വാഹന നിർമാതാക്കൾക്കും തിരിച്ചടിയായി തമിഴകത്തെ മഴ

തമിഴ്നാടിനെ പ്രളയത്തിലാക്കിയ കനത്ത മഴ തലസ്ഥാനമായ ചെന്നൈ നഗരപ്രാന്തത്തിലെ പ്രമുഖ വാഹന നിർമാണ മേഖലയ്ക്കും കനത്ത തിരിച്ചടിയായി. കഴിഞ്ഞ ദശാബ്ദത്തിനിടെ സംസ്ഥാനം നേരിട്ട ഏറ്റവും കനത്ത മഴ മൂലം തുടർച്ചയായ രണ്ടാം ദിവസവും വിവിധ കമ്പനികളിൽ നിന്നുള്ള കാർ നീക്കം മുടങ്ങിയതിനു പുറമെ പലയിടത്തും ഉൽപ്പാദനം പോലും നിർത്തിവയ്ക്കേണ്ട സ്ഥിതിയായി. ഫോഡ്, റെനോ നിസ്സാൻ, ഡെയ്മ്ലർ ഇന്ത്യ, യമഹ തുടങ്ങിയവരുടെ നിർമാണശാലകളുടെ പ്രവർത്തനമാണു രണ്ടു ദിവസമായി മുടങ്ങിയത്. മഴയുടെ ഫലമായി കമ്പനികൾക്ക് 150 — 180 കോടി രൂപയുടെ ഉൽപ്പാദനനഷ്ടമുണ്ടായെന്നാണു കണക്ക്. ഇവരുടെ അനുബന്ധഘടക നിർമാതാക്കളുടെ ഉൽപ്പാദന നഷ്ടവും ശതകോടികളാണ്.

ചെന്നൈയിലെ ഫോഡിന്റെ നിർമ്മാണശാല

മാരൈമലൈനഗറിലെ ഫോഡ് ശാലയിൽ 1,200 കാറുകളുടെ ഉൽപ്പാദനമാണു മഴയിൽ നഷ്ടമായത്. ഒരഗടത്തെ റെനോ നിസ്സാൻ പ്ലാന്റിലെ ഉൽപ്പാദനനഷ്ടമാവട്ടെ 1,800 യൂണിറ്റോളമാണ്. പോരെങ്കിൽ തോരാമഴയുടെ ഫലമായി നേരത്തെ ഉൽപ്പാദിപ്പിച്ച കാറുകൾ വിപണന കേന്ദ്രങ്ങളിലേക്ക് അയയ്ക്കാനാവാതെ നിർമാണശാലകളിൽ തന്നെ കുടുങ്ങിയിട്ടുമുണ്ട്. മഴയുടെ ശക്തി കുറഞ്ഞ സാഹചര്യത്തിൽ ഏറ്റവുമടുത്ത ദിവസം തന്നെ ഉൽപ്പാദനം പുനഃരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണു ഫോഡ് ഇന്ത്യയും റെനോ നിസ്സാനും. ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡിന് 1,500 യൂണിറ്റോളമാണു മഴ മൂലമുള്ള ഉൽപ്പാദന നഷ്ടം. യമഹയുടെ നഷ്ടവും ആയിരക്കണക്കിന് യൂണിറ്റുകളാണ്. മഴയുടെ ഫലമായി ജീവനക്കാർക്ക് ശാലയിലെത്താനാവാതെ പോയതാണ് ഈ കമ്പനികളെ പ്രതിസന്ധിയിലാക്കിയത്.

ചെന്നൈയിലെ റോയൽ എൻഫീൽഡിന്റെ നിർമ്മാണ ശാല

ജർമൻ വാണിജ്യ വാഹന നിർമാതാക്കളായ ഡെയ്മ്ലർ ഇന്ത്യയുടെ ഒരഗടം ശാലയിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉൽപ്പാദനം മുടങ്ങി. ഈ ഉൽപ്പാദനനഷ്ടം നികത്താൻ വരുന്ന ശനിയാഴ്ച ശാല പ്രവർത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണു കമ്പനി. അതേസമയം മഴ മൂലം കാർ ഉൽപ്പാദനത്തിൽ കാര്യമായ നഷ്ടമില്ലെന്നാണ് ഇരിങ്ങാട്ടുകോട്ടൈയിൽ ശാലയുള്ള ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ നിലപാട്. എന്നാൽ ട്രക്കുകളുടെ ഓട്ടം നിലച്ചതിനാൽ ശാലയിൽ നിന്നുള്ള കാർ നീക്കം മുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമായി ‘ക്രീറ്റ’, ‘എലീറ്റ് ഐ 20’ തുടങ്ങിയ ലഭിക്കാനുള്ള കാത്തിരിപ്പ് ഒരാഴ്ച മുതൽ 10 ദിവസം വരെ വർധിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു. മഴ മൂലം ഉൽപ്പാദനം നിലച്ചത് ചെറുകാറായ ‘ക്വിഡി’ന്റെ ഡെലിവറിയെ ബാധിക്കുമെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മഴ തകർത്തു പെയ്ത നാളുകളിലെ ഉൽപ്പാദന നഷ്ടത്തിലുപരി പ്ലാന്റിലും പരിസരത്തുമുള്ള അടിസ്ഥാന സൗകര്യങ്ങളിൽ നേരിട്ട തിരിച്ചടികളിലാണ് വാഹന നിർമാതാക്കൾക്ക് കടുത്ത ആശങ്ക. റോഡ് തകർന്നതും തുറമുഖ സൗകര്യങ്ങളിൽ സംഭവിച്ച പ്രശ്നങ്ങളുമൊക്കെ പരിഹരിക്കാൻ എത്രകാലമെടുക്കുമെന്നതിലാണ് കമ്പനികൾക്കു പേടി. ശനിയാഴ്ച മുതൽ തകർത്തു പെയ്ത മഴയിൽ ചെന്നൈയ്ക്കു പുറമെ കടലൂർ, കാഞ്ചീപുരം, തിരുവള്ളൂർ, വില്ലുപുരം മേഖലകളെല്ലാം വെള്ളത്തിലായിരുന്നു. പ്രളയക്കെടുതിയിൽ 79 പേർ മരിച്ചതിനു പുറമെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നു പതിനായിരങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുമുണ്ട്.