ഇന്ത്യ-പാക്ക് അതിർത്തി തകർത്ത സ്കോർപ്പിയോ

അതിർത്തിക്കപ്പുറം പാക്കിസ്താനിലെ നന്ങ്കണാ സാഹിബിലെ ഗുരുദ്വാരയിലേയ്ക്ക് തന്റെ സ്കോർപ്പിയോയിൽ പുറപ്പെട്ടതാണ് സരീന്ദർ സിങ് കാങ്. പുലർച്ചെ മൂന്നു മണിയോട് അടുത്തായിരുന്നതിനാൽ സരീന്ദറിന് ആരെയും ശല്യപ്പെടുത്താൻ തോന്നിയില്ല നേരെ ചെന്ന് വാഗ അതിർത്തിയിലെ ഇന്ത്യൻ ഗെയ്റ്റിൽ ഒറ്റയിടി, ഇന്ത്യൻ ഗെയ്റ്റ് തകർത്ത സ്പോർപ്പിയോ പാക്കിസ്ഥാൻ ഗെയ്റ്റിൽ ഇടിച്ചാണ് നിന്നത്. അതിർത്തി കടന്ന സ്പോർപ്പിയോയെ പാക്കിസ്ഥാനും അതിർത്തി കടക്കാത്ത സരീന്ദറിനെ ഇന്ത്യയും കസ്റ്റഡിയിലെടുത്തു.

പാക്കിസ്ഥാൻ ഗെയിറ്റിൽ ഇടിച്ചു നിൽക്കുന്ന സ്കോർപ്പിയോ, പാക്ക് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രം

ബിഎസ്എഫ് കസ്റ്റഡിയിലെടുത്തപ്പോൾ വളരെ ശാന്തനായി കാണപ്പെട്ട ഇയാൾ ചോദ്യ ചെയ്തപ്പോൾ‌ പാട്ടുപാടുക മാത്രമാണ് ചെയ്തതത്രേ. മാനസിക അസ്വാസ്ഥ്യങ്ങളുള്ള ഇയാള്‍ അതിർത്തിക്ക് തൊട്ടപ്പുറമുള്ള ഗുരുദ്വാറിലേക്ക് വിസയൊക്കെ സംഘടിപ്പിച്ച് പോകാൻ പ്രയാസമായതിനാല്‍ എളുപ്പവഴി തേടുകയായിരുന്നു. ജന്മം കൊണ്ട് ഇന്ത്യക്കാരനാണെങ്കിലും 1995 മുതൽ കനേ‍ഡിയൻ പൗരനായ ഇയാള്‍ നവംബർ 5ന് അഞ്ചു മാസത്തെ വിസയിൽ നാട്ടിലെത്തിയതാണ്.

അതിവേഗതയിൽ വന്ന വാഹനം തങ്ങളുടെ മറികടന്ന് ഗെയ്റ്റിൽ ഇടിക്കുകയായിരുന്നു എന്നാണ് ബിഎസ്എഫ് പറഞ്ഞത്. അതിർത്തിക്കപ്പുറം പോയ സ്കോർപ്പിയോ പാക്കിസ്ഥാൻ അതിർത്തി കാക്കുന്ന പഞ്ചാബ് റെയ്ഞ്ചേള്സ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് തിരികെ നൽകി. തീവ്രവാദ ആക്രമങ്ങളുടെ പേരിൽ കനത്ത സുരക്ഷ നിലനിൽക്കുന്ന അതിർത്തിയിലെ വൻ സുരക്ഷാ വിഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. പാകിസ്താൻ അതിർത്തി കാക്കുന്ന പഞ്ചാബ് റെയ്ഞ്ചേഴ്സ് ഈ വിഷയത്തിൽ ബിഎസ്എഫിന് കത്തെഴുതിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളിൽ സംഭവിച്ച പാളിച്ച അന്വേഷിക്കണമെന്നാണ് ആവശ്യം.