ഒന്നാം നമ്പറിന്റെ വില 32.79 കോടി രൂപ

Photo Courtesy: Facebook

ഫാൻസി നമ്പറുകളുടെ ലേലത്തിലൂടെ കേരളത്തിലും മറ്റും ലഭിക്കുന്ന വരുമാനം ലക്ഷങ്ങളിൽ ഒതുങ്ങുമ്പോൾ യു എ ഇയിൽ ‘ഒന്ന്’ എന്ന റജിസ്ട്രേഷൻ പ്ലേറ്റ് വിറ്റുപോയത് കോടികൾക്ക്. 49 ലക്ഷം ഡോളർ (ഏകദേശം 32.79 കോടി രൂപ) മുടക്കിയാണ് എമിറേറ്റ്സിലെ ബിസിനസുകാരനായ ആരിഫ് അഹമ്മദ് അൽ സറൂണി ഈ നമ്പർ സ്വന്തമാക്കിയത്. എല്ലായ്പ്പോഴും ഒന്നാമനാകുകയാണു തന്റെ ലക്ഷ്യമെന്നായിരുന്നു വാശിയേറിയ ലേലത്തിലൂടെ ഒന്നാം നമ്പർ സ്വന്തമാക്കിയ സറൂണിയുടെ പ്രതികരണം. നമ്പറിനു നിശ്ചയിച്ചിരുന്ന അടിസ്ഥാന നിരക്കിന്റെ 18 ഇരട്ടിയാണു സറൂണി വാഗ്ദാനം ചെയ്തത്.

അതേസമയം, യു എ ഇയിൽ റജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് ലേലത്തിൽ ഇതുവരെ ലഭിച്ചതിലെ റെക്കോർഡ് ഈ തുകയിലുമൊക്കെ വളരെ കൂടുതലാണ്. 2008ൽ യു എ ഇയിലെ ഏഴ് എമിറേറ്റുകളിൽ ഏറ്റവും സമ്പന്നരായ അബുദാബിയിൽ നടന്ന ലേലത്തിലാണ് ‘ഒന്ന്’ എന്ന നമ്പറിന് 1.42 കോടി ഡോളർ(ഇപ്പോഴത്തെ വിനിമയ നിരക്കിൽ 95.03 കോടി രൂപ) വില ലഭിച്ചത്. സറൂണി ‘ഒന്ന്’ എന്ന നമ്പർ വാങ്ങിയത് സമ്പന്നതയിൽ മൂന്നാം സ്ഥാനത്തുള്ള എമിറേറ്റായ ഷാർജയിലേക്കാണ്.

ജനപ്രീതിയിൽ മുന്നിലുള്ള 60 നമ്പറുകൾക്കു വേണ്ടിയായിരുന്നു ശനിയാഴ്ച ലേലം നടന്നത്. 12, 22, 50, 100, 333, 777, 1000, 2016, 2020, 99999 എന്നീ നമ്പറുകൾക്കായിരുന്നു ആവശ്യക്കാരേറെ. മൊത്തം 1.36 കോടി ഡോളർ(ഏകദേശം 91.01 കോടി രൂപ) ആയിരുന്നു ഷാർജയിലെ ഫാൻസി നമ്പർ ലേലത്തിൽ നിന്നുള്ള മൊത്തം വരുമാനം.