ക്വിഡിനെ പിടിച്ചുകെട്ടാൻ പുതുമോഡലുകൾ

എസ്‌യുവി മോഡലുകളുടെ മാതൃകയിൽ നിർമിച്ച ചെറുകാർ ക്വിഡിന് ഇന്ന് ആരാധകർ ഏറെയാണ്. എൻട്രി ലെവൽ സെഗ്‌മെന്റിൽ ക്വിഡ് കൈവരിച്ച അപ്രതീക്ഷിത വിജയം മറ്റു വാഹനനിർമാതാക്കളെ പ്രലോഭിപ്പിക്കുന്നുവെന്നും സൂചനയുണ്ട്. എൻട്രി ലെവൽ വാഹനങ്ങൾ ഇറക്കുവാനുള്ള ആലോചനയിലാണു കാർ നിർമാതാക്കളിലെ വമ്പൻമാരായ മാരുതി സുസുക്കിയും ഹ്യൂണ്ടേയ്‌യും. കാർ നിർമാതാക്കളുമായി അടുത്തബന്ധമുള്ള സ്രോതസുകളാണു വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഓൾട്ടോയുടെ വകഭേദത്തിലൂടെയാണു ക്വിഡിനോടു കിടപിടിക്കാൻ മാരുതി സുസുക്കി തയ്യാറെ‌ടുക്കുന്നത്. ടോൾ ബോയ്, ക്രോസ് ഓവർ അവതാരത്തിലാകും അടുത്ത ഓൾട്ടോ വകഭേദം എത്തുക. 2018- ൽ പുതിയ ഓൾട്ടോ വിപണിയിലെത്തും.

ക്വിഡിന്റെ പിൻസീറ്റ് .

ഹ്യൂണ്ടേയ് അടുത്തിടെ ആരംഭിച്ച എ.എച്ച്. പ്രൊജക്ട് ചെറു ക്രോസ് ഓവർ മോഡലായിരിക്കുമെന്നു സൂചനയുണ്ട്. എൻട്രി ലെവൽ വിഭാഗത്തിലെത്തുന്ന ഈ ചെറുക്രോസ് ഓവറും പ്രധാനമായും ലക്ഷ്യമിടുന്നതു ക്വിഡിനെയാണ്. 2018 രണ്ടാം പകുതിയിൽ ഈ മോഡൽ വിപണിയിലെത്തും. 95,000 മുതൽ ഒരു ലക്ഷം വരെ യൂണിറ്റുകളുടെ വിൽപനയാണു ഈ മോഡലിലൂടെ കമ്പനി പ്രതീക്ഷിക്കുന്നത്.

വലുപ്പത്തിൽ കുഞ്ഞനെങ്കിലും എസ്‌യുവി മോഡലിനു സമാന രൂപകൽപനയോടെയാണു റെനോ ക്വിഡ് എത്തിയത്. പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം ക്വിഡുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. ബുക്കു ചെയ്തവരുടെ എണ്ണവും കുറവല്ല. 2.6 ലക്ഷമാണ് ക്വിഡിന്റെ പ്രാരംഭവില.

അടുത്തിടെ മഹീന്ദ്ര ചെറിയ എസ്‌യുവി കെയുവി 100 പുറത്തിറക്കിയിരുന്നു. വെറും 4.5 ലക്ഷം രൂപയിൽ വിലയാരംഭിക്കുന്ന കെയുവി 100 ലൂടെ മൈക്രോ എസ്‌യുവി സെഗ്‌മെന്റിനും തുടക്കമായി. നവംബറിൽ അവതരിപ്പിക്കപ്പെട്ടതിനു ശേഷം ഇതു വരെ കെയുവി 100-ന് 37000 ബുക്കിങ് ലഭിച്ചിട്ടുണ്ട്.

മഹീന്ദ്ര കെയുവി 100

ക്രോസ് ഓവർ മോഡലുകളുടെ ജനപ്രീതി വർധിക്കുന്ന സാഹചര്യത്തിൽ അടുത്ത ഓൾട്ടോയുടെ ആകൃതി എന്തായിരിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മാരുതി സുസുക്കിയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്. അതേ സമയം ടോൾ ബോയ് ഡിസൈനുമായെത്തുന്ന മാരുതിയുടെ പുതിയ ക്രോസ് ഓവർ ഇഗ്‌നിസ് ഈ ഉത്സവകാലത്തു വിപണിയിലെത്തും. ആറു ലക്ഷത്തിൽ താഴെ വില വരുന്ന വാഹനം ലക്ഷ്യമിടുന്ന ഉപഭോക്താക്കളെ ആകർഷിക്കാൻ ഇഗ്‌നിസിനു കഴിയുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു. മൊത്തം കാർ വിപണിയുടെ 35 മുതൽ 40 ശതമാനത്തോളം ഈ സെഗ്‌മെന്റിലാണു വിൽപന.

പ്രതിവർഷം 5.5 ലക്ഷം യൂണിറ്റുകളാണ് എൻട്രിലെവല്‍ വിഭാഗത്തിൽ വിൽപന നടക്കുന്നത്. ക്വിഡിന്റെ വരവോടു കൂടി ഈ വിഭാഗം കൂടുതൽ നേട്ടം കൈവരിക്കുന്നതായാണു സൂചന. ഇതേ സെഗ്‌മെന്റിലേക്ക് നിസാന്റെ റെഡി-ഗോയും ജൂണില്‍ എത്തുന്നുണ്ട്. ഇതോടെ ഈ വിഭാഗത്തിലും മൽസരം കനത്തതാകും.