‘ക്വിഡി’നു കൂടുതൽ വിദേശ വിപണി തേടി റെനോ

Kwid

ഇന്ത്യൻ കാർ വിപണിയിൽ തരംഗം തീർത്ത എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’നു വിദേശത്തു പുത്തൻ വിപണി കണ്ടെത്താൻ റെനോ ശ്രമം തുടങ്ങി. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ദക്ഷിണ ആഫ്രിക്കയിലും ഇന്തൊനീഷയിലും റഷ്യയിലും ഇറാനിലും മൊറോക്കോയിലുമൊക്കെ ഇന്ത്യൻ നിർമിത ‘ക്വിഡ്’ വിൽക്കാനാണു ഫ്രഞ്ച് കമ്പനിയായ റെനോ ആലോചിക്കുന്നത്. നിലവിൽ ബ്രസീലിൽ വിൽപ്പനയ്ക്കെത്തുന്ന ‘ക്വിഡി’നെ നാലു രാജ്യങ്ങളിലേക്കു കൂടി കയറ്റുമതി ചെയ്യാനാണു റെനോയുടെ പദ്ധതി. ആദ്യഘട്ടത്തിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് രീതി പിന്തുടരുന്ന വിദേശ വിപണികളിലേക്കു മാത്രമാവും ‘ക്വിഡ്’ കയറ്റുമതിയെന്നു റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അറിയിച്ചു. ഈ മാസം മുതൽ അയൽ രാജ്യങ്ങളായ ശ്രീലങ്ക, നേപ്പാൾ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിലേക്കു കൂടി ‘ക്വിഡ്’ കയറ്റുമതി തുടങ്ങുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

Kwid

ഇന്ത്യയ്ക്കു സമാനമായ രാജ്യങ്ങളിൽ ആഭ്യന്തര വിപണിയിലെ വിജയം ആവർത്തിക്കാൻ ‘ക്വിഡി’നു കഴിയുമെന്നാണു റെനോയുടെ പ്രതീക്ഷ. ഒപ്പം ശ്രീലങ്ക, നേപ്പാൾ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിൽ കോംപാക്ട് ഹാച്ച്ബാക്ക് എന്ന പുതിയ വിഭാഗം തന്നെ സൃഷ്ടിക്കാനും ‘ക്വിഡി’നു കഴിയുമെന്നാണു വിലയിരുത്തൽ. ഈ വിപണികളിലെ ഉയർന്ന വിഭാഗങ്ങളിൽ ഹാച്ച്ബാക്കുകളായ ‘സാൻഡെറൊ’യും ‘ക്ലിയൊ’യും റെനോ നിലവിൽ വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. അതേസമയം താരതമ്യേന വിലക്കുറവുള്ള ‘ക്വിഡി’ന്റെ വരവ് ഈ വിപണികളിലെ വിൽപ്പനയിൽ ഗണ്യമായ വർധന കൈവരിക്കാൻ റെനോയെ സഹായിക്കും. അതിനിടെ മൊറോക്കോയിൽ റെനോയും സപ്ലയർ പങ്കാളികളും ചേർന്ന് 100 കോടിയോളം ഡോളർ(6730 കോടിയോളം രൂപ) ചെലവിൽ വികസന പദ്ധതികൾ നടപ്പാക്കി വരികയാണ്. അതുകൊണ്ടുതന്നെ ബ്രസീലിനു പിന്നാലെ മൊറോക്കോയിൽ കൂടി റെനോ ‘ക്വിഡ്’ പ്രാദേശികമായി നിർമിക്കാനുള്ള സാധ്യതയുമേറെയാണ്.

Kwid

ബ്രസീലിലെ പരാന സംസ്ഥാനത്ത് സാവോജോസ് ഡോ പിൻഹൈസിലുള്ള അയർട്ടൻ സെന്ന ഇൻഡസ്ട്രിയൽ കോംപ്ലക്സിലെ ശാലയിൽ ‘ക്വിഡ്’ അസംബ്ലിങ് ആരംഭിക്കുമെന്നു റെനോ നേരത്തെ പ്രഖ്യാപിച്ചിരുന്നു. റെനോ ടെക്നോളജി അമേരിക്കാസ് നടപ്പാക്കിയ പരിഷ്കാരങ്ങൾ സഹിതമുള്ള ‘ക്വിഡ്’ ആവും ബ്രസീലിലെ ശാലയിൽ നിന്നു പുറത്തെത്തുക. കൂടാതെ റെനോ ഡിസൈൻ ലാറ്റിൻ അമേരിക്ക(ആർ ഡി എൽ എ)യുടെ സ്വാധീനവും കാറിൽ പ്രതിഫലിക്കുമെന്നാണു സൂചന. കഴിഞ്ഞ വർഷം പുറത്തെത്തിയ ‘ക്വിഡി’ന് ഉജ്വല വരവേൽപ്പാണ് ഇന്ത്യൻ വിപണി നൽകിയത്; ഇതുവരെ ഒരു ലക്ഷത്തോളം ബുക്കിങ്ങാണു കാർ വാരിക്കൂട്ടിയത്. മാരുതി സുസുക്കിയുടെ ജനപ്രിയ കാറായ ‘ഓൾട്ടോ’യെ വെല്ലുവിളിക്കാനും ‘ക്വിഡി’നു കഴിഞ്ഞെന്നാണു വിലയിരുത്തൽ. ഈ ഭീഷണി തിരിച്ചറിഞ്ഞ മാരുതി സുസുക്കി പരിഷ്കരിച്ച ‘ഓൾട്ടോ 800’ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ മാസമാവട്ടെ ഒൻപതിനായിരത്തിലേറെ ‘ക്വിഡ്’ ആണു റെനോ വിറ്റത്; ‘ഓൾട്ടോ’ വിൽപ്പനയാവട്ടെ 16,000 യൂണിറ്റായിരുന്നു. സാധാരണ പ്രതിമാസം 21,000 യൂണിറ്റാണ് നേരത്തെ ‘ഓൾട്ടോ’ നേടിയിരുന്ന ശരാശരി വിൽപ്പന.