ചെന്നൈ റെനോ നിസ്സാൻ ശാല: ഉൽപ്പാദനം 10 ലക്ഷം പിന്നിട്ടു

Nissan Micra

ഫ്രഞ്ച് — ജാപ്പനീസ് സഖ്യമായ റെനോ നിസ്സാൻ ഇന്ത്യയിൽ നിർമിച്ച കാറുകളുടെ എണ്ണം 10 ലക്ഷം യൂണിറ്റ് പിന്നിട്ടു. ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ റെനോ — നിസ്സാൻ കാർ നിർമാണശാലയിൽ നിന്നു പുറത്തെത്തിയ ‘മൈക്ര’യാണ് ഇന്ത്യയിലെ വാഹന ഉൽപ്പാദനത്തിൽ സഖ്യത്തിന് ഈ ചരിത്രനേട്ടം സമ്മാനിച്ചത്. ഈ ശാലയിൽ നിന്ന് ആദ്യം പുറത്തെത്തിയ കാറും ‘മൈക്ര’യായിരുന്നു. എന്നാൽ പങ്കാളികളായ റെനോയ്ക്കും നിസ്സാനും പുറമെ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സനും വേണ്ടി നിലവിൽ 32 മോഡലുകളാണ് ഈ ശാലയിൽ നിന്നു പുറത്തെത്തുന്നത്. ഒരഗടം ശാല ഔപചാരികമായി പ്രവർത്തനം തുടങ്ങിയത് 2010ലായിരുന്നു; ആദ്യ കാർ നിരത്തിലെത്തിയത് 2011ലും. 6,100 കോടി രൂപ ചെലവിൽ സ്ഥാപിച്ച ശാലയിൽ നിർമിച്ച കാറുകൾ ആഭ്യന്തര വിപണിക്കു പുറമെ നൂറിലേറെ വിദേശ രാജ്യങ്ങളിലും കയറ്റുമതി വഴി വിൽപ്പനയ്ക്കെത്തുന്നുണ്ട്. ഗവേഷണ, വികസന വിഭാഗത്തിന്റെയും സേവനം ലഭ്യമാവുന്ന ശാലയിൽ 12,000 പേർക്കു പ്രത്യക്ഷമായും നാൽപതിനായിരത്തിലേറെ പേർക്കു പരോക്ഷമായും ജോലി ലഭിക്കുന്നുണ്ട്.

Renault Kwid

ഉൽപ്പാദനം 10 ലക്ഷം യൂണിറ്റിലെത്തിക്കുക വഴി ഉജ്വല നേട്ടമാണു ചെന്നൈയിലെ ശാല കൈവരിച്ചതെന്ന് നിസ്സാൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് ആൻഡ് ഇന്ത്യ ചെയർമാൻ ക്രിസ്ത്യൻ മാർഡ്രസ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ കമ്പനിയുടെ വളർച്ചയിൽ ചെന്നൈ ശാല നിർണായക സംഭാവന നൽകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിസ്സാൻ റെനോ മോഡലുകൾക്ക് സ്വദേശത്തും വിദേശത്തുമുള്ള സ്വീകാര്യതയ്ക്കൊപ്പം ശാലയിലെ ജീവനക്കാരുടെ കഴിവിനും ആത്മസമർപ്പണത്തിനുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Renault Pulse

ചെന്നൈ ശാലയുമായി ബന്ധപ്പെട്ടവർക്കെല്ലാം അഭിമാനകരമായ ദിനമാണിതെന്നായിരുന്നു റെനോ നിസ്സാൻ അലയൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റ് മാനേജിങ് ഡയറക്ടർ കോളിൻ മക്ഡൊണാൾഡിന്റെ പ്രതികരണം. റെനോ, നിസ്സാൻ, ഡാറ്റ്സൻ ബ്രാൻഡുകളിലായി 2010 മുതൽ വർഷം തോറും മൂന്നു പുതിയ മോഡലുകൾ ശാല പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. പോരെങ്കിൽ റെനോ, നിസ്സാൻ, ഡാറ്റ്സൻ ബ്രാൻഡുകളിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിയ കാറുകളെല്ലാം നിർമിച്ചതും ചെന്നൈയിലെ ഈ ശാലയാണ്. ഉൽപ്പാദനം 10 ലക്ഷം തികച്ച ‘മൈക്ര’യ്ക്കു തൊട്ടു മുമ്പ് പുറത്തെത്തിയത് ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ച, റെനോയുടെ ചെറുഹാച്ച്ബാക്കായ ‘ക്വിഡ്’ ആയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.