ചെന്നൈ പ്ലാന്റിൽ മൂന്നാം ഷിഫ്റ്റ് തുടങ്ങാൻ റെനോ നിസ്സാൻ

ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ നിർമാണശാലയിൽ മൂന്നാം ഷിഫ്റ്റിൽ ഉൽപ്പാദനം ആരംഭിക്കുകയാണെന്ന് ഫ്രഞ്ച് — ജാപ്പനീസ് നിർമാണ സഖ്യമായ റെനോ നിസ്സാൻ. റെനോയുടെ ചെറുകാറായ ‘ക്വിഡി’നും കോംപാക്ട എസ് യു വിയായ ‘ഡസ്റ്ററി’ന്റെ പരിഷ്കരിച്ച പതിപ്പിനും വിപണി നൽകിയ ഉജ്വല വരവേൽപ്പാണ് ശാലയിൽ മൂന്നാം ഷിഫ്റ്റ് അനിവാര്യമാക്കിയത്. കൂടാതെ നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സണിൽ നിന്നുള്ള മൂന്നാമതു മോഡലിന്റെ വരവ് കൂടി പരിഗണിച്ചാണു പ്ലാന്റ് 24 മണിക്കൂറും പ്രവർത്തിച്ചു തുടങ്ങുന്നത്. രണ്ട് അസംബ്ലി ലൈനുകളാണ് ഒരഗടം ശാലയിലുള്ളത്; ഇവയിലൊന്ന് ഈ ആഴ്ച മുതൽ രാത്രിയിൽ പ്രവർത്തിച്ചു തുടങ്ങുമെന്നാണു കമ്പനിയുടെ പ്രഖ്യാപനം. ഇതോടെ കമ്പനിയിൽ നിന്നുള്ള വാർഷിക ഉൽപ്പാദനവും ഗണ്യമായി ഉയരും. ‘ക്വിഡി’നും പരിഷ്കരിച്ച ‘ഡസ്റ്ററി’നും ആഭ്യന്തര വിപണിയിൽ നിന്നുള്ള വർധിച്ച ആവശ്യം നിറവേറ്റുന്നതിനൊപ്പം ചെന്നൈയിൽ നിർമിച്ച ‘മൈക്ര’യും ‘സണ്ണി’യും പോലുള്ള കാറുകൾക്ക് ആഗോളതലത്തിലുള്ള സ്വീകാര്യത മുതലെടുക്കാനും ഈ തീരുമാനം സഹായിക്കുമെന്ന പ്രതീക്ഷയിലാണു റെനോ നിസ്സാൻ സഖ്യം. ആഗോളതലത്തിൽ തന്നെ റെനോ നിസ്സാൻ സഖ്യത്തിനുള്ള ഏറ്റവും വലിയ കാർ നിർമാണശാലയാണു ചെന്നൈയിലേത്.

ആഭ്യന്തര, കയറ്റുമതി വിപണികളിൽ നിന്നുള്ള വർധിച്ച ആവശ്യം പരിഗണിച്ചാണു പുതിയ ഷിഫ്റ്റ് ആരംഭിക്കുന്നതെന്നു റെനോ നിസ്സാൻ ഓട്ടമോട്ടീവ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ കോളിൻ മക്ഡൊണാൾഡ് അറിയിച്ചു. ഉൽപ്പാദനം വർധിപ്പിക്കുന്നതോടെ വിവിധ മോഡലുകൾ ലഭിക്കാനുള്ള കാത്തിരിപ്പ് കുറയ്ക്കാനാണു ശ്രമമെന്ന് അദ്ദേഹം വിശദീകരിച്ചു. ശാല പ്രവർത്തനം തുടങ്ങിയതു മുതൽ ഓരോ വർഷവും രണ്ടു പുതിയ മോഡലുകളെങ്കിലും പങ്കാളികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിപണിയിൽ ഉജ്വല വരവേൽപ്പ് നേടിയ ‘ക്വിഡ്’ ലഭിക്കാൻ നീണ്ട കാത്തിരിപ്പാണ് ഇപ്പോഴുള്ളത്. കാറിന്റെ ചില വകഭേദങ്ങൾക്കായി എട്ടും പത്തും മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. ഒരഗടം ശാലയിൽ മൂന്നാം ഷിഫ്റ്റ് തുടങ്ങുന്നതോടെ ‘ക്വിഡ്’ ലഭ്യത കാര്യമായി മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണു റെനോ.

ആറു വർഷം മുമ്പ് 4,500 കോടി രൂപ ചെലവിലാണു റെനോയും നിസ്സാനും ചേർന്ന് ഒരഗടത്തു പുതിയ കാർ നിർമാണശാല സ്ഥാപിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ റെനോ, നിസ്സാൻ, ഡാറ്റ്സൺ ശ്രേണികളിലായി 12 പുതിയ മോഡലുകളാണ് ഈ ശാലയിൽ നിന്നു പുറത്തെത്തിയത്. ഇക്കാലത്തിനിടെ 1,600 കോടിയോളം രൂപ ചെലവിട്ടുള്ള വികസന പ്രവർത്തനങ്ങളും റെനോ നിസ്സാൻ സഖ്യം ശാലയിൽ നടപ്പാക്കി. ശാലയിലെ രണ്ട് അസംബ്ലി ലൈനുകളിൽ നിന്നു പുറത്തെത്തുന്ന മോഡലുകൾ ആഗോളതലത്തിലും ധാരാളം രാജ്യങ്ങളിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്.