ഡീലർഷിപ്പുകൾ 300 ആക്കാനൊരുങ്ങി നിസ്സാൻ

ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ശ്രേണിയിൽ ‘റെഡി ഗോ’ അവതരിപ്പിക്കാനൊരുങ്ങുന്ന ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ഇന്ത്യയിൽ വിപണന ശൃംഖല വിപുലീകരിക്കാനും തയാറെടുക്കുന്നു. അടുത്ത മാർച്ചോടെ രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം 300 ആയി ഉയർത്താനാണു കമ്പനിയുടെ പദ്ധതി. ഡാറ്റ്സനിൽ നിന്നുള്ള പുതിയ മോഡലായ ‘റെഡി ഗോ’ ഇന്ത്യൻ കാർ വിപണിയിൽ എൻട്രി ലവൽ വിഭാഗത്തിലാവും ഇടംപിടിക്കുകയെന്നു നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഗിലോം സികാർഡ് അറിയിച്ചു.

മാത്രമല്ല, ‘റെഡി ഗോ’യിലൂടെ ഹാച്ച് ബാക്കിന്റെയും ക്രോസ് ഓവറിന്റെയും ഗുണങ്ങൾ സമന്വയിക്കുന്ന ‘അർബൻ ക്രോസ്’ എന്ന പുത്തൻ വിഭാഗം സൃഷ്ടിക്കാനും ഡാറ്റ്സൻ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതോടൊപ്പമാണു വിൽപ്പനയിൽ വർധന കൈവരിക്കാനായി വിപണന ശൃംഖല വിപുലീകരിക്കാൻ നിസ്സാൻ പദ്ധതിയിടുന്നത്. അടുത്ത മാർച്ചിനകം രാജ്യത്തെ ഡീലർഷിപ്പുകളുടെ എണ്ണം മുന്നൂറിലെത്തിക്കുമെന്നു സികാർഡ് അറിയിച്ചു. നിലവിൽ 165 നഗരങ്ങളിലായി 218 ഡീലർമാരാണു നിസ്സാനുള്ളത്. പുതിയ ഡീലർഷിപ്പുകൾ കൂടിയാവുന്നതോടെ രാജ്യത്തിന്റെ 90% പ്രദേശത്തും വിൽപ്പന, വിൽപ്പനാന്തര സേവനം ലഭ്യമാക്കാൻ കമ്പനിക്കു കഴിയുമെന്നാണു നിസ്സാന്റെ പ്രതീക്ഷ.