പുലിമുരുകനിലെ മയിൽവാഹനം !

സ്ഫടികത്തിൽ മോഹൻലാൽ ഉപയോഗിച്ച ‘ചെകുത്താൻ’ ലോറി കോളജുകളിലെ ഒാണാഘോഷവുയി ബന്ധപ്പെട്ട് വീണ്ടും വാർത്തകളിൽ‌ നിറഞ്ഞിരിക്കുകയാണ്. പിള്ളാരൊക്കെ ‘ചെകുത്താന്റെ’ പുറത്ത് കറങ്ങുമ്പോൾ ലാലേട്ടൻ മറ്റൊരു ലോറിയുമായാണ് തന്റെ പുതിയ ചിത്രമായ പുലിമുരുകനിൽ എത്തുന്നത്. പേര് ‘മയിൽവാഹനം’.

കെഎൽ 5 ബി 7106 നമ്പറുള്ള വാഹനം പലയ ചെകുത്താൻ ലോറിക്ക് സമാനമായ ബോഡിയുള്ള ടാറ്റയുടെ വാഹനമാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം തന്നെ ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രം ഒാടിക്കുന്ന ലോറിയെന്ന പ്രത്യേകത മയിൽവാഹനത്തെയും ‘പ്രശസ്തനാക്കി’ കഴിഞ്ഞു.

ചില സിനിമകളെയും അവയിലെ കഥാപാത്രങ്ങളെയും പോലെ തന്നെ മറക്കാൻ കഴിയാത്തവയാണ് ആ ചിത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന വാഹനങ്ങളും. ഒരു വണ്ടിയിലെന്ത് കാര്യമിരിക്കുന്നുവെന്നു കരുതിയെങ്കിൽ തെറ്റി. വെറുതേ സ്ക്രീനിൽ കാണിക്കുകയെന്നതിനുമപ്പുറം തിരക്കഥയിൽ പോലും പരാമർശമുണ്ടായിട്ടുണ്ട് ചില സിനികളിൽ ഇത്തരം വാഹനങ്ങളെക്കുറിച്ച്.

ഇൗ പറക്കും തളികയിലെ താമരാക്ഷൻപിള്ള ബസ്, ഹൈവേയിലെ മഞ്ഞ നിറമുള്ള ജിപ്സി, നരസിംഹത്തിലെ ചുവന്ന ടോപ്പ്ലെസ്സ് ജീപ്പ്, ഉസ്താദിലെ കാരവൻ, ഹിറ്റ്ലറിലെ ബുള്ളറ്റ്, മിഥുനത്തിലെ മറ്റഡോർ വാൻ, ചിന്താമണി കൊലക്കേസിലെ അംബാസഡർ, നിർണയം സിനിമയിലെ വില്ലനുപയോഗിച്ച കാർ ഇവയൊക്കെ ആ സിനിമകൾ പോലെ തന്നെ പ്രേക്ഷകർക്കിടയിൽ ഹിറ്റായവയാണ്. ആ ഗണത്തിൽ ഇടം പിടിക്കാനെത്തുകയാണ് മയിൽവാഹനവും.