എഫ് വൺ: റെനോയ്ക്കു കൂട്ട് ബി പിയും കാസ്ട്രോളും

ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിന്റെ 2017 സീസണിൽ ലൂബ്രിക്കന്റ് ബ്രാൻഡുകളായ ബി പിയും കാസ്ട്രോളുമാവും പങ്കാളികളെന്ന് ഫ്രഞ്ച് ടീമായ റെനോ സ്പോർട് ഫോർമുല വൺ ടീം. മാർച്ചിൽ ഓസ്ട്രേലിയൻ ഗ്രാൻപ്രിയോടെ ആരംഭിക്കുന്ന സീസണിൽ ട്രാക്കിലെത്തുന്ന ടീമിനുള്ള ഇന്ധനവും ലൂബ്രിക്കന്റുകളും ബി പിയും കാസ്ട്രോളുമാവും ലഭ്യമാക്കുകയെന്നും റെനോ സ്പോർട് റേസിങ് ടീം അറിയിച്ചു. മോട്ടോർ സ്പോർട്ടിൽ പ്രൗഢ പാരമ്പര്യമുള്ള ബി പിയും കാസ്ട്രോളും തിരിച്ചെത്തുന്നത് ശുഭകരമാണെന്നു റെനോ സ്പോർട്ട് റേസിങ് പ്രസിഡന്റ് ജെറോ സ്ടോൾ അഭിപ്രായപ്പെട്ടു. ബഹുരാഷ്ട്ര കമ്പനികൾ ഫോർമുല വണ്ണിൽ താൽപര്യം കാണിച്ചു തുടങ്ങിയതിനു തെളിവാണു ബി പിയുടെ രംഗപ്രവേശം. സാങ്കേതിക വിഭാഗത്തിൽ ഇത്രയേറെ മികവുള്ള പങ്കാളികളെ സ്പോൺസർമാരായി ലഭിച്ചത് ആഹ്ലാദകരമാണെന്നും സ്ടോൾ വ്യക്തമാക്കി.

മുന്തിയ ഇന്ധന, ലൂബ്രിക്കന്റ് സാങ്കേതിവിദ്യകളുടെ വികസനം കമ്പനിയുടെ മുൻഗണനാ മേഖലയാണെന്നു ബി പി ഡൗൺസ്ട്രീം ചീഫ് എക്സിക്യൂട്ടീവ് ടുഫാൻ എർജിൻബിൽജിക് അറിയിച്ചു. കടുത്ത മത്സരം നേരിടുന്ന ഫോർമുല വണ്ണിന് അനുയോജ്യമായ അത്യാധുനിക സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനായി സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരമാണ് റെനോയ്ക്കും ബി പിക്കും കൈവന്നിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ സീസണിൽ പരിഷ്കരിച്ച ഏറോഡൈനാമിക് രൂപകൽപ്പനാ നിബന്ധനകൾ നടപ്പാവുന്നതോടെ പവർ സെൻസിറ്റിവിറ്റി ഉയരുമെന്നു റെനോ സ്പോർട് റേസിങ് മാനേജിങ് ഡയറക്ടർ സിറിൽ അബിറ്റെബുൾ വിലയിരുത്തുന്നു. അതുകണ്ടുതന്നെ കാറുകളുടെ പ്രകടനത്തിൽ പ്രകടമായ വ്യത്യാസം വരുത്താൻ ഇന്ധനങ്ങൾക്കും ലൂബ്രിക്കന്റുകൾക്കും കഴിയുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. ബി പി അൾട്ടിമേറ്റ്, കാസ്ട്രോൾ എഡ്ജ് ബ്രാൻഡുകളുമായാവും ഇരു കമ്പനികളും റെനോ സ്പോർട് ഫോർമുല വൺ ടീമിന്റെ പങ്കാളികളായി ട്രാക്കിലെത്തുക. ഇതിനു മുമ്പ് 1997ലാണ് ഈകമ്പനികൾ റെനോയുമായി സഹകരിച്ചു പ്രവർത്തിച്ചത്; ആ സീസണിൽ വില്യംസ് റെനോ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പും നിർമാതാക്കളുടെ ചാംപ്യൻഷിപ്പും സ്വന്തമാക്കിയിരുന്നു.