റെനോ നിസ്സാൻ സഖ്യം തുടരണമെന്നു ജപ്പാൻ

വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയും റെനോയുമായുള്ള സഖ്യം തുടരണമെന്നു ജപ്പാൻ സർക്കാർ. പങ്കാളിത്തത്തെ നിയന്ത്രിക്കാനുള്ള ഫ്രഞ്ച് സർക്കാരിന്റെ ശ്രമങ്ങളെ ചെറുക്കാൻ സഖ്യത്തിലുള്ള ഓഹരി പങ്കാളിത്തം നിസ്സാൻ വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണു ജപ്പാൻ സർക്കാർഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. പങ്കാളിത്തവും ബന്ധവും നിലനിർത്താനുള്ള മാർഗങ്ങൾ നിസ്സാനും റെനോയും ചർച്ച ചെയ്യണമെന്നായിരുന്നു ജപ്പാൻ സർക്കാരിന്റെ വക്താവ് യോഷിഹിഡെ സുഗയുടെ പ്രതികരണം. ഇത്തരം ചർച്ചയ്ക്കുള്ള എല്ലാ സഹായവും സർക്കാർ ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

വോട്ടിങ് അവകാശം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏപ്രിലിൽ ഫ്രഞ്ച് സർക്കാർ റെനോ — നിസ്സാനിലെ ഓഹരി പങ്കാളിത്തം 15 ശതമാനത്തിൽ നിന്ന് 19.7% ആയി വർധിപ്പിച്ചിരുന്നു. ഇതോടെ ഫ്രഞ്ച് സർക്കാരും റെനോ — നിസ്സാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ കാർലോസ് ഘോസ്നുമായുള്ള ബന്ധത്തിൽ വിള്ളൽ വീണിട്ടുമുണ്ട്. ഇതോടെ ഫ്രഞ്ച് പങ്കാളിയായ റെനോയിൽ കമ്പനിക്കുള്ള ഓഹരി പങ്കാളിത്തം 25 ശതമാനത്തിലെത്തിക്കാൻ നിസ്സാനും നീക്കം തുടങ്ങിയിട്ടുണ്ട്. റെനോ — നിസ്സാൻ സഖ്യത്തിന്റെ ഭരണ നേതൃത്വത്തിൽ ഫ്രഞ്ച് സർക്കാർ ഇടപടുന്നതു ചെറുക്കാനാണ് ഈ നടപടി.

ജപ്പാൻ പിന്തുടരുന്ന കോർപറേഷൻ നിയമപ്രകാരം ഫ്രഞ്ച് കമ്പനിയിൽ നിസ്സാനുള്ള ഓഹരി വിഹിതം 25 ശതമാനമെത്തിയാൽ പിന്നെ റെനോയ്ക്ക് ജാപ്പനീസ് കമ്പനിയിലുള്ള വോട്ടിങ് അവകാശം നഷ്ടമാവും. നിലവിൽ നിസ്സാനിൽ 43.4% ഓഹരി പങ്കാളിത്തമാണു റെനോയ്ക്കുള്ളത്; ഇതിന്റെ അടിസ്ഥാനത്തിലുള്ള വോട്ടിങ് അവകാശവും ഫ്രഞ്ച് കമ്പനിക്കുണ്ട്.ഇതിന് ആനുപാതികായി റെനോയ്ക്കുള്ള വോട്ടിങ് അവകാശമടക്കമുള്ള വിഷയങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന നിസ്സാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ചർച്ച ചെയ്തിരുന്നു. 1999ൽ കടക്കെണിയിലായ നിസ്സാനെ കരകയറ്റാനാണു റെനോ രംഗത്തെത്തിയത്. എന്നാൽ പിന്നീട് ശക്തമായ തിരിച്ചുവരവു നടത്തിയ നിസ്സാൻ, വാഹന വിൽപ്പനയിലും റെനോയെ ബഹുദൂരം പിന്നിലാക്കി. റെനോ — നിസ്സാൻ സഖ്യത്തിന്റെ മൊത്തം വിൽപ്പനയിൽ മാത്രമല്ല ലാഭത്തിലും ഗണ്യമായ സംഭാവന നിസ്സാന്റേതാണ്.

ഈ പശ്ചാത്തലത്തിലാണു റെനോയും നിസ്സാനുമായുള്ള ലയനത്തിനെതിരെ ഫ്രഞ്ച് പ്രധാനമന്ത്രി മാനുവൽ വാൾസ് തന്നെ രംഗത്തെത്തിയത്. കാർ നിർമാണ കമ്പനിയിൽ സർക്കാരിന്റെ പങ്കാളിത്തം തന്നെ ചർച്ചാവിഷയമാവുമ്പോഴാണു റെനോയും നിസ്സാനുമായുള്ള ലയനത്തെ അദ്ദേഹം എതിർത്തത്. പൂർണതോതിലുള്ള ലയനത്തിനു പകരം റെനോ — നിസ്സാൻ സഖ്യം തുടരണമെന്നാണു വാൾസിന്റെയും നിലപാട്.