നിസാൻ എക്സ് ട്രെയിൽ ഹൈബ്രിഡ് ഇന്ത്യയിലേക്ക്

ഇന്ത്യൻ വിപണിയിലെ ആദ്യ പൂർണ സങ്കര ഇന്ധന സ്പോർട് യൂട്ടിലിറ്റി വാഹനം(എസ് യു വി) അവതരിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ തയാറെടുക്കുന്നു. നടപ്പു സാമ്പത്തിക വർഷം തന്നെ ‘എക്സ് ട്രെയിൽ ഹൈബ്രിഡ്’ ഇന്ത്യയിലെത്തിക്കാനാണു കമ്പനിയുടെ തീരുമാനം. മികച്ച സാങ്കേതികവിദ്യ അവരിപ്പിച്ചു ബ്രാൻഡ് പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന തന്ത്രമാണു നിസ്സാൻ പരീക്ഷിക്കുന്നത്. നിലവിൽ രണ്ടു ശതമാനത്തിൽ താഴെയുള്ള വിപണി വിഹിതം 2020ൽ അഞ്ചു ശതമാനത്തോളമായി ഉയർത്താൻ ഇത്തരം നടപടികൾ അത്യാവശ്യമാണെന്നും കമ്പനി കരുതുന്നു.

യു എസ് പോലുള്ള ലോക വിപണികളിൽ ജനപ്രീതിയാർജിച്ച ‘എക്സ് ട്രെയിൽ ഹൈബ്രിഡ്’ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു വിൽക്കാനാണു പദ്ധതിയെന്നും നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഗിലോം സികാർഡ് വ്യക്തമാക്കി. പെട്രോൾ എൻജിനൊപ്പം വൈദ്യുത മോട്ടോറും കരുത്തേകുന്ന ഈ എസ് യു വി നിലവിൽ ഇനത്യയിൽ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. വൈദ്യുത മോട്ടോറിന്റെ പിൻബലത്തിൽ ലീറ്ററിന് 20 കിലോമീറ്ററാണ് ‘എക്സ് ട്രെയിൽ ഹൈബ്രിഡി’നു നിസ്സാൻ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അതേസമയം കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ്(സി ബി യു) വ്യവസ്ഥയിൽ വിൽപ്പനയ്ക്കെത്തുന്ന എസ് യു വിയുടെ വിലയെപ്പറ്റി സൂചന പോലും സികാർഡ് നൽകിയില്ല.അടുത്ത അഞ്ചു മുതൽ 10 വർഷത്തിനകം നിസ്സാൻ ഇന്ത്യയിൽ ഗ്ലോബൽ ബ്രാൻഡായി മാറുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതിനായി നിസ്സാന്റെ രാജ്യാന്തര ശ്രേണിയിലെ കൂടുതൽ മോഡലുകൾ ഈ വിപണിയിൽ വിൽപ്പനയ്ക്കെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ വൈദ്യുത കാർ വിപണി ശൈശവ ദശയിലാണെന്നതും ബാറ്ററികൾക്കുള്ള ഉയർന്ന വിലയും പരിഗണിച്ച് ഇത്തരം കാറുകൾക്കുള്ള സബ്സിഡി കേന്ദ്ര സർക്കാർ വ്യാപകമാക്കണമെന്നാണു നിസ്സാന്റെ നിലപാട്. ഇന്ത്യയിൽ ബാറ്ററി റീചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യം വിപുലീകരിക്കണമെന്നും വൈദ്യുത കാർ നിർമാണ മേഖലയിൽ ആഗോളതലത്തിൽ തന്നെ മുൻനിരയിലുള്ള കമ്പനിയായ നിസ്സാൻ കരുതുന്നു. കഴിഞ്ഞ വർഷം 40,000 കാറുകളാണ് നിസ്സാൻ ഇന്ത്യയിൽ വിറ്റത്; ഇക്കൊല്ലം നില ഗണ്യമായി മെച്ചപ്പെടുമെന്നു സികാർഡ് വ്യക്തമാക്കി. 2020ൽ രണ്ടര ലക്ഷം യൂണിറ്റ് വിൽപ്പനയോടെ അഞ്ചു ശമതാനം വിപണി വിഹിതമാണ് നിസ്സാൻ ഇന്ത്യയിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി വരുംവർഷങ്ങളിൽ നിസ്സാൻ ഓരോ പുതിയ മോഡൽ വീതം ഇന്ത്യയിൽ അവതരിപ്പിക്കും. നിലവിൽ നിസ്സാനും ബജറ്റ് ബ്രാൻഡായ ഡാറ്റ്സനും മൂന്നു വീതം മോഡലുകളാണ് ഇന്ത്യയിലുള്ളത്.