സർക്കാർ ജീവനക്കാർക്ക് ‘പ്രൈഡ്’ വായ്പയുമായി പി എൻ ബി

കേന്ദ്ര ജീവനക്കാർക്കു പ്രഖ്യാപിച്ച ഏഴാം ശമ്പള കമ്മിഷൻ ആനുകൂല്യങ്ങളുടെ നേട്ടം കൊയ്യാൻ പൊതുമേഖല സ്ഥാപനമായ പഞ്ചാബ് നാഷനൽ ബാങ്ക്(പി എൻ ബി) ശ്രമം തുടങ്ങി. ‘പി എൻ ബി പ്രൈഡ്’ എന്നു പേരിട്ട പദ്ധതി പ്രകാരം സർക്കാർ ജീവനക്കാർക്ക് 9.3 മുതൽ 9.8% വരെ പലിശ നിരക്കിൽ ഭവന, വാഹന വായ്പകൾ വിതരണം ചെയ്യുമെന്നാണു ബാങ്കിന്റെ വാഗ്ദാനം. സർക്കാർ ജീവനക്കാർക്കു സ്വന്തം വീടും വാഹനവും സ്വന്തമാക്കാൻ വായ്പാലഭ്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ‘പി എൻ ബി പ്രൈഡ്’ അവതരിപ്പിച്ചിരിക്കുന്നതെന്നും ബാങ്ക് വിശദീകരിച്ചു.കൂടാതെ സർക്കാർ ജീവനക്കാർക്കുള്ള ‘പി എൻ ബി പ്രൈഡ്’ വായ്പകൾക്ക് പ്രോസസിങ് ഫീസോ ഡോക്യുമെന്റേഷൻ ചാർജോ ഈടാക്കില്ലെന്നും ബാങ്ക് വ്യക്തമാക്കി. ‘പി എൻ ബി പ്രൈഡ്’ വായ്പാ പദ്ധതി കഴിഞ്ഞ ഒന്നു മുതൽ പ്രാബല്യത്തിലെത്തി.
ഫ്ളോട്ടിങ് നിരക്കിലുള്ള ഭവന വായ്പകളാണ് 9.3% പലിശ നിരക്കിൽ ലഭിക്കുക. സ്ഥിര നിരക്കിലുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 9.8% ആകും.

കാർ വാങ്ങാൻ ഫ്ളോട്ടിങ് നിരക്കിലുള്ള വായ്പകൾ 9.55% പലിശയ്ക്കാണു ലഭിക്കുക. മൂന്നു വർഷം പ്രാബല്യത്തോടെ ഫിക്സഡ് നിരക്കിലുള്ള വാഹാന വായ്പകളും 9.55% പലിശ നിരക്കിൽ തന്നെ ലഭിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളിലെ ഉദ്യോഗസ്ഥർക്കു പുറമെ പ്രതിരോധ, അർധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും ‘പി എൻ ബി പ്രൈഡ്’ പദ്ധതി പ്രകാരമുള്ള വായ്പകൾക്ക് അർഹതയുണ്ടെന്നു ബാങ്ക് അറിയിച്ചു. സാധാരണ ഭവന, വാഹന വായ്പകൾക്ക് ബാധകമായ വ്യവസ്ഥകളും നിബന്ധനകളും തന്നെയാവും ‘പി എൻ ബി പ്രൈഡ്’ വിഭാഗം വായ്പകളെയും നിയന്ത്രിക്കുകയെന്നും പി എൻ ബി വ്യക്തമാക്കി.