വൻ വിലക്കുറവിൽ കാറുകൾ: ഡസ്റ്ററിന് 1.20 ലക്ഷം രൂപ വരെ ഓഫർ

ദീപാവലി ആഘോഷങ്ങൾ അവസാനിച്ചെങ്കിലും വാഹന നിർമ്മാതാക്കൾക്ക് ആഘോഷങ്ങൾ തുടരുകയാണ്. നിർമ്മാതാക്കൾക്ക് പുതിയ ഉപഭോക്താവിനെ സൃഷ്ടിക്കാനുള്ള അവസരമാണ് ആഘോഷങ്ങൾ കൊണ്ടുതരുന്നത്. അതുകൊണ്ടുതന്നെ ഓഫറുകളുടെ നീണ്ട നിരയാണ് വാഹന നിർമ്മാതാക്കൾ പ്രഖ്യപിച്ചിട്ടുള്ളത്. മികച്ച ഇളവുകൾ പ്രഖ്യാപിച്ച കാറുകൾ ഏതെന്ന് നോക്കാം.

ഫീയറ്റ് പുന്തോ ഇവോ

ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളുമായി ഫീയറ്റിന്റെ ചെറു ഹാച്ചായ പുന്തോ ഇവോ എത്തിയിരിക്കുന്നത്. 70000 രൂപവരെ ഇളവുകളാണ് പുന്തോയ്ക്ക് ഫീയറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 30000 രൂപവരെ ക്യാഷ് സേവിംഗും 25000 രൂപ എക്സ്ചേഞ്ച് ബോണസും 5000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ഫീയറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ ഫീയറ്റ് കസ്റ്റമേഴ്സിന് 10000 രൂപ ലോയലിറ്റി ബോണസും ഫീയറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോൾ ഡീസൽ വേരിയന്റുകൾക്ക് ഈ ഓഫറുകളുണ്ടാകും. 5.14 ലക്ഷം രൂപ മുതൽ 7.90 ലക്ഷം രൂപ വരെയാണ് പുന്തോയുടെ കൊച്ചി എക്സ്ഷോറൂം വിലകൾ.

ഹ്യുണ്ടേയ് ഗ്രാന്റ് ഐ10

കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ അഞ്ചാമത്തെ വാഹനമാണ് ഹ്യുണ്ടേയ് ഗ്രാന്റ് ഐ10. ഗ്രാന്റിന് ഏകദേശം 70000 രൂപയുടെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ്ചേഞ്ച് ബോണസ് 40000 രൂപയും ക്യാഷ് ബെനഫിറ്റ് 8000 രൂപയും 22000 രൂപയുടെ സൗജന്യ ഇൻഷ്യറൻസും അടക്കമാണ് 70000 രൂപയുടെ ഓഫർ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 4.80 ലക്ഷം രൂപ മുതൽ 6.93 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ഐ10 ന്റെ കൊച്ചി എക്സ്ഷോറൂം വിലകൾ.

ഷെവർലെ ബീറ്റ്

ഷെവർലെയും കൊച്ചു സുന്ദരി ബീറ്റിന് 60000 രൂപയുടെ വരെ ഓഫറാണുള്ളത്. 40000 രൂപ ക്യാൻ ഡിസ്കൗണ്ടും 20000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കമാണ് 40000 രൂപ ഇളവ്. കൂടാതെ മൂന്ന് വർഷത്തെ മെയ്ന്റനൻസ് പ്രാക്കേജും, 3+2 വർഷ വാറന്റിയും ഷെവർലെ കുറഞ്ഞ നിരക്കിൽ നൽകുന്നുണ്ട്. 4.31 ലക്ഷം രൂപ മുതൽ 6.43 ലക്ഷം രൂപവരെയാണ് ബീറ്റിന്റെ കൊച്ചി എക്സ്ഷോറൂം വില.

ടാറ്റ നാനോ

കഴിഞ്ഞ മെയ്‌ മാസത്തിൽ പുറത്തിറക്കിയ ജെൻഎക്സ് നാനോയ്ക്കാണ് ടാറ്റ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. 37000 രൂപ വരെയാണ് നാനോയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ. 15000 രൂപ ക്യാഷ് ഓഫറും 20000 രൂപ എക്ചേഞ്ച് ഓഫറും ചേർന്നാണ് 37000 രൂപയുടെ ഇളവ്. എന്നാൽ നാനോയുടെ എഎംടി വകഭേദത്തിന് ഈ ഓഫറുകൾ ബാധകമല്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2.16 ലക്ഷം മുതൽ 2.87 ലക്ഷം വരെയാണ് നാനോയുടെ കൊച്ചി എക്സ് ഷോറൂം വിലകൾ.

റെനോ ഡസ്റ്റർ

ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളുമായാണ് റെനോ എത്തിയിരിക്കുന്നത് 1.2 ലക്ഷം രൂപയുടെ ഓഫറുകളാണ് തങ്ങളുടെ ചെറു എസ് യു വിയായ ഡസ്റ്ററിന് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ വകഭേദത്തിനും അനുസരിച്ചാണ് ഓഫറുകളില്‍ മാറ്റം വരുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുണ്ട്. 9.11 ലക്ഷം രൂപ മുതൽ 11.8 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിന്റെ കൊച്ചി എക്സ് ഷോറൂം വില.

എസ് ക്രോസ്

മാരുതി തങ്ങളുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലൂടെ വിൽക്കുന്ന ക്രോസ് ഓവർ എസ് ക്രോസിന് ഏകദേശം 90000 രൂപയുടെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ മാരുതി കാറുകൾ ഉപയോഗിക്കുന്ന ഉപഭോക്താവിന് 40000 രൂപയുടെ ലോയലിറ്റി ഓഫർ കമ്പനി നൽകുന്നുണ്ട്. കൂടാതെ 40000 രൂപ ക്യാഷ് ബെനഫിറ്റും മാരുതി ഫിനാൻസിലൂടെ വാഹനം സ്വന്തമാക്കുകയാണെങ്കിൽ 50000 രൂപയുടെ ഓഫറുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 8.78 ലക്ഷം രൂപ മുതൽ 13.51 ലക്ഷം രൂപ വരെയാണ് എസ് ക്രോസിന്റെ കൊച്ചി എക്സ് ഷോറൂം വിലകള്‍.

ടാറ്റ സെസ്റ്റ്

ടാറ്റയുടെ മാറുന്ന മുഖവുമായി എത്തിയ സെസ്റ്റിന് 47000 രൂപ വരെ ഇളവുകളാണ് കമ്പനി നൽകുക. കോംപാക്റ്റ് സെഡാനായ സെസ്റ്റിന് ടാറ്റ 25000 രൂപ എക്സ്ചേഞ്ച് ബോണസും 20000 രൂപ ഇളവും 2000 രൂപ കോർപ്പറേറ്റ് ബോണസും ചേർന്നതാണ് 47000 രൂപയുടെ ഇളവ്.