വിൽപ്പനയിൽ മുന്നിലെത്തുക ലക്ഷ്യമല്ലെന്നു പിയാജിയൊ

വിൽപ്പനക്കണക്കിൽ മുന്നിലെത്തുന്നതു ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ പിയാജിയൊ ഇന്ത്യ. അതുകൊണ്ടുതന്നെ മുഖ്യധാരയിൽ ഇടംപിടിക്കുന്ന മോഡലുകളോടു മത്സരിക്കാനില്ലെന്നും ‘വെസ്പ’ ബ്രാൻഡിലെ പ്രീമിയം ഗീയർരഹിത സ്കൂട്ടറുകൾ നിർമിക്കുന്ന പിയാജിയൊ നയം വ്യക്തമാക്കുന്നു. ഇക്കൊല്ലം വിൽപ്പനയിൽ വർധനയുണ്ടെന്നും അതിൽ കമ്പനിക്ക് ആഹ്ലാദമുണ്ടെന്നുമാണ് പിയാജിയൊ വെഹിക്കിൾസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്റ്റെഫാനൊ പെല്ലി പറയുന്നത്. വർഷാവസാനത്തോടെ ഇന്ത്യയിലെ സ്കൂട്ടർ വിപണി 50 ലക്ഷം യൂണിറ്റിലെത്തുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു.

വിൽപ്പനക്കണക്കുകളിലല്ല കമ്പനി ശ്രദ്ധയൂന്നുന്നത്. എങ്കിലും വൻതോതിലുള്ള വിൽപ്പനയുടെ സാധ്യത ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങൾ പിയാജിയൊ നടത്തിയിരുന്നെന്ന് പെല്ലി അംഗീകരിക്കുന്നു. പക്ഷേ വിപണന സാധ്യതയെക്കുറിച്ചുള്ള അറിവുകൾ നേടിയതിനപ്പുറം ഈ പഠനം കൊണ്ടു പ്രയോജനമുണ്ടാവുമോ എന്നു കാലം തെളിയിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ദക്ഷിണേഷ്യയിലെ ആദ്യ മോട്ടോപ്ലെക്സ് സ്റ്റോറിന്റെ ഉദ്ഘാടനവേളയിൽ റേസിങ് ബൈക്കായ ‘ഏപ്രിലിയ’യിലായിരുന്നു പെല്ലിയുടെ വരവ്. ലൈഫ് സ്റ്റൈൽ സ്റ്റോർ വിഭാഗത്തിൽപെടുത്തി പിയാജിയൊ സാക്ഷാത്കരിച്ച മോട്ടോപ്ലെക്സിൽ ആഗോളതലത്തിൽ ഇറ്റാലിയൻ നിർമാതാക്കളുടെ ലോകപ്രശസ്ത ഇരുചക്രവാഹന ബ്രാൻഡുകളായ ഏപ്രിലിയയും മോട്ടോ ഗൂസിയുമാണ് ഇടംപിടിക്കുന്നത്. പക്ഷേ ഇന്ത്യയിൽ ഇവയ്ക്കൊപ്പം പിയാജിയോ പ്രാദേശികമായി നിർമിക്കുന്ന പ്രീമിയം സ്കൂട്ടറായ വെസ്പയ്ക്കും ഇടംനൽകിയിട്ടുണ്ട്.

യൂറോപ്പിലെ വിപണന ശൃംഖല പൊളിച്ചെഴുതാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു പിയാജിയൊ മോട്ടോപ്ലെക്സ് എന്ന ആശയത്തിലേക്കു തിരിഞ്ഞത്. പുതിയ കോർപറേറ്റ് വ്യക്തിത്വം കൈവരിക്കുന്നതിലൂടെ മാത്രമേ മാറ്റങ്ങൾ യാഥാർഥ്യമാവൂ എന്നും കമ്പനി വിലയിരുത്തി.

അങ്ങനെ ഒരു വർഷത്തോളം മുമ്പ് ഇറ്റലിയിലാണു പിയാജിയൊ മോട്ടോപ്ലെക്സ് എന്ന ആശയം യാഥാർഥ്യമാക്കുന്നത്; വടക്കൻ ഇറ്റലിയിലെ മാന്റോവയിലായിരുന്നു ആദ്യ സ്റ്റോർ. തുടർന്ന് ന്യൂയോർക്കിലും ഷാങ്ഹായിലും സിംഗപ്പൂരിലുമൊക്കെ പിയാജിയൊ മോട്ടോപ്ലെക്സ് തുറന്നു. അടുത്ത മാസത്തോടെ ആഗോളതലത്തിൽ മോട്ടോപ്ലെക്സുകളുടെ എണ്ണം 90 ആകുമെന്നു പെല്ലി വെളിപ്പെടുത്തുന്നു.

മോട്ടോപ്ലെക്സ് എന്നതു സാധാരണ ഇരുചക്രവാഹന വിൽപ്പനകേന്ദ്രമല്ലെന്നു പിയാജിയൊ വ്യക്തമാക്കുന്നു; മറിച്ച് ബൈക്കർമാരുടെ സംഗമകേന്ദ്രമാണു മോട്ടോപ്ലെക്സ്. ബൈക്കോ സ്കൂട്ടറോ വാങ്ങിയില്ലെങ്കിൽ പോലും ബൈക്ക് പ്രേമികൾക്ക് ഒത്തു ചേരാനും ഇറ്റാലിയൻ കോഫിയുടെ പിൻബലത്തിൽ പരസ്പരം ആശയവിനിമയം നടത്തി പിരിയാനുമുള്ള കേന്ദ്രങ്ങളാണു മോട്ടോപ്ലെക്സ്. വാഹനം വാങ്ങാത്തവരെ കാത്ത് സൺഗ്ലാസ് പോലുള്ള മർച്ചൻഡൈസ് ഉൽപന്നങ്ങളും മോട്ടോപ്ലെക്സിൽ ലഭ്യമാണ്. പോരെങ്കിൽ ജന്മദിനാഘോഷം പോലുള്ള പരിപാടികൾക്ക് മോട്ടോപ്ലെക്സ് വേദിയാക്കാനും അവസരമുണ്ട്.

രാജ്യത്തെ ആദ്യ മോട്ടോപ്ലെക്സ് പ്രവർത്തനം തുടങ്ങുന്നത് കമ്പനിയുടെ നേരിട്ടുള്ള ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്. അടുത്ത ഘട്ടത്തിൽ നിലവിലുള്ള ഡീലർമാരുടെ സഹകരണത്തോടെ കൂടുതൽ മോട്ടോപ്ലെക്സുകൾ തുറക്കാനാണു പിയാജിയൊയുടെ പദ്ധതി. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഹൈദരബാദ്, ബെംഗളൂരു, ചെന്നൈ നഗരങ്ങളിൽ കൂടി മോട്ടോപ്ലെക്സുകൾ തുറക്കാനാണു പിയാജിയോ ഇന്ത്യ ലക്ഷ്യമിടുന്നത്.