റീഗൽ റാപ്റ്ററിന്റെ ആദ്യ ഷോറൂം ഹൈദരബാദിൽ

യു എസ് ആസ്ഥാനമായ റീഗൽ റാപ്റ്റർ മോട്ടോർ സൈക്കിൾസിന്റെ ആദ്യ ഇന്ത്യൻ ഷോറൂം ഹൈദരബാദിൽ പ്രവർത്തനം ആരംഭിച്ചു. ഹൈദരബാദ് ആസ്ഥാനമായ ഫാബുലസ് ആൻഡ് ബിയോണ്ട് മോട്ടോഴ്സ് ഇന്ത്യ(ഫാബ് മോട്ടോഴ്സ്)യുമായി സഹകരിച്ചാണു റീഗൽ റാപ്റ്റർ ഇന്ത്യയിലെത്തുന്നത്. ക്രമേണ തെലങ്കാനയിൽ 1,000 കോടി രൂപ ചെലവിൽ പുതിയ നിർമാണശാല സ്ഥാപിക്കാനും റീഗൽ റാപ്റ്ററിനു പദ്ധതിയുണ്ട്.

വിവിധ മോട്ടോർ സൈക്കിളുകൾ അസംബ്ൾ ചെയ്ത് ഇന്ത്യയിലും അയൽരാജ്യങ്ങളിലും വിൽക്കാനായി കഴിഞ്ഞ ഒക്ടോബറിലാണു കാൽ നൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള റീഗൽ റാപ്റ്റർ മോട്ടോർ സൈക്കിൾസും ഫാബ് മോട്ടോഴ്സുമായി കരാർ ഒപ്പിട്ടത്. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, പാകിസ്ഥാൻ, സൗദി അറേബ്യ, ഒമാൻ, യെമൻ, യു എ ഇ എന്നീ രാജ്യങ്ങളിലാണു ഫാബ് മോട്ടോഴ്സ് റീഗൽ റാപ്റ്റർ ബൈക്കുകൾ വിൽപ്പനയ്ക്കെത്തിക്കുക.

പുതിയ നിർമാണശാലയ്ക്കുള്ള ഭൂമി അനുവദിക്കുന്നതു സംബന്ധിച്ചു തെലങ്കാന സർക്കാരുമായി ചർച്ച പുരോഗമിക്കുകയാണെന്നു ഫാബ് മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ എം ജി ഷാരിഖ് അറിയിച്ചു. വില സംബന്ധിച്ച ചർച്ചകളാണു നടക്കുന്നതെന്നും ഭൂമി ലഭിച്ചാൽ വർഷാവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാവുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി.

മാതൃസ്ഥാപനത്തിനു പുറമെ നിക്ഷേപകരിൽ നിന്നുള്ള വിഹിതവും ചേർത്ത് മൂന്നു ഘട്ടങ്ങളിലായി 1,000 കോടി രൂപയാണു പദ്ധതിക്കായി ഫാബ് മോട്ടോഴ്സ് മുടക്കുക. ആദ്യഘട്ടത്തിൽ 500 യൂണിറ്റാവും ശാലയുടെ ഉൽപ്പാദനശേഷി.

ഹൈദരബാദ് ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് 320 സി സി ക്രൂസറും ചോപ്പറുമടക്കം മൂന്ന് എൻട്രി ലവൽ മോഡലുകളും റീഗൽ റാപ്റ്റർ അനാവരണം ചെയ്തു. ‘ഡി ഡി 350 ഇ’ 2.96 ലക്ഷം രൂപയ്ക്കും ‘ഡേടോണ’ 3.22 ലക്ഷം രൂപയ്ക്കും ‘ബോബർ’ 3.33 ലക്ഷം രൂപയ്ക്കുമാണു കമ്പനി വിൽപ്പനയ്ക്കെത്തിക്കുക. കൂടാതെ അടുത്ത വർഷം മുതൽ കയറ്റുമതിയും ആരംഭിക്കും. 2016 മാർച്ചിനകം 20,000 യൂണിറ്റിന്റെ കയറ്റുമതിയാണു ലക്ഷ്യമിടുന്നതെന്നു ഷാരിഖ് വെളിപ്പെടുത്തി. ആഗോളതലത്തിൽ 39 രാജ്യങ്ങളിലാണു നിലവിൽ റീഗൽ റാപ്റ്ററിന്റെ ക്രൂസർ ബൈക്കുകൾ വിൽപ്പനയ്ക്കെത്തുന്നത്.

നിലവിൽ ഇന്ത്യയിലെ വിപണന ശൃംഖല വിപുലീകരണത്തിനാണു ഫാബ് മോട്ടോഴ്സ് ഊന്നൽ നൽകുന്നത്. ന്യൂഹൈദരബാദ്, വിജയവാഡ, വിശാഖപട്ടണം, ഡൽഹി, മുംബൈ, നാഗ്പൂർ, അഹമ്മദബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, തിരുവനന്തപുരം, പുണെ, ചണ്ഡീഗഢ്, ഗോവ, പുതുച്ചേരി, ഭോപ്പാൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റീഗൽ റാപ്റ്റർ ഡീലർഷിപ്പുകൾ പരിഗണിക്കുന്നുണ്ട്. മൂന്നു വർഷത്തിനകം 500 കോടി രൂപ ചെലവിൽ ഹരിയാനയിൽ രണ്ടാമത്തെ നിർമാണശാല സ്ഥാപിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.