റെനോ ഇന്ത്യയുടെ പങ്കാളിയാവാൻ രൺബീർ കപൂർ

വൈകാതെ പുറത്തിറങ്ങുന്ന ചെറുകാറായ ‘ക്വിഡ്’ വരെയുള്ള മോഡലുകളുടെ പ്രചാരണത്തിൽ പങ്കാളിയാവാൻ ബോളിവുഡ് താരം രൺബീർ കപൂറിനെ ഫ്രഞ്ച് നിർമാതാക്കളായ റെനോ തിരഞ്ഞെടുത്തു. കഴിവിനൊപ്പം ബുദ്ധിവൈഭവവും അഭിനയമികവും ജനപ്രീതിയുമൊക്കെയാണു രൺബീർ കപൂർ പ്രതിനിധാനം ചെയ്യുന്നതെന്നു റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ വിപണിയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ നാലാം വാർഷികം ആഘോഷിക്കുന്ന റെനോ, വിൽപ്പനയിൽ മികച്ച വളർച്ച കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു കപൂറുമായി കൂട്ടുകൂടുന്നത്. ഇരുവരുടെയും കരുത്തുകളും മികവുകളും പ്രയോജനപ്പെടുത്തി മുന്നേറാൻ ഈ കൂട്ടുകെട്ടിനു കഴിയുമെന്നും റെനോ ഇന്ത്യ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇതാദ്യമായല്ല റെനോയുടെ പരസ്യപ്രചാരണങ്ങളിൽ ബോളിവുഡിൽ നിന്നൊരു കപൂർ പങ്കാളിയാവുന്നത്. നേരത്തെ ഹാച്ച്ബാക്കായ ‘പൾസി’ന്റെ പരസ്യങ്ങളിൽ ഹിന്ദി നടൻ അനിൽ കപൂർ അഭിനയിച്ചിരുന്നു.അനിൽ കപൂറിനു പിന്നാലെ പുതിയ ബ്രാൻഡ് അംബാസഡറെ തിരഞ്ഞെടുത്തതിനൊപ്പം ദേശീയതലത്തിൽ സാന്നിധ്യം ശക്തമാക്കാനുള്ള പദ്ധതികളും കമ്പനി ആവിഷ്കരിച്ചിട്ടുണ്ട്. അടുത്ത വർഷം അവസാനിക്കുംമുമ്പ് സെയിൽസ് — സർവീസ് ഔട്ട്ലെറ്റുകളുടെ എണ്ണം 280 ആയി ഉയർത്താനാണു റെനോ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം വൈവിധ്യമുള്ള മോഡലുകൾ അവതരിപ്പിച്ച് വിപണിയിൽ മുന്നേറാനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ ഉൽപന്നങ്ങളിലും വിപണന ശൃംഖലയിലും ബ്രാൻഡിങ്ങിലുമൊക്കെ നിർണായക ചുവടുവയ്പ് നടത്തി ഇന്ത്യൻ വിപണിയിൽ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്കു നീങ്ങാനാണു റെനോയുടെ പരിപാടി.

അടുത്തയിടെ അവതരിപ്പിച്ച വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോഡ്ജി’യും ജനപ്രിയ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഡസ്റ്ററും’ അടക്കം ആറു മോഡലുകളാണു റെനോ നിലവിൽ ഇന്ത്യയിൽ വിൽക്കുന്നത്. ഈ വരുന്ന നവരാത്രി — ദീപാവലി ഉത്സവാഘോഷ വേളയിൽ ചെറുകാറായ ‘ക്വിഡ്’ പുറത്തിറക്കാനും കമ്പനി ഒരുങ്ങുന്നുണ്ട്. നാലു ലക്ഷം രൂപയിൽ താഴെ വിലയ്ക്കു കാർ വിൽപ്പനയ്ക്കെത്തിച്ചു വാഹന വിൽപ്പന കണക്കെടുപ്പിൽ വൻമുന്നേറ്റം കൈവരിക്കാനാണു കമ്പനിയുടെ മോഹം.