റെഡ് ബുൾ, ടോറൊ റോസൊ ടീമുകൾക്ക് ഇനി റെനോ എൻജിൻ

ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന റെഡ് ബുൾ, ടോറൊ റോസൊ ടീമുകൾക്ക് ഫ്രഞ്ച് നിർമാതാക്കളായ റെനോ എൻജിൻ വിതരണം ചെയ്യും. കഴിഞ്ഞ വാരാന്ത്യത്തിലെ മൊനാക്കോ ഗ്രാൻപ്രിയിലാണ് ടീമുകളും റെനോയുമായി ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. 2018 സീസൺ വരെ റെനോ എൻജിനുകളുമായി ട്രാക്കിലിറങ്ങാനാണ് ഇരു ടീമുകളുടെയും തീരുമാനം. റെനോ നിർമിത എൻജിനുകൾ ഉപയോഗിക്കുന്നതു തുടരുമെന്നു ടീം റെഡ് ബുൾ വ്യക്തമാക്കിയപ്പോൾ നിലവിലുള്ള എൻജിൻ ദാതാക്കളായ ഫെറാരിയെ ഉപേക്ഷിച്ചാണു ടോറൊ റോസൊ ടീം റെനോയുമായി കൂട്ടുകൂടുന്നത്.

എൻജിനുകളുടെ പ്രകടനത്തെച്ചൊല്ലി കഴിഞ്ഞ സീസണിൽ റെനോയും റെഡ് ബുള്ളുമായി തർക്കമുണ്ടായിരുന്നു. എന്നാൽ ഇക്കൊല്ലം ടീം ഡ്രൈവർമാരുടെ പ്രകടനം മെച്ചപ്പെട്ടതോടെ റെനോയുമായുള്ള സഹകരണം തുടരാമെന്നു റെഡ് ബുൾ തീരുമാനിക്കുകയായിരുന്നു. പരിഷ്കരിച്ച എൻജിനുമായി ട്രാക്കിലിറങ്ങിയ റെഡ് ബുള്ളിന്റെ ഓസ്ട്രേലിയൻ ഡ്രൈവർ ഡാനിയൽ റിസിയാർഡൊ സീസണിലെ ആദ്യ പോൾ പൊസിഷനാണു മൊനാക്കോ ഗ്രാൻപ്രിയിൽ സ്വന്തമാക്കിയത്.  എൻജിൻ പുനഃനിർമാണത്തിനായി റെനോ സ്വീകരിച്ച നടപടികളുടെ ഫലമായി പ്രകടനത്തിൽ ഗണ്യമായ പുരോഗതി കൈവന്നിട്ടുണ്ടെന്നു റെഡ് ബുൾ ടീം മേധാവി ക്രിസ്റ്റ്യൻ ഹോണർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിലാണു വരുന്ന രണ്ടു സീസണിലും റെനോ എൻജിനുകൾ തന്നെ ഉപയോഗിക്കാൻ ടീം തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.