിന്നാലെ പോകുന്നത്. സങ്കര ഇന്ധന മോഡലുകളെ അപേക്ഷിച്ചു വൈദ്യുത വാഹനങ്ങൾക്ക് വിലയേറുമെന്നതാണു പ്രധാന പ്രശ്നം. ‘ലീഫി’ന്റെ കാര്യത്തിലും ഈ സ്ഥിതിക്കു മാറ്റം പ്രതീക്ഷിക്കേണ്ട.

ഈ സാഹചര്യം പരിഗണിച്ചാണു വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ‘ഫെയിം’ പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ ഇത്തരം മോഡലുകൾക്ക് സബ്സിഡി അനുവദിക്കുന്നത്. ഈ ഇളവു ലഭിച്ചാലും ‘ലീഫ്’ പോലെ പൂർണമായും വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന വൈദ്യുത കാറിന്റെ വില 35 ലക്ഷം രൂപയോളമാവുമെന്നാണ് പ്രതീക്ഷ. ഇതോടെ ചെറുകാറുകൾക്കു പകരം ആഡംബര സെഡാനുകളോടാവും ‘ലീഫി’ന് മത്സരിക്കേണ്ടി വരികയെന്ന പ്രശ്നവുമുണ്ട്.‘ലീഫി’ന്റെ വരവോടെ നിസ്സാന്റെ ഇന്ത്യൻ ശ്രേണിയിൽ ‘ജി ടി ആറും’ ‘എക്സ് ട്രെയ്ലു’മടക്കം ആറു മോഡലുകളാവും. എന്നാൽ വിൽപ്പനയിൽ കാര്യമായ നേട്ടം സമ്മാനിക്കാൻ ‘ലീഫി’നു കഴിയുമെന്ന് നിസ്സാൻ പോലും കരുതുന്നില്ല.

2016 സെപ്റ്റംബർ വരെ ലോകവ്യാപകമായി 2,39,000 യൂണിറ്റിന്റെ വിൽപ്പനയാണു ‘ലീഫ്’ നേടിയത്; വൈദ്യുത വാഹന വിഭാഗത്തിൽ ഏറ്റവും വിജയം വരിച്ച മോഡൽ എന്ന പെരുമയും ‘ലീഫി’നു സ്വന്തമാണ്. ഇന്ത്യയിൽ നിലവിൽ മഹീന്ദ്ര ‘ഇ ടു ഒ’യും ‘ഇ വെരിറ്റോ’യും മാത്രമാണു വൈദ്യുത വാഹന വിഭാഗത്തിൽ വിൽപ്പയ്ക്കുള്ള കാർ മോഡലുകൾ. ഈ ശ്രേണിയിലേക്കാണു മൂന്നാമനായി ‘ലീഫി’ന്റെ വരവ്. പരമ്പരാഗത എൻജിനു പകരം 107 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന വൈദ്യുത മോട്ടറാണു ‘ലീഫി’ന്റെ ഹൃദയം. കാബിനിൽ സൂക്ഷിച്ച ലിതിയം അയോൺ ബാറ്ററിയാണു കാറിനു കരുത്തേകുന്നത്. എട്ടു മണിക്കൂറിൽ പൂർണ ചാർജ് നേടുന്ന ബാറ്ററിക്ക് പരമാവധി 160 കിലോമീറ്റർ വരെ പിന്നിടാനാവും. കൂടാതെ റീജനറേറ്റീവ് ബ്രേക്കുകളുടെ പിൻബലത്തോടെ യാത്രാപരിധി ദീർഘിപ്പിക്കാനും ‘ലീഫി’നു കഴിയും.