പുതിയ സീസണിൽ പിറ്റ്സ്റ്റോപ് കുറയുമെന്നു പിരേലി

ഇക്കൊല്ലത്തെ ഫോർമുല വൺ കാറോട്ട മത്സര സീസണിൽ പിറ്റ് സ്റ്റോപ്പുകൾ കുറവാകുമെന്ന് ഇറ്റാലിയൻ ടയർ നിർമാതാക്കളായ പിരേലി. കാറോട്ട മത്സരത്തിനിടെ ടയർ മാറ്റത്തിനായി ട്രാക്ക് വിടുന്ന കാറുകൾ സ്വീകരിക്കുന്ന ഇടവേളയാണു പിറ്റ് സ്റ്റോപ്.
പിറ്റ് സ്റ്റോപ് കുറയുന്നതോടെ വേഗമേറിയ കാറുകളുടെ ആക്രമണോത്സുക പോരാട്ടത്തിനാവും 2017 സീസൺ സാക്ഷ്യം വഹിക്കുകയെന്നും പിരേലി മോട്ടോർസ്പോർട് മേധാവി പോൾ ഹെംബെറി കരുതുന്നു. മുമ്പത്തെ അപേക്ഷിച്ച് ടയറുകളുടെ തേയ്മാനം കുറവാകുമെന്നതാണ് ഇത്തവണത്തെ പ്രധാന വ്യത്യാസമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ടയർ കോംപൗണ്ടുകൾക്കിടയിലെ വിടവും കാര്യമായി കുറഞ്ഞിട്ടുണ്ട്. അതിനാൽ മുൻ സീസണുകളിൽ കണ്ടു പരിചയിച്ച തന്ത്രങ്ങളിൽ ഇത്തവണ കാര്യമായ മാറ്റത്തിനു സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. കഴിഞ്ഞ രണ്ടു സീസണുകളിലെ പോലെ ഇത്തവണയും പിറ്റ്സ്റ്റോപ്പുകളുടെ എണ്ണം കുറയ്ക്കാനാവും ടീമുകൾ ശ്രമിക്കുക. പലരും ഒറ്റ പിറ്റ് സ്റ്റോപ്പിൽ മത്സരം പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും ഹെംബെറി കരുതുന്നു.
പുതിയ സീസണിനായി തയാറാക്കിയ ടയറുകൾക്ക് 25% അധിക ഗ്രിപ്പിനും തെർമൽ സ്റ്റെബിലിറ്റിക്കുമൊപ്പം കൂടുതൽ ആയുസും പ്രതീക്ഷിക്കുന്നുണ്ട്.

മുമ്പത്തെ തേയ്മാനമേറിയ ടയറുകൾ ഇടയ്ക്കിടെയുള്ള പിറ്റ് സ്റ്റോപ് അനിവാര്യമാക്കുകയും മത്സരത്തിന്റെ കാഴ്ചപ്പൊലിമ നഷ്ടപ്പെടുത്തുകയും ചെയ്തെന്ന വിലയിരുത്തലുണ്ട്. കഴിഞ്ഞ സീസണിൽ 22 ഡ്രൈവർമാരാണ് ഓരോ മത്സരത്തിലും ശരാശരി രണ്ടു തവണ വീതം പിറ്റ്ലൈൻ സന്ദർശിച്ചത്. ചൈനീസ് ഗ്രാൻപ്രിയിലാവട്ടെ പിറ്റ്സ്റ്റോപ്പുകളുടെ എണ്ണം മൂന്നു വരെ ഉയർന്നു. എന്നാൽ പുതിയ സീസണു വേണ്ടി തയാറാക്കിയ മാതൃകാ ടയറുകൾ മൂന്നു ഗ്രാൻപ്രി വരെ തുടരാൻ പ്രാപ്തിയുള്ളവയാണെന്നാണ് ഹെംബെറിയുടെ അവകാശവാദം. അതേസമയം 2016 സീസണിൽ ഉപയോഗിച്ച മാർദവമേറിയ ടയറുകൾക്ക് 10 ലാപ്പിലേറെ മത്സരത്തിൽ തുടരാനുള്ള ബലമില്ലായിരുന്നത്രെ.