ഇലക്ട്രയും 500 സിസി ആകുന്നു

Representative Image

റോയൽ എൻഫീൽ‍ഡിന്റെ ഇലക്ട്രയും കോണ്ടിനെന്റൽ ജിടി കഫേ റേസറും ഒഴികെ ബാക്കിയെല്ലാ വേരിയന്റുകൾക്കും 350, 500 സിസി എൻജിൻ വകഭേദങ്ങളുണ്ട്. എന്നാൽ ഇലക്ട്രയ്ക്ക് 350 സിസി എൻജിനും കോണ്ടിനെന്റൽ ജിടി കഫേ റേസറിന് 500 സിസി എൻജിനും മാത്രമേയുള്ളു. മികച്ച ബൈക്കാണെങ്കിലും 500 എൻജിനില്ല എന്നതായിരുന്നു ഇലക്ട്ര ആരാധകരുടെ പ്രധാന പരാതി. എന്നാൽ ആ പരാതി പരിഹരിക്കാൻ ഒരുങ്ങി ഇലക്ട്രയും 500 സിസി ആകുന്നു.

ഉൽപന്ന നിര വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്ര 500 സിസിയാക്കുന്നത്. 500 സിസി ഇലക്ട്ര പരീക്ഷണയോട്ടങ്ങളുടെ അവസാന ഘട്ടത്തിലാണെന്നാണ് അനൗദ്യോഗിക വിവരങ്ങൾ. വാഹനം ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നു കരുതുന്നു. രൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടാകില്ല എന്നാണ് കരുതുന്നത്.

ബുള്ളറ്റ് 500 ൽ ഉപയോഗിക്കുന്ന എൻജിൻ തന്നെയാകും ഇലക്ട്ര 500ലും. 499 സിസി സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിന് 5100 ആർപിഎമ്മിൽ 26 ബിഎച്ച്പി കരുത്തും 3800 ആർപിഎമ്മിൽ 40.9 എൻഎം ടോർക്കുമുണ്ടാകും. എന്നാൽ ഇലക്ട്ര 500 സിസിയുടെ വാർത്തകളോട് റോയൽ എൻഫീൽ‍ഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.