‘ക്വിഡ്’ കയറ്റുമതിക്കുള്ള സാധ്യതകൾ തേടി റെനോ

ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച പിന്നാലെ പുതിയ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ കയറ്റുമതി സാധ്യതകൾ ആരായാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോ ശ്രമം തുടങ്ങി. ആഗോളതലത്തിൽ വിപണന സാധ്യതയുള്ള ചെറുകാറാണു ‘ക്വിഡ്’ എന്നു റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ഠറുമായ സുമിത് സാഹ്നി അഭിപ്രാപ്പെട്ടു. വിവിധ രൂപങ്ങളിൽ ഈ കാർ വിദേശത്തു വിൽക്കാനുള്ള സാധ്യതയാണു കമ്പനി പരിശോധിക്കുന്നത്. കിറ്റ് കയറ്റുമതി ചെയ്തു കാർ നിർമിച്ചു വിൽക്കാനും ഇന്ത്യയിൽ നിർമിച്ച കാർ തന്നെ കയറ്റുമതി ചെയ്യാനുമൊക്കെയുള്ള സാധ്യതകൾ റെനോ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റെനോയുടെ ആഗോള ചെയർമാനായ കാർലോസ് ഘോസ്ൻ ആണ് 2014 മേയിൽ ഈ കാർ ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. തുടർന്നു ചെന്നൈയ്ക്കടുത്ത് ഒരഗടത്ത് റെനോയും ജാപ്പനീസ് പങ്കാളിയായ നിസ്സാനും ചേർന്ന് 5,000 കോടിയോളം രൂപ ചെലവിൽ സ്ഥാപിച്ച നിർമാണശാലയിൽ നിന്നാണു കാർ ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.

ആഗോളതലത്തിൽതന്നെ എല്ലാ വിപണികൾക്കും യോജിച്ച ചെറുകാറാണു ‘ക്വിഡ്’ എന്നാണു സാഹ്നിയുടെ പക്ഷം. തുടക്കത്തിൽ ചെറുകാറുകൾക്കു സാധ്യതയേറിയ ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ വിപണികളെയാവും റെനോ പരിഗണിക്കുകയെന്നും സാഹ്നി സൂചിപ്പിച്ചു.

അതേസമയം പ്രാദേശിക വിപണിയുടെ താൽപര്യങ്ങൾക്കനുസൃതമായി കാറിൽ മാറ്റങ്ങളോ പരിഷ്കാരങ്ങവോ വരുത്താനും റെനോ ഒരുങ്ങുന്നുണ്ട്. എന്തായാലും മൂന്നു മാസത്തിനുള്ളിൽ ‘ക്വിഡ്’ കയറ്റുമതി സംബന്ധിച്ചു വ്യക്തത കൈവരുമെന്നും സാഹ്നി അറിയിച്ചു.

രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ എന്ന അവകാശവാദത്തോടെയാണു റെനോ ‘ക്വിഡ്’ പുറത്തിറക്കിയത്. ലീറ്ററിന് 25.17 കിലോമീറ്റർ ഓടുമെന്നു വാഗ്ദാനമുള്ള കാർ അടുത്ത ആഴ്ചയോടെ രാജ്യത്തെ റെനോ ഷോറൂമുകളിൽ വിൽപ്പനയ്ക്കെത്തും. ‘ക്വിഡി’ന്റെ വിവിധ വകഭേദങ്ങൾക്ക് 2.57 മുതൽ 3.53 ലക്ഷം രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില.