റെനോ ലോഡ്ജി എത്തി

വിവിധോദ്ദേശ്യ വാഹന(എം പി വി) വിപണിയിൽ ഫ്രഞ്ച് നിർമാതാക്കളായ റെനോയ്ക്കാടി പട നയിക്കാൻ ’ലോഡ്ജി എത്തി. പ്രാരംഭ വിലയെന്ന നിലയിൽ 8.19 ലക്ഷം രൂപയ്ക്കാണു റെനോ ഡൽഹി ഷോറൂമിൽ ’ലോഡ്ജി ലഭ്യമാക്കുന്നത്.

എം പി വി വിഭാഗത്തിൽ ടൊയോട്ടയുടെ ’ഇന്നോവ, മാരുതി സുസുക്കിയുടെ ’എർട്ടിഗ, ഹോണ്ടയുടെ ’മൊബിലിയൊ, ജനറൽ മോട്ടോഴ്സിന്റെ ’എൻജോയ് തുടങ്ങിയവയെയാണു റെനോയുടെ ’ലോഡ്ജി നേരിടുക. 5.99 ലക്ഷം മുതൽ 15.8 ലക്ഷം രൂപ വരെയാണു ’ലോഡ്ജിയുടെ എതിരാളികളുടെ വില.

ഇന്ത്യയിൽ വളർച്ചയുടെ അടുത്ത ഘട്ടത്തിനുള്ള ഇന്ധനം ’ലോഡ്ജി പകരുമെന്നു റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അഭിപ്രായപ്പെട്ടു. എം പി വി വിഭാഗത്തെ പുനഃർനിർവചിക്കുന്ന മോഡലാവും ’ലോഡ്ജിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏഴു വകഭേദങ്ങളിൽ വിൽപ്പനയ്ക്കുള്ള ’ലോഡ്ജിക്ക് 8.19 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണു വില.

’ലോഡ്ജിക്കു പിന്നാലെ റെനോയുടെ ചെറുകാറും ഇക്കൊല്ലം വിൽപ്പനയ്ക്കെത്തുമെന്നു സാഹ്നി അറിയിച്ചു. അടുത്ത വർഷം അവസാനിക്കുമ്പോഴേക്ക് ഇന്ത്യൻ വിപണിയിൽ അഞ്ചു ശതമാനം നേടാനുള്ള ശ്രമങ്ങവുടെ ഭാഗമായാണു പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് റെനോയുടെ ഇന്ത്യയിലെ വിപണി വിഹിതം രണ്ടു ശതമാനത്തോളമാണ്.

പുതിയ മോഡൽ അവതരണങ്ങൾക്കൊപ്പം വിപണന ശൃംഖല വിപുലീകരണത്തിനും റെനോ ഊന്നൽ നൽകുന്നുണ്ട്. വർഷാവസാനത്തോടെ ഇന്ത്യയിലെ ടച് പോയിന്റുകളുടെ എണ്ണം 200 ആയി ഉയർത്താനാണു കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 157 ഔട്ട്ലെറ്റുകൾ ഉണ്ടെന്നും വർഷം അവസാനിക്കുമ്പോഴേക്ക് 205 വിൽപന കേന്ദ്രങ്ങളും 2016 ഒടുവിൽ 280 ടച് പോയിന്റുകളുമാണു കമ്പനി ലക്ഷ്യമിടുന്നതെന്നു സാഹ്നി അറിയിച്ചു.

നിലവിൽ കോംപാക്ട് എസ് യു വിയായ ’ഡസ്റ്ററിന്റെ പിൻബലത്തിലാണു റെനോയുടെ ഇന്ത്യൻ വിപണിയിലെ പ്രകടനം. ഇതുവരെ ഒന്നേ കാൽ ലക്ഷത്തോളം ’ഡസ്റ്റർ ആണു റെനോ ഇന്ത്യയിൽ വിറ്റത്. പോരെങ്കിൽ ബാഡ്ജ് എൻജിനീയറിങ് വ്യവസ്ഥയിൽ ’ടെറാനോ എന്ന പേരിൽ പങ്കാളിയായ നിസ്സാനും ഈ മോഡൽ വിപണനം ചെയ്യുന്നുണ്ട്.