ക്വിഡിന് രണ്ട് പുതിയ മോഡലുകൾ കൂടി

നിരത്തിലെത്തും മുമ്പെ ഹിറ്റായ റെനോ ക്വിഡിന്റെ പുതിയ രണ്ട് മോഡലുകൾ കൂടി എത്തുന്നു. ക്വിഡ് റേസറും ക്വിഡ് ക്ലൈംബറും. റേസർ യുവാക്കളെ ലക്ഷ്യം വച്ചുള്ളതാണെങ്കിൽ ക്ലൈംബർ ഒാഫ് റോഡിങ്ങിനു വേണ്ടിയുള്ളതാണ്. 1 ലീറ്റർ ഒാട്ടമാറ്റിക് ട്രാൻസ്മിഷൻ എഞ്ചിൻ ആവും ഇൗ മോഡലുകൾക്കെന്നാണ് സൂചന.

തദ്ദേശീയമായി സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണ് റെനോ ‘ക്വിഡിനെ നിർമ്മിച്ചിരിക്കുന്നത്. കാറിന്റെ 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി നിർമിച്ചതാണെന്നും കമ്പനി പറയുന്നു. റെനോയും നിസ്സാനും ചേർന്ന് 2013 ൽ വികസിപ്പിച്ച പുതിയ ‘സി എം എഫ് പ്ലാറ്റ്ഫോമിലാണ് ക്വിഡ് നിർമ്മിച്ചിരിക്കുന്നത്.

പരുക്കന്‍ രൂപഭാവമുള്ള ഫ്രണ്ട് ബമ്പറും ഉയര്‍ന്ന ബോണറ്റും ക്രീസ് ലൈനും ക്വിഡ്ഡിന് ബേബി ഡസ്റ്റര്‍ രൂപഭംഗി നല്‍കുന്നു. ബ്ലാക്ക് ഇന്‍സെര്‍ട്ടുകളുള്ള ഹെഡ് ലാമ്പിന്റെ രൂപകല്‍പ്പനയും മുന്നിലെ എയര്‍ഡാമും ഹാച്ച്ബാക്ക് കാറിനെക്കാള്‍ എസ് യു വിയുടേതിന് സമാനമാണ്. പിന്നിലെ വലിപ്പമേറിയ വീല്‍ ആര്‍ച്ചുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിങ്ങുകള്‍ എന്നിവയും വാഹനത്തിന് നല്‍കുന്നത് സ്‌പോര്‍ട്ടി രൂപഭംഗിയാണ്.

റെനോ — നിസ്സാൻ സഖ്യം വികസിപ്പിച്ച പുതിയ 793 സി സി, മൂന്നു സിലിണ്ടർ എൻജിനാണു‘ക്വിഡി’നു കരുത്തേകുന്നത്. 5678 ആർപിഎമ്മിൽ 54 ബി എച്ച് പി കരുത്തും 4386 ആർപിഎമ്മിൽ 72 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ട്രാൻസ്മിഷൻ. 660 കിലോഗ്രാമോളം ഭാരമുള്ള കാറിന് ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണ് റെനോ വാഗ്ദാനം ചെയ്യുന്നത്, അതായത് രാജ്യത്തെ ‌ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള പെട്രോൾ കാറും ക്വിഡ് തന്നെയാണെന്നർഥം.

കാഴ്ചപ്പകിട്ടിൽ ‘ക്വിഡ്’ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവുമായി വിപണിയിലെത്തുന്ന കാറിന് മാരുതിയുടേയും ഹ്യുണ്ടായ് യുടേയും വിശ്വാസ്യതയെ മറിക‌ടന്ന് മുന്നേറാനാവുമോയെന്ന് കണ്ടറിയാം. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 3-4 ലക്ഷത്തിനിടയിലായിരിക്കും വില എന്നാണ് അറിയുന്നത്.