‘വെസ്പ’ സ്കൂട്ടറുകൾ നേപ്പാളിലുമെത്തി

പിയാജിയൊ ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹനങ്ങൾ നേപ്പാളിൽ വിൽപ്പനയ്ക്കെത്തി. ഇതാദ്യമായാണു പിയാജിയൊ ഇന്ത്യയുടെ സ്കൂട്ടറുകൾ വിദേശ വിപണിയിൽ അവതരിപ്പിക്കുന്നത്. കഠ്മണ്ഡുവിൽ അവതരിപ്പിച്ച ‘വെസ്പ വി എക്സി’ന് 2,49,946 നേപ്പാളി രൂപയാണു വില. ‘വെസ്പ എസ്’ സ്വന്തമാക്കാൻ 2,63,946 നേപ്പാളി രൂപ മുടക്കണം.

പിയാജിയൊ ഇന്ത്യ മാനേജിങ് ഡയറക്ടർ സ്റ്റെഫാനൊ പെല്ലിയുടെ സാന്നിധ്യത്തിൽ വിപുലമായ പരിപാടികളോടെയായിരുന്നു ‘വെസ്പ’യുടെ നേപ്പാളിലെ അരങ്ങേറ്റം. ആഗോളവൽക്കരണ തന്ത്രങ്ങളുടെ ഭാഗമായി ഏഷ്യയുടെ ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു കമ്പനിയുടെ തീരുമാനമെന്ന് അദ്ദേഹം വെളിപ്പെടുത്തി. നേപ്പാളിൽ പ്രീമിയം സ്കൂട്ടർ വിഭാഗത്തിനു തുടക്കമിടാൻ ‘വെസ്പ’ ശ്രേണിയുടെ വരവ് വഴി തെളിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ദേവ് ജ്യോതി ഗ്രൂപ്പിൽപെട് ഡി ലൈഫ് സ്റ്റൈൽസാണു വെസ്പയുടെ നേപ്പാളിലെ വിതരണക്കാർ.

ഡിസ്ക് ബ്രേക്ക്, ട്യൂബ് രഹിത ടയർ, സിംഗിൾ പീസ് മോണോകോക്ക് സ്റ്റീൽ ബോഡി തുടങ്ങിയവയോടെയാണു ‘വെസ്പ വി എക്സി’ന്റെയും ‘വെസ്പ എസി’ന്റെയും വരവ്. ഈ ഗീയർരഹിത സ്കൂട്ടറുകൾക്കു കരുത്തേകുന്നത് 125 സി സി, മൂന്നു വാൽവ് കാർബുറേറ്റഡ് എൻിജനാണ്. പരമാവധി 10പി എസ് കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക.

അഞ്ചു നിറങ്ങളിലാണു ‘വെസ്പ വി എക്സ്’ നേപ്പാളിൽ ലഭ്യമാവുക: ലൈം യെലോ, പോർട്ടൊവെനീർ ഗ്രീൻ, ഡ്രാഗൺ റെഡ്, മൊണ്ടെ ബിയാൻകൊ വൈറ്റ്, മിഡ്നൈറ്റ ബ്ലൂ). ടവോർമിന ഓറഞ്ച്, മൊണ്ടെ ബിയാൻകൊ വൈറ്റ്, ഡ്രാഗൺ റെഡ്, മാറ്റ് ബ്ലാക്ക് നിറങ്ങളിലാണു ‘വെസ്പ എസ്’ വിൽപ്പനയ്ക്കുള്ളത്.