5—ാം വാർഷികം: ‘മൈക്ര എക്സ് ഷിഫ്റ്റു’മായി നിസ്സാൻ

ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ചെറുകാറായ ‘മൈക്ര’യുടെ പരിമിതകാല പതിപ്പ് അവതരിപ്പിച്ചു. ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയതിന്റെയും ചെറുകാറായ ‘മൈക്ര’യുടെ പ്രാദേശിക ഉൽപ്പാദനം ആരംഭിച്ചതിന്റെയും അഞ്ചാം വാർഷികാഘോഷം പ്രമാണിച്ചാണിത്. ‘മൈക്ര എക്സ് ഷിഫ്റ്റ്’ എന്നു പേരിട്ട, കൂടുതൽ കാഴ്ചപ്പകിട്ടും സി വി ടി സാങ്കേതികവിദ്യയോടെ ഓട്ടമാറ്റിക് ട്രാൻസ്മിഷനുമുള്ള കാറിന്റെ 750 യൂണിറ്റുകൾ മാത്രമാണു വിൽപ്പനയ്ക്കെത്തുക. ‘മൈക്ര’യുടെ ‘എക്സ് എൽ’ വകഭേദം ആധാരമാക്കി സാക്ഷാത്കരിച്ച ‘എക്സ് ഷിഫ്റ്റി’ന് ഡൽഹി ഷോറൂമിൽ 6,39,990 രൂപയാണു വില.

ഗീയർരഹിത മോഡലുകൾക്ക് ഇന്ത്യയിൽ ആവശ്യമേറുകയാണെന്ന് ‘എക്സ് ഷിഫ്റ്റ്’ അവതരണ ചടങ്ങിൽ നിസ്സാൻ ഇന്ത്യ പ്രസിഡന്റ് ഗിലോം സികാർഡ് അഭിപ്രായപ്പെട്ടു. 2011 — 12ൽ മൊത്തം വിൽപ്പനയിൽ ഒന്നര ശതമനത്തോളം മാത്രമായിരുന്നു ഓട്ടമാറ്റിക് മോഡലുകളുടെ വിഹിതം. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ മൊത്തം കാർ വിൽപ്പനയിൽ മൂന്നര ശതമാനത്തോളം ഗീയർരഹിത മോഡലുകളായിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു.

ആഭ്യന്തര വിപണിയിൽ രണ്ടു ശതമാനത്തിൽ താഴെ മാത്രം വിഹിതമുള്ള നിസ്സാൻ ഇന്ത്യ, ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ റെനോ — നിസ്സാൻ നിർമാണശാലയിൽ നിന്നുള്ള ‘മൈക്ര’യുടെ കയറ്റുമതിക്കാണ് ഊന്നൽ നൽകുന്നത്. യൂറോപ്പ്, യു എസ്, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കായി 90,000 കാറുകളാണു കമ്പനി കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തത്.

നിലവിൽ ഇന്ത്യയിൽ 160 ഔട്ട്ലെറ്റുകളും ‘മൈക്ര’, ‘സണ്ണി’, ‘ടെറാനൊ’ തുടങ്ങി പരിമിതമായ മോഡൽ ശ്രേണിയുമുള്ള നിസ്സാൻ ഇന്ത്യൻ വിപണിയിൽ അഞ്ചു ശതമാനം വിഹിതമാണു ലക്ഷ്യമിടുന്നത്. 2010 ജൂലൈയിലാണു നിസ്സാൻ ചെന്നൈയിൽ ‘മൈക്ര’ ഉൽപ്പാദനം ആരംഭിച്ചത്. ആഗോളതലത്തിൽ 80 രാജ്യങ്ങളിൽ വിൽപ്പനയ്ക്കുള്ള ‘മൈക്ര’യുടെ ഇതുവരെയുള്ള ആകെ വിൽപ്പന 60 ലക്ഷം യൂണിറ്റിലേറെയാണ്.