റെനോ -നിസ്സാൻ സഖ്യം മാറ്റമില്ലാതെ തുടരുമെന്നു ഘോസ്ൻ

മാതൃസ്ഥാപനമായ റെനോയുമായുള്ള സഖ്യം മാറ്റമില്ലാതെ തുടരുമെന്നു ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(സി ഇ ഒ) കാർലോസ് ഘോസ്ൻ. ഓഹരി ഘടന സംബന്ധിച്ചു ഫ്രഞ്ച് സർക്കാരുമായി നിലനിന്ന തർക്കങ്ങൾക്കു പരിഹാരമായ സാഹചര്യത്തിലാണു റെനോ — നിസ്സാൻ സഖ്യത്തിന്റെ ഭാവിയെക്കുറിച്ചു ഘോസ്ൻ നയം വ്യക്തമാക്കിയത്. പ്രശ്നങ്ങൾ പറഞ്ഞു തീർത്തു മുന്നോട്ടു പോകാനാണ് ഇരുകമ്പനികളുടെയും തീരുമാനമെന്നു ഘോസ്ൻ വിശദീകരിച്ചു. പ്രവർത്തന സ്വാതന്ത്യ്രം നിലനിർത്തി സ്വന്തം മാനേജ്മെന്റ് ഘടനയോടെ റെനോയും നിസ്സാനും മുന്നേറ്റം തുടരും. എന്നാൽ പങ്കാളിത്ത വ്യവസ്ഥകൾക്കുള്ളിൽ ഇരുവരും സഹകരണത്തിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും റെനോയുടെയും സി ഇ ഒ ആയ ഘോസ്ൻ അറിയിച്ചു. കമ്പനി നിയന്ത്രണം സംബന്ധിച്ച് ഫ്രഞ്ച് സർക്കാരുമായി എട്ടു മാസം നീണ്ട തർക്കമാണു റെനോ — നിസ്സാൻ സഖ്യം കഴിഞ്ഞ ആഴ്ച രമ്യമായി പരിഹരിച്ചത്. റെനോയിൽ സർക്കാരിനു കൂടുതൽ നിയന്ത്രണം അനുവദിക്കാനും പകരം നിസ്സാനിൽ റെനോയ്ക്കുള്ള നിയന്ത്രണം പരിമിതപ്പെടുത്താനുമായിരുന്നു ഇരുവരുമായുള്ള ചർച്ചയിലെ ധാരണ.

അതേസമയം നിസ്സാൻ മോട്ടോർ കമ്പനിയും റെനോയുമായുള്ള സഖ്യം തുടരണമെന്നു ജപ്പാൻ സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സഖ്യത്തെ നിയന്ത്രിക്കാനുള്ള ഫ്രഞ്ച് സർക്കാരിന്റെ ശ്രമങ്ങളെ ചെറുക്കാൻ റെനോ — നിസ്സാനിലുള്ള ഓഹരി പങ്കാളിത്തം നിസ്സാൻ വർധിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു ജപ്പാൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്.വോട്ടിങ് അവകാശം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏപ്രിലിൽ ഫ്രഞ്ച് സർക്കാർ റെനോ — നിസ്സാനിലെ ഓഹരി പങ്കാളിത്തം 15 ശതമാനത്തിൽ നിന്ന് 19.7% ആയി വർധിപ്പിച്ചിരുന്നു. ഇതോടെയാണു ഫ്രഞ്ച് സർക്കാരും റെനോ — നിസ്സാൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ കാർലോസ് ഘോസ്നുമായുള്ള ബന്ധത്തിൽ വിള്ളൽ വീണത്.

തുടർന്നു ഫ്രഞ്ച് പങ്കാളിയായ റെനോയിൽ കമ്പനിക്കുള്ള ഓഹരി പങ്കാളിത്തം 25 ശതമാനത്തിലെത്തിക്കാൻ നിസ്സാനും നീക്കം തുടങ്ങി. റെനോ — നിസ്സാൻ സഖ്യത്തിന്റെ ഭരണ നേതൃത്വത്തിൽ ഫ്രഞ്ച് സർക്കാർ ഇടപടുന്നതു ചെറുക്കാനായിരുന്നു ഈ നടപടി. ജപ്പാൻ പിന്തുടരുന്ന കോർപറേഷൻ നിയമപ്രകാരം ഫ്രഞ്ച് കമ്പനിയിൽ നിസ്സാനുള്ള ഓഹരി വിഹിതം 25 ശതമാനമെത്തിയാൽ പിന്നെ റെനോയ്ക്ക് ജാപ്പനീസ് കമ്പനിയിലുള്ള വോട്ടിങ് അവകാശം നഷ്ടമാവും. നിലവിൽ നിസ്സാനിൽ 43.4% ഓഹരി പങ്കാളിത്തമാണു റെനോയ്ക്കുള്ളത്; ഇതിന്റെ അടിസ്ഥാനത്തിലുള്ള വോട്ടിങ് അവകാശവും ഫ്രഞ്ച് കമ്പനിക്കുണ്ട്. അതേസമയം റെനോയും നിസ്സാനുമായുള്ള ലയനത്തിനെതിരെ ഫ്രഞ്ച് പ്രധാനമന്ത്രി മാനുവൽ വാൾസ് തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. കാർ നിർമാണ കമ്പനിയിൽ സർക്കാരിന്റെ പങ്കാളിത്തം തന്നെ ചർച്ചാവിഷയമാവുമ്പോഴാണു റെനോയും നിസ്സാനുമായുള്ള ലയനത്തെ അദ്ദേഹം എതിർത്തത്. പൂർണതോതിലുള്ള ലയനത്തിനു പകരം റെനോ — നിസ്സാൻ സഖ്യം തുടരണമെന്നാണു വാൾസിന്റെയും നിലപാട്.