റോയൽ എൻഫീൽഡ് ഹിമാലയനെ തിരിച്ചു വിളിക്കുന്നു

അടുത്തിടെ പുറത്തിറങ്ങിയ അഡ്വഞ്ചർ ടൂറർ ബൈക്ക് ഹിമാലയനെ റോയൽ എൻഫീൽഡ് തിരിച്ചു വിളിക്കുന്നുവെന്നു റിപ്പോർട്ട്. ചില ബൈക്കുകളിലെ റോക്കർ ഷാഫ്റ്റിനും ക്ലച്ച് അസംബ്ലിക്കും തകരാർ കണ്ടെത്തിയതിനെ തുടർന്നാണു ബൈക്കുകൾ തിരിച്ചു വിളിക്കാൻ ഒരുങ്ങുന്നതെന്നും തകരാർ കണ്ടെത്തിയ ഭാഗങ്ങൾ കമ്പനി സൗജന്യമായി മാറ്റി നൽകും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേ സമയം ഹിമാലയൻ തിരിച്ചു വിളിക്കുന്നതിനെപറ്റിയുള്ള വാർത്തകളോട് കമ്പനി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്നുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വ്യത്യസ്തനായ റോയൽ എൻഫീൽഡ് ബൈക്ക് എന്ന ടാഗ്‌ലൈനോടെയാണു ഹിമാലയൻ കമ്പനി അവതരിപ്പിച്ചത്. എൻഫീൽഡ് പുതിയതായി വികസിപ്പിച്ച 411 സി സി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഹിമാലയനിൽ. 6500 ആർപിഎമ്മിൽ 24.50 ബിഎച്ച്പി കരുത്തും 4000–4500 ആർപിഎമ്മിൽ 32 എൻഎമ്മുമാണ് ടോർക്ക്. റോയൽ എൻഫീൽഡിന്റെ നിലവിലുള്ള ബൈക്കുകളുടെ ഘടകങ്ങള്‍ ഉപയോഗിക്കാതെയാണു ഹിമാലയനെ നിർമ്മിച്ചിരിക്കുന്നതെന്നു കമ്പനി അറിയിച്ചിരിക്കുന്നത്.

കൂടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച എന്‍ജിനു മെയിന്റനന്‍സ് കുറവായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 10,000 കിലോമീറ്റര്‍ ഇടവേളകളില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതി. എൻഫീൽഡിന്റെ ആദ്യ അഡ്വഞ്ചർ ടൂററിന് ഓഫ് റോഡിങ്ങിന് ഇണങ്ങും വിധം 220 മിമീ ഗ്രൗണ്ട് ക്ലിയറന്‍സാണ് നൽകിയിരിക്കുന്നത്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും റിം വലുപ്പം. ഭാരം 182 കിലോഗ്രാം. പിന്നിൽ മോണോ സസ്പെന്‍ഷനാണ് ഉപയോഗിക്കുന്നത്.