റോഡ് മോശമെങ്കിൽ ടോളില്ല

മോശവും സഞ്ചാര യോഗ്യമല്ലാത്തതുമായ റോഡുകൾക്ക് പലപ്പോഴും കൂടിയ ടോൾ നൽകാൻ വിധിക്കപ്പെടുന്നവരാണ് നാം. ഇതിനെതിരെ പ്രതികരിച്ചാലും അധികാരികളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയൊന്നും ലഭിക്കാറില്ല. എന്നാൽ ഇനി മോശം റോഡാണെങ്കിൽ ടോൾ പിരിക്കരുതെന്നാണ് സുപ്രീം കോടതി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. എൻഎച്ച് 53 ലെ റായ്പൂർ മുതൽ ദുർഗ് വരെയുള്ള 26 കിലോമീറ്റർ പൊട്ടിപ്പൊളിഞ്ഞ ശോചനീയമായ അവസ്ഥയിലായിട്ടും ടോൾ പിരിക്കുന്നതിനക്കുറിച്ച് ലഭിച്ച പരാതിയിന്മേലുള്ള വിധിയിലാണ് എൻഎച്ച്എഐക്ക് സൂപ്രീം കോടതി നിർദ്ദേശം നൽകിയത്. കൂടാതെ റോഡിന്റെ അവസ്ഥ പരിശോധിക്കുന്നതിനായി രണ്ടംഗ കമ്മറ്റിയേയും സുപ്രീം കോടതി നിയമിച്ചു.

എൻഎച്ച് 53 യിൽ മാത്രമല്ല രാജ്യത്തൊരിടത്തും തകർന്ന റോഡിന് ടോൾപിരിക്കരുതെന്നും കോടതി വിധിച്ചിട്ടുണ്ട്. തകർന്ന് കിടക്കുന്ന എൻഎച്ച് 53 ൽ നിന്ന് കരാറുകാരൻ പിരിച്ച 11 കോടി രൂപ കേന്ദ്രസർക്കാരിലേയ്ക്ക് തിരിച്ചടയ്ക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റായ്പൂർ ദുർഗ റോഡ് പൂർണ്ണമായിട്ടും തകർന്നിട്ടില്ലെന്നും ചിലഭാഗങ്ങൾ സഞ്ചാര യോഗ്യമാണെന്നുമുള്ള കേന്ദ്രസർക്കാറിന്റെ വാദം അംഗീകരിച്ച് നിലവിലുള്ള ടോളിന്റെ 20 ശതമാനം പിരിക്കാനുള്ള അനുമതി കോടതി നൽകിയിട്ടുണ്ട്.

2003 ലാണ് ബിഒടി അടിസ്ഥാനത്തിൽ ഡിഎസ്ജി വെഞ്ചുവേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് റോഡ് നിർമ്മിക്കാനുള്ള അനുമതി എൻഎച്ച്എഐ നൽകിയത്. ലാൽ മോഹൻ പണ്ഡെ എന്ന ആളുടെ പരാതിയിന്മേലാണ് കോടതി ഇപ്രകാരം വിധിച്ചിരിക്കുന്നത്. നേരത്തെ ഛത്തീസ്ഗഡ് ഹൈക്കോടതിയും റായ്പൂർ ദൂർഗ റോഡിൽ ടോൾ പിരിക്കുന്നതിനെതിരായി വിധി പുറപ്പെടുവിച്ചിരുന്നു. അതിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിൽ സമർപ്പിച്ച ഹർജിയിന്മേലാണ് തകർന്ന റോഡുകളിൽ നിന്ന് ടോൾ ഒഴിവാക്കണമെന്ന വിധി സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.