ഓള്‍ട്ടോ തന്നെ വിൽപ്പനയിൽ ഒന്നാമത്

ഒക്ടോബര്‍ മാസത്തിലെ വിൽപ്പനയിൽ കോംപാക്റ്റ് സെ‍ഡാനായ സ്വിഫ്റ്റ് ഡിസയർ ഓൾട്ടോയെ പിന്നിലാക്കിയെങ്കിലും നവംബറിൽ ഇന്ത്യയുടെ ജനപ്രിയ കാർ വീണ്ടും ഒന്നാമതെത്തി. നവംബർ മാസത്തിൽ ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ കാറുകൾ ഏതൊക്കെയെന്ന് നോക്കാം.

മാരുതി സുസുക്കി ഓൾട്ടോ

ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ കാർ എന്ന ഖ്യതി മാരുതി 800ൽ നിന്ന് ഓൾട്ടോ കൈക്കലാക്കിയ ഓൾട്ടോയുടെ വിൽപ്പനയ്ക്ക് ഇടിവുണ്ടെങ്കിലും ഒന്നാം സ്ഥാനം ഓൾട്ടോയ്ക്ക് തന്നെ. 21995 ഓൾട്ടോകളാണ് നവംബറിൽ ഇന്ത്യയിലാകെമാനം വിറ്റത്.

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

കോപാക്റ്റ് സെഡാൻ സെഗ്മെന്റിലെ മികച്ച കാറുകളിലൊന്ന് എന്ന കരുത്തിലാണ് ഡിസയർ രണ്ടാം സ്ഥാനത്തെത്തിയത്. ഭംഗിയും യാത്രസുഖവുമെല്ലാം ഒത്തിണങ്ങിയ ഡിസയറിന്റെ 18826 യൂണിറ്റുകളാണ് ഇന്ത്യയിലാകെമാനം നവംബറിൽ വിറ്റത്.

മാരുതി സുസുക്കി വാഗൺ ആർ

ഓക്ടോബറിൽ നാലാം സ്ഥാനത്തായിരുന്ന വാഗൺ ആർ ഒരു സ്ഥാനം ഉയർത്തി മൂന്നാം സ്ഥാനത്തെത്തി വാഗൺ ആർ. 1999 ൽ പുറത്തിറങ്ങിയ വാഗൺ ആറിന് 2003 ലും 2006 ലും 2010 ലും കാതലായ മാറ്റങ്ങൾ സംഭവിച്ചാണ് ഇന്ന് കാണുന്ന രൂപത്തിലാകുന്നത്. 13986 വാഗൺ ആറുകളാണ് കഴിഞ്ഞ മാസം മാത്രം ഇന്ത്യയിലാകെ വിറ്റത്.

ഹ്യുണ്ടേയ് ഐ10 ഗ്രാന്റ്

പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റിലേയ്ക്ക് പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന കാർ എന്ന ലേബലിൽ 2013 ൽ ഇന്ത്യൻ വിപണിയിലെത്തിയ കാറാണ് ഐ10 ഗ്രാന്റ്. സെഗ്‌മെന്റിൽ അന്നുവരെ കാണാത്ത ഫീച്ചറുകളും മികച്ച സ്റ്റൈലും ഐ10 ഗ്രാന്റിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഞ്ചാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേയ്ക്കുള്ള ഉയർച്ചയാണ് ഗ്രാൻഡിനെ നവംബർ മാസത്തിലെ താരമാക്കുന്നത്. നവംബറിൽ മാത്രം 12899 യൂണിറ്റ് ഐ 10 ഗ്രാന്റുകളാണ് ഇന്ത്യയിലാകെമാനം വിറ്റത്.

മാരുതി സുസുക്കി സ്വിഫ്റ്റ്

ഇടത്തരക്കാരുടെ ഇഷ്ടവാഹനമാണ് സ്വിഫ്റ്റ്. സ്റ്റൈലും കരുത്തും ഒരുപോലെ ഒത്തിണങ്ങിയ കാറിന്റെ സെഗ്‌മെന്റിലേയ്ക്ക് മറ്റ് പലവാഹനങ്ങളും കടന്നുവരുന്നുണ്ടെങ്കിലും ടോപ്പ് 5 ലെ സ്ഥിരം സാന്നിധ്യമാണ് മാരുതി സ്വിഫ്റ്റ്. 11859 സ്വിഫ്റ്റുകളാണ് ഇന്ത്യയിൽ ആകെമാനം നവംബറിൽ വിറ്റത്.