സി എൻ ജിയിൽ ഓടുന്ന ട്രെയിനുമായി റയിൽവേ

പ്രവർത്തന ചെലവ് കുറയ്ക്കാനുള്ള ബദൽ ഇന്ധനമെന്ന നിലയിൽ വില കൂടിയ ഡീസലിനു പകരം സമ്മർദിത പ്രകൃതി വാതക(സി എൻ ജി)ത്തെ ആശ്രയിക്കുന്ന വാഹന നിർമാതാക്കൾ ഏറെയുണ്ട്. നിരത്തിലെത്തുന്ന മിക്ക വാഹനങ്ങളുടെയും സി എൻ ജി വകഭേദംപുറത്തെത്തുന്നതും പുതുമയല്ല. എന്നാൽ ഇപ്പോഴിതാ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റയിൽവേയും സി എൻ ജിയിൽ ഓടുന്ന ട്രെയിൻ അവതരിപ്പിക്കുന്നു.

ഹരിയാനയിലെ റോഹ്തക് ജംക്ഷനിൽ നിന്ന് 81 കിലോമീറ്ററകലെ രേവാരി ജംക്ഷനിലേക്കു സർവീസ് നടത്തുന്ന ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്(ഡെമു) ആണ് ഡീസലിനൊപ്പം സി എൻ ജിയും ഇന്ധനമാക്കുന്നത്. കേന്ദ്ര റയിൽ മന്ത്രി സുരേഷ് പ്രഭുവാണു രാജ്യത്തു സി എൻ ജിയിൽ ഓടുന്ന ആദ്യ ട്രെയിനിന്റെ ഫ്ളാഗ് ഓഫ് നിർവഹിച്ചത്.

ആറു പാസഞ്ചർ കാറും രണ്ടു മോട്ടോർ കാറുമുള്ള ‘ഡെമുവിനു കരുത്തേകുന്നത് 1,400 ബി എച്ച് പി എൻജിനാണ്. ഫ്യുമിഗേഷൻ സാങ്കേതികവിദ്യ വഴി ഡീസലിലും സി എൻ ജിയിലും പ്രവർത്തിക്കുന്ന എൻജിൻ യാഥാർഥ്യമാക്കി ‘ഡെമു നിർമിച്ചത് ചെന്നൈയിലെ ഇന്റഗ്രൽ കോച് ഫാക്ടറിയാണ്; സി എൻ ജി കൺവേർഷൻ കിറ്റ് ലഭ്യമാക്കിയതാവട്ടെ യു എസിൽ നിന്നുള്ള കമ്മിൻസും. എൻജിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഇന്ധനത്തിൽ 80% ഡീസലും ബാക്കി സി എൻ ജിയുമെന്നതാണ് അനുപാതം. ക്രമേണ ഡീസൽ — സി എൻ ജി അനുപാതം 50:50 എന്ന നിലയിലേക്ക് ഉയർത്താനാവുമെന്നും അധികൃതർ കരുതുന്നു.

ഞായറാഴ്ചകളിലൊഴികെ രാവിലെ 7.10ന് ഉത്തര പശ്ചിമ റയിൽവേയിലെ രേവാരിയിൽ നിന്ന് പുറപ്പെട്ട് 9.25ന് ഉത്തര റയിൽവേയിൽപെട്ട രോഹ്തകിലെത്തുന്ന ‘ഡെമുവിന്റെ മടക്കയാത്ര വൈകിട്ട് 5.30നാണ്; രാത്രി 7.40ന് രേവാരി ജംക്ഷനിൽ യാത്ര അവസാനിക്കും. 770 പേർക്കാണ് ട്രെയിനിൽ യാത്രാസൗകര്യമെങ്കിലും സർവീസ് ഇന്ത്യയിലായതിനാൽ ഇതിന്റെ ഒന്നര ഇരട്ടി ആളുകളെങ്കിലും ‘ഡെമുവിൽ കയറിപ്പറ്റാതിരിക്കില്ല.

സി എൻ ജി ഇന്ധനമാവുന്നതോടെ എൻജിനിൽ നിന്നുള്ള പുകയിൽ വിഷവസ്തുക്കളുടെയും ഹാനികരമായ മാലിന്യങ്ങളുടെയും അളവ് ഗണ്യമായി കുറയുമെന്നാണു പ്രതീക്ഷ; പർട്ടിക്കുലേറ്റ് മാറ്ററിന്റെ അളവും കുത്തനെ കുറയും. കാർബൺ മോണോക്സൈഡ് മലിനീകരണത്തിൽ 90 ശതമാനവും കാർബൺ ഡൈ ഓക്സൈഡിന്റെ അളവിൽ 25 ശതമാനത്തിന്റെയും നൈട്രജൻ ഓക്സൈഡിന്റെ അളവിൽ 35 ശതമാനത്തിന്റെയും മീതേൻ ഇതര ഹൈഡ്രോ കാർബൺ മലിനീകരണത്തിൽ 50 ശതമാനത്തിന്റെയും കുറവും കണക്കാക്കുന്നു. എൻജിന്റെ പ്രവർത്തന ചെലവാകട്ടെ ഡീസൽ ഇന്ധനമാക്കുന്നതിനെ അപേക്ഷിച്ച് പകുതിയായി കുറയുമെന്നും പറയപ്പെടുന്നു.

പുതിയ റയിൽ മന്ത്രി അധികാരമേറ്റ പിന്നാലെ റയിൽവേ ബോർഡിൽ പരിസ്ഥിതി ഡയറക്ടറേറ്റ് രൂപീകരിച്ചിരുന്നു. ബദൽ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പരമ്പരാഗത ഊർജ സ്രോതസുകൾക്കു പകരം സൗരോർജം, കാറ്റിൽ നിന്നുള്ള വൈദ്യുതി തുടങ്ങിയവയെ ആശ്രയിക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ നടപടി.