വിന്റർകോണിനു ജയം; പീച്ച് ഫോക്സ്വാഗനു പുറത്ത്

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൻ എ ജിയുടെ മേധാവി മാർട്ടിൻ വിന്റർകോണുമായി പരസ്യ ഏറ്റുമുട്ടലിനു തയാറായ ചെയർമാൻ ഫെർഡിനൻഡ് പീച്ച് സ്ഥാനഭൃഷ്ടനായി. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ വിന്റർകോണിനെ വിമർശിച്ചതിന്റെ പേരിൽ ബോർഡ് അംഗങ്ങളുമായി ഏറ്റുമുട്ടേണ്ടിവന്നതോടെയാണു ജർമൻ വാഹനവ്യവസായ ലോകത്തെതന്നെ തലതൊട്ടപ്പനായ പീച്ചിനു ചെയർമാൻ പദവി ഒഴിയേണ്ടിവന്നത്.

ഉടനടി പ്രാബല്യത്തോടെ പീച്ച്(78) ഫോക്സ്വാഗൻ എ ജി ബോർഡ് ചെയർമാൻ സ്ഥാനം രാജി വച്ചെന്നായിരുന്നു കമ്പനിയുടെ പ്രഖ്യാപനം. പീച്ചിന്റെ ഭാര്യയായ ഉർസുലയും ബോർഡിലെ അംഗത്വം രാജിവച്ചതായി ഫോക്സ്വാഗൻ അറിയിച്ചു. ഒപ്പം കമ്പനിയുടെ ഇടക്കാല ചെയർമാനായി ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ ഡപ്യൂട്ടിയായ ബെർത്തോൾഡ് ഹ്യൂബറിനെയും നിയോഗിച്ചിട്ടുണ്ട്.

സി ഇ ഒയും ചെയർമാനുമായി അകൽച്ചയിലാണെന്ന മട്ടിൽ പ്രമുഖ ജർമൻ വാരികയിൽ വാർത്ത വന്നതോടെയാണു പീച്ച് — വിന്റർകോൺ ബന്ധം വഷളായത്. ഇതോടെ കമ്പനിയിൽ ആർക്കാണു മേധാവിത്തമെന്നു തെളിയിക്കാനുള്ള മത്സരവും മുറുകി. തുടർന്നു വിന്റർകോണിനെപ്പറ്റിയുള്ള പീച്ചിന്റെ വിലയിരുത്തൽ ബോർഡിലെ മറ്റ് അംഗങ്ങൾ പൂർണമായും തള്ളിയതോടെയാണു ചെയർമാന്റെ നില പരുങ്ങലിലായത്. ഇതോടെ പീച്ച് അടക്കം ആറംഗങ്ങളടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ 17നു വിന്റർകോണിനെ പ്രകീർത്തിച്ചു പ്രസ്താവനയിറക്കിയിരുന്നു. ഫോക്സ്വാഗനു ലഭിക്കാവുന്ന ഏറ്റവും മികച്ച ചീഫ് എക്സിക്യൂട്ടീവ് ആണു വിന്റർകോൺ(67) എന്നായിരുന്നു സമിതിയുടെ വിലയിരുത്തൽ. 2007 മുതൽ സി ഇ ഒ സ്ഥാനത്തു തുടരുന്ന വിന്റർകോണിനു ഫോക്സ്വാഗനിലെ സ്വാധീനമേറെയുള്ള എംപ്ലോയീ കൗൺസിലിന്റെ പിന്തുണയുമുണ്ട്.

ലാഭത്തിൽഅതേസമയം പീച്ചിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന നിലപാടിലാണു ബന്ധുവായ വുൾഫ്ഗാങ് പോർഷെ. ഫോക്സ്വാഗന്റെ ഭൂരിഭാഗം ഓഹരികൾ പീച്ച്, പോർഷെ കുടുംബങ്ങളുടെ ഉടമസ്ഥതയിലാണ്.

തുടരുന്ന ഫോക്സ്വാഗന്റെ കഴിഞ്ഞ വർഷത്തെ മൊത്തം വാഹന വിൽപ്പന ഒരു കോടി യൂണിറ്റിലേറെയായിരുന്നു. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി തുടരുന്ന ടൊയോട്ട മോട്ടോർ കോർപറേഷനു ശക്തമായ വെല്ലുവിളി ഉയർത്താനും ഫോക്സ്വാഗനു കഴിഞ്ഞിട്ടുണ്ട്. പ്രധാന ബ്രാൻഡായ ഫോക്സ്വാഗനു പ്രവർത്തന ചെലവ് നിയന്ത്രിക്കാൻ കഴിയാത്തതും യു എസിലെ വിപണി വിഹിതം മെച്ചപ്പെടുത്താനാവാത്തതുമാണു ഗ്രൂപ് നേരിടുന്ന വെല്ലുവിളി.

കമ്പനിയുടെ ശക്തമായ തിരിച്ചുവരവിനു വഴിയൊരുക്കിയതിന്റെ പെരുമ പേറുന്ന പീച്ച് 1993 മുതൽ 2002 വരെ ഫോക്സ്വാഗന്റെ സി ഇ ഒയായിരുന്നു. ചെക്ക് കാർ നിർമാതാക്കളായ സ്കോഡയെയും ആഡംബര ബ്രാൻഡുകളായ ബെന്റ്ലി, ബ്യുഗാറ്റി, ലംബോർഗ്നി എന്നിവയെയും ഫോക്സ്വാഗന്റെ കുടക്കീഴിലെത്തിച്ചതും പീച്ച് തന്നെ.

പോർഷെ സ്ഥാപകനും ‘ഫോക്സ്വാഗൻ ബീറ്റിലി’ന്റെ സൃഷ്ടാവുമായ ഫെർഡിനൻഡ് പോർഷെയുടെ ചെറുമകനുമായ പീച്ച് മുമ്പ് പോർഷെയ്ക്കു പുറമെ ഔഡി മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.