ഹിമാലയത്തിന്റെ നെറുകയിൽ കോട്ടയം

‘റെയ്ഡ് ഡി ഹിമാലയാസ്’ 1300–1800 വിഭാഗത്തിൽ ജേതാക്കളായ പ്രേംകുമാർ, ഷെമി മുസ്തഫ എന്നിവർ പുരസ്കാരങ്ങളുമായി.

ഉയരങ്ങൾ കീഴടക്കുക എന്നു പറഞ്ഞാൽ ഇങ്ങനെ വേണം! സ്റ്റിയറിങ്ങിനൊപ്പം സ്വന്തം ജീവനും കയ്യിൽ പിടിച്ച് നാലുദിവസം കൊണ്ട് ഇവർ പിന്നിട്ടത് രണ്ടായിരത്തിലേറെ കിലോമീറ്ററുകൾ. അതും ശരീരം ഫ്രി‍ഡ്ജിൽ വച്ചതുപോലെയാകുന്ന മൈനസ് പത്തിനും താഴെയുള്ള തണുപ്പിൽ ഒന്നു കൈപിഴച്ചാൽ തെന്നി അഗാധഗർത്തത്തിലേക്കു പതിക്കുന്ന ഇടുങ്ങിയ ഹിമാലയൻ ചെരിവുകളിലൂടെ.

സമുദ്രനിരപ്പിൽ നിന്ന് പതിനയ്യായിരം അടിയിലേറെ ഉയരത്തിൽ അപൂർവമായൊരു നേട്ടം കൈവരിച്ചിരിക്കുന്നു കോട്ടയത്തു നിന്നുള്ള രണ്ടു ചെറുപ്പക്കാർ. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ വാഹനറാലിയായ ‘റെയ്ഡ് ദെ ഹിമാലയാസ്’ റാലിയിൽ വർഷം ഒന്നാമതെത്തിയത് ഇവരാണ്– സർക്കാർ കരാറുകാരനായ പ്രേംകുമാറും ഗൾഫിൽ ബിസിനസുകാരനായ ഷെമി മുസ്തഫയും. പ്രേംകുമാറായിരുന്നു ഡ്രൈവർ. മുസ്തഫ നാവിഗേറ്ററും. ഇരുചക്ര വിഭാഗത്തിൽ ജെവീൻ മാത്യു നാലാമതെത്തുകയും ചെയ്തതോടെ കോട്ടയത്തിന് ത്രിമധുരം.

അനേകായിരം അടി ഉയരത്തിൽ നടത്തപ്പെടുന്ന റെയ്ഡ് ദെ ഹിമാലയാസ് റാലി കാഠിന്യത്തിനു പേരുകേട്ടതാണ്. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് ഇതിന്റെ റൂട്ട്. ക്ലാസ് 5 നാലുചക്രവാഹന വിഭാഗത്തിലാണ് പ്രേംകുമാറും മുസ്തഫയും കിരീടം ചൂടിയത്.

179 മൽസരാർഥികൾ പങ്കെടുത്ത റാലിയിൽ നാലുചക്ര വിഭാഗത്തിൽ കേരളത്തിൽ നിന്ന് ആദ്യമായി പങ്കെടുക്കുന്ന ടീം കൂടിയായിരുന്നു ഇവർ. റാലിയുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ചെറിയ മാറ്റങ്ങൾ വരുത്തിയ മാരുതി സുസുക്കി ജിപ്സിയാണ് ഉപയോഗിച്ചത്.

ഷിംലയിൽ നിന്ന് ആരംഭിക്കുന്ന റാലി 2800 കിലോമീറ്ററുകൾ താണ്ടി ശ്രീനഗറിലാണ് അവസാനിക്കുന്നത്. ആറു ദിവസങ്ങളിലായി നടക്കേണ്ടിയിരുന്ന റാലി ഇത്തവണ കൊൽക്കത്തയിൽ നിന്നുള്ള ഒരു മൽസരാർഥിയുടെ മരണംമൂലം നാലു ദിവസമായി ചുരുക്കിയിരുന്നു– പിന്നിട്ടത് 2200 കിലോമീറ്റർ. കൊൽക്കത്ത സ്വദേശിയായ സുഭമോയ് പോൾ ആണ് മൽസരത്തിനിടെ മരണമടഞ്ഞത്. ഇരുചക്ര വിഭാഗത്തിൽ മൽസരിച്ച പോളിന്റെ ബൈക്ക് റേസിന്റെ മൂന്നാം ഘട്ടത്തിൽ നിലതെറ്റി എഴുപത് അടി താഴേക്കു പതിക്കുകയായിരുന്നു.

‘‘പരിചയസമ്പന്നനായ ബൈക്കറായിരുന്നു സുഭമോയ്. കൂട്ടത്തിൽ ഒരാൾ മരണപ്പെട്ടു എന്നതുണ്ടാക്കിയ ഞെട്ടൽ ചെറുതല്ല. ഒപ്പം ശ്വാസംമുട്ടുന്ന അന്തരീക്ഷവും ശരീരം വിറയ്ക്കുന്ന തണുപ്പും’’– പ്രേംകുമാർ പറയുന്നു. മഹീന്ദ്ര ഗ്രേറ്റ് എസ്കേപ്പ്, ഇന്തോനീഷ്യൻ ഓഫ്റോഡിങ് തുടങ്ങിയവയിൽ പങ്കെടുത്ത പരിചയമുണ്ട് പ്രേംകുമാറിന്. പല ഘട്ടങ്ങളിലും ലഭിച്ച ഇന്ത്യൻ ആർമിയുടെ സഹായം മറക്കാനാവില്ലെന്ന് പ്രേമും മുസ്തഫയും നന്ദിയോടെ സ്മരിക്കുന്നു.

അതിർത്തിയിൽ ഇന്ത്യ–പാക്ക് സംഘർഷമുണ്ടായപ്പോൾ റാലിയുടെ റൂട്ടിൽ നേരിയ മാറ്റങ്ങൾ വരുത്തിയിരുന്നു. കോട്ടയം ജീപ്പേഴ്സ് ക്ലബ്ബിലെ സൗഹൃദമാണ് പ്രേമിനെയും മുസ്തഫയെയും ഒന്നിപ്പിച്ചത്. റാലിയിലെ മികച്ച പ്രകടനം മുൻനിർത്തി ബെസ്റ്റ് സ്റ്റേജ് പെർഫോർമർ ട്രോഫിയും എൻ.എൽ.ചൗധരി ആൻഡ് ജസ്‌വിന്ദർ പാൽ മെമ്മോറിയൽ ട്രോഫിയും ഇവർക്കു ലഭിച്ചു.

ഫിനിഷിങ് ലൈനിൽ എത്തുന്നതിനു തൊട്ടുമുൻപു നടന്ന ദൗർഭാഗ്യകരമായ അപകടമാണ് ഇരുചക്ര വാഹന വിഭാഗത്തിൽ ജെവീൻ മാത്യുവിനു വിനയായത്. ഫിനിഷ് പോയിന്റിലെത്താൻ ഒരു ലാപ് കൂടി വേണ്ടിയിരുന്നപ്പോൾ ബൈക്ക് മറിയുകയായിരുന്നു. അപകടത്തിൽ ജെവീന്റെ കാലിനു പരുക്കേറ്റു. കോട്ടയം ചാലുകുന്ന് സ്വദേശിയായ ജെവീൻ റോയൽ എൻഫീൽഡ് ഷോറൂം ഉടമയാണ്.