ബുള്ളറ്റിൽ ഒരുപാട് യാത്രകൾ, ഒടുവിൽ ഹിമാലയത്തിലേക്കും

RE 360

സൗഹൃദ ചർച്ചകൾക്കായി എല്ലാ ആഴ്ചയിലും ഒരു ഒത്തു ചേരൽ. അവിടുത്തെ സംസാരങ്ങളിൽ നിന്നും എല്ലാവർക്കും ഒരേ താൽപര്യമാണെന്നു മനസിലാക്കാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. എന്ത് വിഷയത്തിൽ തുടങ്ങിയാലും അതു വന്നെത്തുന്നത് യാത്രകളിലും ബുള്ളറ്റുകളിലും അഡ്വഞ്ചർ റൈഡുകളിലുമാണ്. തുടക്കമിടുന്നത് ആരും ആകട്ടെ, അതിലും കാണും ഒരു യാത്ര. ഇങ്ങനെ യാത്രയെ സ്നേഹിക്കുന്ന 15 സുഹൃത്തുക്കൾ ഒത്തുചേർന്നപ്പോൾ റൈഡ് എക്സ്പ്ലോർ 360 (RE 360) എന്ന ഗ്രൂപ്പും ഉണ്ടായി. ഒപ്പം 15 ബുള്ളറ്റുകളും.

RE 360

ബുള്ളറ്റിൽ യാത്ര പോയാലോ എന്ന ചിന്ത ആദ്യം മനസ്സിലേക്കെത്തുമ്പോൾ ഏവരും ഒരു കാര്യം തീർച്ചപ്പെടുത്തിയിരുന്നു, ഇത് യാത്രയ്ക്കു വേണ്ടി മാത്രമുള്ള ഒന്നാകരുത്, മറിച്ച് പോകുന്ന സ്ഥലങ്ങളുടെ പ്രത്യേകതകൾ, അവിടുത്തെ ജീവിതരീതി, ഭൂപ്രകൃതി, ഭക്ഷണം, സംസ്കാരം എന്നിവയെല്ലാം മനസിലാക്കാനുള്ള യാത്രയാകണം. പ്രധാന റോഡുകളും ഹൈവേകളും വഴി യാത്ര പോയാൽ മൾട്ടി നാഷണൽ കമ്പനികളുടെ പരസ്യബോർഡുകളും കൂറ്റൻ വില്ലകളുമൊക്കെയാകും കാണാനുണ്ടാകുക. എന്നാൽ ചെറിയ ഊടുവഴികളിലൂടെയുള്ള യാത്രയായിരിക്കാം ശരിക്കും ജീവിതം മനസിലാക്കാൻ സഹായിക്കുന്നത്. നമ്മുടെ യാത്രകളിലെല്ലാം തന്നെ കാണാൻ കഴിഞ്ഞ കാര്യങ്ങൾ നമ്മുടെ ചിന്താഗതി ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതായിരുന്നെന്ന് സംഘാംഗങ്ങൾ എല്ലാം ശരിവയ്ക്കുന്നു. കുറച്ച് അഡ്വഞ്ചറസ് ആയ ട്രിപ്പുകൾ ഇഷ്ടപ്പെടുന്നവരാണ് ടീമിൽ എല്ലാപേരും. അതുകൊണ്ടു തന്നെ അവിടെ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാറില്ല.

RE 360

ഒരു പരീക്ഷണം എന്ന നിലയിൽ ആദ്യ യാത്രയ്ക്കായി തിരഞ്ഞെടുത്ത സ്ഥലം വാൽപ്പാറയായിരുന്നു. ഇത് പരിപൂർണ വിജയമായപ്പോൾ ദൂരെ സ്ഥലങ്ങളിലേക്കു പോകാനുള്ള പ്രചേദനമായി. ഞങ്ങൾ പോകുന്നത് ശരിയായ മാർഗത്തിലാണെന്നും എടുത്ത തയാറെടുപ്പുകളെക്കുറിച്ചും എന്തൊക്കെ കൂടുതൽ കരുതണമെന്നും മനസിലാക്കാൻ ആദ്യത്തെ ട്രിപ്പ് സഹായിച്ചു.

RE 360

യാത്ര പോകാൻ ഒരു സ്ഥലം തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഏകദേശം ഒരു മാസത്തോളം തന്നെ എടുക്കും അവിടെ എത്താനുള്ള തയാറെടുപ്പുകൾക്കും. ആദ്യം പോകാൻ തീരുമാനിച്ച സ്ഥലത്തിന്റെ ഭൂപ്രകൃതി, അവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി ലഭിക്കാവുന്ന മാക്സിമം വിവരങ്ങൾ ശേഖരിക്കും. ഇന്റർനെറ്റു വഴി തന്നെ ആവശ്യമായ വിവരങ്ങൾ ലഭിക്കാറുണ്ട്. പിന്നെ ലൈബ്രററികൾ സന്ദർശിച്ച് യാത്രാവിവരണങ്ങൾ പോലുള്ള പുസ്തകങ്ങളും വായിക്കും. ഇതിനു മുൻപ് അവിടെ പോയിട്ടുള്ളവരിൽ നിന്നും നല്ല ആഹാരം ലഭിക്കുന്ന സ്ഥലങ്ങളും യാത്രക്കിടയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചുമൊക്കെ മനസിലാക്കാറുമുണ്ട്. ഇതിൽ നിന്നൊക്കെ ഒരു റിപ്പോർട്ട് നമ്മൾ തന്നെ തയാറാക്കും. യാത്ര തിരിക്കുന്നതിനു മുൻപ് ഫസ്റ്റ് എയ്ഡ്, വണ്ടിക്കു വേണ്ട ടൂൾസ് തുടങ്ങിയവയും കരുതും. വരവു ചെലവു കണക്കുകളെല്ലാം ആദ്യമേ തന്നെ ഒരാളെ ഏൽപിക്കും. ഓരോരുത്തർക്കും ഓരോ ഉത്തരവാദിത്തങ്ങളും കാണും.

RE 360 Club Members

വാൽപ്പാറയ്ക്കു ശേഷം ചിക്കമംഗലൂർ, മൂന്നാർ, നെല്ലിയാമ്പതി, ഗോവ തുടങ്ങിയ സ്ഥലങ്ങൾ ഒരു വർഷത്തിനുള്ളിൽ സംഘം സന്ദർശിച്ചു കഴിഞ്ഞു. ഈ യാത്രകൾക്കിടയിൽ ആകെ ഒരു ബുദ്ധിമുട്ട് നേരിട്ടത് ചിക്കമംഗലൂർ പോയപ്പോഴാണ്. ഒരു വണ്ടിയുടെ ലിവർ ഒടിഞ്ഞു. ഊട്ടിയിൽ നിന്ന് കോയമ്പത്തൂർ പോയാണ് ലിവർ വാങ്ങിയത്. അതു കാരണം ഏകദേശം 10 മണിക്കൂറോളം മസിനഗുഡിയിൽ വനത്തിനുള്ളിൽ തങ്ങേണ്ടി വന്നു. ഈ ഒരു സംഭവം ഒഴിച്ചാൽ ബാക്കി എല്ലാ ട്രിപ്പുകളും ഡബിൾ ഒ.കെ ആയിരുന്നു. വനപ്രദേശങ്ങളിലൂടെയും മറ്റുമുള്ള യാത്രകളിൽ പലപ്പോഴും കാട്ടുപോത്തിനെയും കാട്ടാനക്കൂട്ടത്തെയുമൊക്കെ കണ്ടിട്ടുമുണ്ട്. നമ്മൾ ശല്യം ചെയ്യാതിരിക്കുകയും അവയെ പ്രകോപിപ്പിക്കാതിരിക്കുകയും ചെയ്താൽ അവ നമ്മളെയും ഉപദ്രവിക്കാറില്ല. അവ അവയുടെ പാടു നോക്കിപ്പോകും എന്നാണ് ഇവരുടെ പക്ഷം.

യാത്രാ മോഹങ്ങൾ സഫലമായെങ്കിലും പഴയതിനെ മറക്കാൻ ഇവരാരും തയാറല്ല. അതുകൊണ്ടു തന്നെ യാത്രകളിൽ കൊണ്ടെത്തിച്ച ആ വീക്കെൻഡുകളിലെ കണ്ടുമുട്ടലുകളും ചർച്ചകളും ഇപ്പോഴും മുടക്കിയിട്ടില്ല. എല്ലാവരും തിരുവനന്തപുരം സ്വദേശികൾ ആയതിനാൽത്തന്നെ ശംഖുമുഖം, പെരുമാതുറ തുടങ്ങിയ ബീച്ചുകളിലോ, മ്യൂസിയത്തിലോ ഒക്കെയാണ് പലപ്പോഴും ഈ ഒത്തുചേരലുകൾ നടക്കുക. പദ്ധതികളും രൂപരേഖ തയാറാക്കലുമൊക്കെ ഇപ്പോഴും ഈ സൗഹൃദ കൂട്ടായ്മയിൽ തന്നെയാണ് ഉടലെടുക്കുന്നതും.

RE 360

ഹരികൃഷ്ണൻ, ശ്രീജിത്, സുർജിത്, അർജുൻ, കിരൺ ഗോവിന്ദ്, ഗോകുൽ, അനീഷ്, ശ്രീരാം, ബൽറാം, വിശാഖ്, ഗോവിന്ദ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ് പ്രധാനമായും RE 360-ലെ അംഗങ്ങൾ. തുടക്കം മുതലേ തന്നെ എല്ലാവരുടേയും മനസിൽ ഒരുപോലെ നിന്ന ആഗ്രഹമായിരുന്നു ഹിമാലയം സന്ദർശിക്കുക എന്നത്. സെപ്റ്റംബറിൽ അവിടേക്കു പോകാനുള്ള തയാറെടുപ്പിലാണ്. അങ്ങോട്ടും ഇങ്ങോട്ടും ബുള്ളറ്റിൽ ആയതിനാൽത്തന്നെ കുറച്ചധികം തയാറെടുപ്പുകളും ആവശ്യമാണ്. ഇപ്പോൾ ടീമിലെ എല്ലാവരും ഹിമാലയ യാത്ര സ്വപ്നം കണ്ട് ആ മോഹങ്ങളെ താലോലിച്ചു നടക്കുകയാണ്.