ബാറ്ററിയിൽ ഓടുന്ന ബസ്സുകളുടെ റേഞ്ച് ഇരട്ടിയാക്കാൻ ഒപ്റ്റെയർ

Optare E Bus

ബാറ്ററിയിൽ ഓടുന്ന ബസ്സുകളുടെ സഞ്ചാര പരിധി ദീർഘിപ്പിക്കാൻ അശോക് ലേയ്ലൻഡിന്റെ ഉടമസ്ഥതയിലുള്ള ഒപ്റ്റെയറിനു പദ്ധതി. ‘മെട്രോസിറ്റി’, ‘സോളോ’ തുടങ്ങിയ വൈദ്യുത ബസ്സുകളുടെ റേഞ്ച് 200 മൈൽ(360 കിലോമീറ്റർ) ആയി ഉയർത്താനാണ് ഒപ്റ്റെയറിന്റെ ലക്ഷ്യമിടുന്നത്. യാത്രക്കാർക്കു ലഭ്യമായ സ്ഥലത്തിൽ കുറവു വരുത്താത തന്നെ ഈ നേട്ടം കൈവരിക്കാനാണു കമ്പനിയുടെ ശ്രമം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസന പരിപാടികൾ പൂർത്തിയാവുന്നതോടെ ഒറ്റത്തവണ ചാർജ് ചെയ്താൽ വൈദ്യുത ബസ്സുകൾ പിന്നിടുന്ന ദൂരപരിധി ഇരട്ടിയോളമായി ഉയരുമെന്ന് ഒപ്റ്റെയർ എൻജിനീയറിങ് ഡയറക്ടർ അലെസ്റ്റർ മൺറോ അറിയിച്ചു. സാങ്കേതികതലത്തിൽ മുന്നിലുള്ള മാതൃസ്ഥാപനമായ അശോക് ലേയ്ലൻഡിന്റെ പിന്തുണയോടെ ആരംഭിച്ച പരിപാടിയിൽ റേഞ്ച് ദീർഘിപ്പിക്കലിന്റെ പൂർണ ചുമതല ഒപ്റ്റെയറിനാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ഘട്ടത്തിൽ ഇരുകമ്പനികളും സഹകരിച്ചാവും വികസന പദ്ധതി നടപ്പാക്കുകയെന്നും മൺറോ വെളിപ്പെടുത്തി.

പ്രകടനക്ഷമതയേറിയ മോട്ടോറുകളെയും ട്രാൻസ്മിഷനുകളെയും സംയോജിപ്പി ക്കുന്നതാണു പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളി. ആയുർദൈർഘ്യമേറിയ ബാറ്ററികളും മറ്റും വികസിപ്പിക്കുന്നതിലും അവയുടെ പാക്കേജിങ്ങിലുമൊക്കെ ഒപ്റ്റെയർ ശ്രദ്ധ ചെലുത്തുന്നുണ്ട്.ബസ്സിന്റെ താപനില ക്രമീകരിക്കുന്നതിൽ വിജയിച്ചാൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും പിന്നിടുന്ന ദൂരവും വർധിപ്പിക്കാനാവുമെന്നാണ് മൺറോയുടെ വിലയിരുത്തൽ. ഇത്തരത്തിൽ ഊർജ വിനിയോഗ രീതി തന്നെ പരിഷ്കരിക്കണം; ഏറ്റവും മികച്ച രീതിയിൽ ഊർജം ചെലവിടാനുള്ള മാർഗങ്ങളാണു പദ്ധതി പരിശോധിക്കുന്നത്. തലേരാത്രി ബസ്സിന്റെ അകത്തളം ചൂടാക്കുന്നതും തുടർന്ന് ഇൻസുലേഷൻ വഴി താപനഷ്ടം കുറയ്ക്കുന്നതുമൊക്കെ കമ്പനി പരിഗണിക്കുന്നുണ്ട്.

വൈദ്യുത ബസ്സിനെ സംബന്ധിച്ചിടത്തോളം എന്തും സാധ്യമാണ്; പക്ഷേ യാഥാർഥ്യബോധം കൈവിടാതെ വേണം ഇത്തരം നൂതന സാങ്കേതികവിദ്യകൾ സ്വായത്തമാക്കാനെന്നു മൺറോ ഓർമിപ്പിച്ചു. പ്രകടനക്ഷമതയേറിയ ബാറ്ററികൾ സഹിതം ഇത്തരം ബസ്സുകൾ പുറത്തിറക്കാമെങ്കിലും വില ക്രമാതീതമായി ഉയരുമെന്ന ന്യൂനതയുണ്ട്. അതുകൊണ്ടുതന്നെ വാഹന ഭാരം, യാത്രക്കാരുടെ എണ്ണം, വാഹന വില തുടങ്ങി വ്യത്യസ്ത ഘടങ്ങൾക്കിടയിലെ സന്തുലനമാണ് ഈ വിഭാഗത്തിൽ ജയപരാജയങ്ങൾ നിർണയിക്കുകയെന്ന് അദ്ദേഹം വിശദീകരിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച ബസ്സിന്റെയും ഇരട്ടി റേഞ്ചോടെ പുറത്തിറക്കുന്ന ആറ് ‘സോളോ’ ഇ വികളുടെയും നിർമാണം ഷെർബൺ ഇൻ എൽമെറ്റ് പ്ലാന്റിൽ ആരംഭിച്ചിട്ടുണ്ട്. ജൂണോടെ ബസ് നിർമാണം പൂർത്തിയാക്കാനാണ് ഒപ്റ്റെയർ ലക്ഷ്യമിടുന്നത്. വർഷാവസാനത്തോടെ ബാറ്ററിയിൽ ഓടുന്ന ഡബിൾ ഡക്കർ ബസ്സായ ‘മെട്രോഡക്കറും’ പുറത്തെത്തുമെന്ന് മൺറോ അറിയിച്ചു.