നൊർവീജിയന്റെ ‘ഡ്രീം ലൈനറി’നു റോൾസ് റോയ്സ് കരുത്ത്

സ്കാൻഡിനേവിയൻ എയർലൈനായ നൊർവീജിയൻ വാങ്ങുന്ന പുത്തൻ ബോയിങ് വിമാനങ്ങൾക്കുള്ള എൻജിൻ ലഭ്യമാക്കാനുള്ള കരാർ ബ്രിട്ടീഷ് നിർമാതാക്കളായ റോൾസ് റോയ്സിന്. 270 കോടി ഡോളർ (ഏകദേശം 18,347 കോടി രൂപ) മൂല്യമുള്ളതാണു കരാർ.

യു എസ് നിർമാതാക്കളായ ബോയിങ്ങിൽ നിന്ന് പത്തൊമ്പതു ‘787 ഡ്രീംലൈനർ’ വിമാനങ്ങളാണു നൊർവീജിയൻ വാങ്ങുന്നത്. ഇവയ്ക്ക് റോൾസ് റോയ്സിന്റെ ‘ട്രെന്റ് 1000’ എൻജിനുകൾ ഉപയോഗിക്കാനാണ് എയർലൈൻ തീരുമാനിച്ചിരിക്കുന്നത്. എൻജിൻ വിലയും ഇവയുടെ ദീർഘകാല പരിപാലനവുമടക്കമാണ് റോൾസ് റോയ്സും നൊർവീജിയനുമായി ഒപ്പിട്ട 270 കോടി ഡോളറിന്റെ കരാർ. കൂടാതെ നൊർവീജിയൻ പാട്ടത്തിനെടുക്കുന്ന 11 ‘ബോയിങ് 787 ഡ്രീംലൈനർ’ വിമാനങ്ങളുടെ എൻജിനുകളുടെ വിൽപ്പനനാന്തര സേവനവും ഈ കരാറിന്റെ ഭാഗമാണ്.

പുതിയ കരാറോടെ റോൾസ് റോയ്സുമായുള്ള ബന്ധം കൂടുതൽ ദൃഢമാവുകയാണെന്നു നൊർവീജിയൻചീഫ് എക്സിക്യൂട്ടീവ് ജോർൺ ജോസ് അഭിപ്രായപ്പെട്ടു. ‘ട്രെന്റ് 1000’ എൻജിന്റെ പുത്തൻ വകഭേദം കരുത്തേകുന്ന വിമാനങ്ങളിൽ കമ്പനിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇപ്പോൾ ഓർഡർ നൽകിയതിനു പുറമെ 10 പുതിയ ‘ബോയിങ് 787 ഡ്രീംലൈനർ’ കൂടി വാങ്ങാനുള്ള ഓപ്ഷനും നൊർവീജിയൻ നിലനിർത്തിയിട്ടുണ്ട്. ഈ വിമാനങ്ങൾ വാങ്ങാൻ എയർലൈൻ തീരുമാനിച്ചാൽ അവയ്ക്കും കരുത്തേകുക ‘ട്രെന്റ് 1000’ എൻജിനുകളാവുമെന്നു റോൾസ് റോയ്സ് വ്യക്തമാക്കി.