1,000 ജീവനക്കാരെ ഒഴിവാക്കാനൊരുങ്ങി റെനോ നിസ്സാൻ

വിൽപ്പനയിൽ നേരിടുന്ന തുടർച്ചയായ ഇടിവിനെ തുടർന്ന് ഉൽപ്പാദനം കുറയ്ക്കാൻ ഫ്രഞ്ച് — ജാപ്പനീസ് സഖ്യമായ റെനോ നിസ്സാൻ തീരുമാനിച്ചതോടെ കമ്പനിയുടെ ചെന്നൈ കാർ നിർമാണശാലയിൽ ആയിരത്തോളം ജീവനക്കാർക്കു ജോലി നഷ്ടപ്പെടാൻ സാധ്യത. ശാലയിൽ ഇപ്പോഴുള്ള കരാർ ജീവനക്കാരെയും അപ്രന്റീസുകളെയും ട്രെയ്നികളെയുമാവും റെനോ നിസ്സാൻ ചുമതലകളിൽ നിന്ന് ഒഴിവാക്കുകയെന്നാണു സൂചന. ആകെ എണ്ണായിരത്തോളം ജീവനക്കാരാണു ചെന്നൈ പ്ലാന്റിലുള്ളത്.

ജീവനക്കാരെ ഒഴിവാക്കുന്നതിനെപ്പറ്റി റെനോ നിസ്സാൻ ഔദ്യോഗികമായി സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. ഇന്ത്യൻ വിപണിയുടെ ചലനാത്മകത കണക്കിലെടുത്തും വാഹന വിൽപ്പനയിൽ നിലവിൽ നേരിടുന്ന തുടർച്ചയായ ചാഞ്ചാട്ടം പരിഗണിച്ചുമാണു കമ്പനി വിവിധ തീരുമാനങ്ങൾ സ്വീകരിക്കുന്നതെന്നായിരുന്നു ഇതേപ്പറ്റി റെനോ നിസ്സാൻ വക്താവിന്റെ പ്രതികരണം. ദീപാവലി — നവരാത്രി ആഘോഷവേളയിൽ റെനോയുടെ പുതിയ ചെറുകാറായ ‘ക്വിഡ്’ വിൽപ്പനയ്ക്കെത്താനിരിക്കെയാണ് ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനമെന്നതും ശ്രദ്ധേയമാണ്.നാലു ലക്ഷം രൂപയിൽ താഴെ വില നിശ്ചയിച്ച് എൻട്രി ലവൽ വിഭാഗത്തിൽ ഇടംപിടിക്കുന്ന ‘ക്വിഡി’ലൂടെ വിൽപ്പനക്കണക്കുകൾ മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണു നിസ്സാൻ.

പങ്കാളിയായ നിസ്സാനാവട്ടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സനെ തിരിച്ചെത്തിച്ച് ഇന്ത്യൻ വിപണിയിൽ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലാണ്. ചെറുകാറുകളായ ‘ഗോ’യും ‘ഗോ പ്ലസും’ അവതരിപ്പിച്ച ഡാറ്റ്സൻ വൈകാതെ അടുത്ത മോഡലും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അതേസമയം ഡാറ്റ്സനെ മുന്നിൽ നിർത്തി നിസ്സാൻ നടത്തിയ പരീക്ഷണം പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നാണു ‘ഗോ’യുടെയും ‘ഗോ പ്ലസി’ന്റെയും വിൽപ്പന കണക്കുകൾ നൽകുന്ന സൂചന. കഴിഞ്ഞ ഏപ്രിൽ — ജൂലൈ കാലത്ത് റെനോ ഇന്ത്യ നിർമിച്ചത് 20,265 കാറുകളാണ്; 2014ൽ ഇതേ കാലത്തു നിർമിച്ച 19,631 എണ്ണത്തെ അപേക്ഷിച്ച് 3.22% മാത്രം അധികമാണിത്. ഇതേ കാലയളവിലെ വിൽപ്പനയാവട്ടെ 2014 ഏപ്രിൽ — ജൂലൈയിലെ 14,275 യൂണിറ്റിനെ അപേക്ഷിച്ച് 4.53% ഇടിവോടെ 13,628 എണ്ണവുമായിരുന്നു.

അതേസമയം ഏപ്രിൽ — ജൂലൈ കാലയളവിലെ നിസ്സാൻ ഇന്ത്യയുടെ ഉൽപ്പാദനത്തിൽ മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 3.76% ഇടിവാണു രേഖപ്പെടുത്തിയത്. 2014 ഏപ്രിൽ — ജൂലൈ കാലത്ത് 55,157 കാർ നിർമിച്ചത് ഇക്കൊല്ലം 53,078 യൂണിറ്റായിട്ടാണു കുറഞ്ഞത്. ഉൽപ്പാദനത്തിനു പുറമെ ആഭ്യന്തര വിൽപ്പനയിൽ 19.64% ഇടിവും നേരിട്ടതാണ് നിസ്സാനു കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്. 2014 ഏപ്രിൽ — ജൂലൈ കാലത്ത് 17,595 കാർ വിറ്റത് ഇത്തവണ 14,138 യൂണിറ്റായിട്ടാണു കുറഞ്ഞത്.

പ്രതിവർഷം 4.80 ലക്ഷം കാർ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ചെന്നൈ ശാലയ്ക്കായി 4,500 കോടിയോളം രൂപയാണു റെനോയും നിസ്സാനും ചേർന്നു നിക്ഷേപിച്ചത്. ആഗോളതലത്തിൽ നൂറോളം രാജ്യങ്ങളിലേക്ക് ഈ ശാലയിൽ നിർമിച്ച കാറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ നിസ്സാനു മൂന്നാം സ്ഥാനവുമുണ്ട്.