ആർ. ശേഷസായി അശോക് ലേയ്‌ലൻഡ് വിട്ടു

ആർ. ശേഷസായി

നോൺ എക്സിക്യൂട്ടീവ് ചെയർമാനായ ആർ. ശേഷസായി കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിന്നു രാജിവച്ചതായി ഹിന്ദുജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡ് അറിയിച്ചു. ജൂലൈ 28 മുതലാണ് ശേഷസായിയുടെ രാജി പ്രാബല്യത്തിലെത്തുകയെന്നും കമ്പനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു. എന്നാൽ രാജിക്കുള്ള കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ചാർട്ടേഡ് അക്കൗണ്ടന്റായ ശേഷസായി 1971ൽ ഹിന്ദുസ്ഥാൻ ലീവറിനൊപ്പമാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് 1976ൽ അദ്ദേഹം അശോക് ലേയ്‌ലൻഡിൽ ചേർന്നു. 1983ൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ (ഫിനാൻസ്) ആയ ശേഷസായി 1993ൽ ഡപ്യൂട്ടി മാനേജിങ് ഡയറക്ടറുമായി. 1998ൽ അശോക് ലേയ്‌ലൻഡിന്റെ മാനേജിങ് ഡയറക്ടറായി. 2011 അദ്ദേഹം കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും പിന്നീട് നോൺ എക്സിക്യൂട്ടീവ് ചെയർമാനുമായി.

തമിഴ്നാട്ടിൽ നിന്നുള്ള വ്യവസായ പ്രമുഖർക്കൊപ്പം പരിഗണിക്കപ്പെടുന്ന ശേഷസായി 2003 സെപ്റ്റംബർ വരെ ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി (സയാം) പ്രസിഡന്റായും പ്രവർത്തിച്ചു. സയാമിന്റെ രാജ്യാന്തര വ്യാപാര സമിതിയുടെയും അധ്യക്ഷനായിരുന്നു. ഐ സി ഐ സി ഐ ബാങ്ക്, ഇ ഐ ഡി പ്യാരി ഇന്ത്യ, സുന്ദരം അസറ്റ് മാനേജ്മെന്റ് എന്നീ കമ്പനികളുടെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.