വരുന്നു കരുത്തൻ ക്വിഡ്

കരുത്തേറിയ ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡ്’ ഫ്രഞ്ച് നിർമാതാക്കളായ റെനോ ഈ മാസം പുറത്തിറക്കും. നിലവിൽ 800 സി സി എൻജിനോടെയാണ് എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’ വിൽപ്പനയ്ക്കുള്ളത്. മികച്ച വരവേൽപ്പാണു ‘ക്വിഡി’ന് ഇന്ത്യൻ വിപണിയിൽ ലഭിച്ചതെന്നു റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അറിയിച്ചു. അതുകൊണ്ടുതന്നെ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ മാസം ശേഷിയേറിയ, ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡ്’ പുറത്തിറക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യയിലെ വിപണി വിഹിതം ഉയർത്താൻ കൂടി ലക്ഷ്യമിട്ടാണു ‘ക്വിഡി’ന്റെ പുതിയ വകഭേദം അവതരിപ്പിക്കുന്നതെന്നും സാഹ്നി അറിയിച്ചു. ഇന്ത്യയിൽ അഞ്ചു ശതമാനം വിപണി വിഹിതമായിരുന്നു റെനോയുടെ ലക്ഷ്യം; മിക്കവാറും ഡിസംബറോടെ ഈ ലക്ഷ്യം നേടാനാവുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തെത്തിയ ‘ക്വിഡ്’ ഇതുവരെ മുക്കാൽ ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചിട്ടുണ്ട്. എൻട്രി ലവൽ വിഭാഗത്തിൽ കൂടുതൽ കരുത്തുള്ള എൻജിൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയാണു പുതിയ ‘ക്വിഡി’ന്റെ വരവെന്നും സാഹ്നി വിശദീകരിച്ചു.

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ‘ഓൾട്ടോ’യോടാവും പുതിയ ‘ക്വിഡി’ന്റെ പോരാട്ടം. ഒരു ലീറ്റർ എൻജിനോടെ ‘ഓൾട്ടോ കെ 10’ വിൽക്കുന്ന മാരുതിക്കും 800 സി സി എൻജിനോടെ ‘ഓൾട്ടോ 800’ മോഡലും ലഭ്യമാക്കുന്നുണ്ട്. 800 സി സി എൻജിനുള്ള ‘ക്വിഡി’ന് ഡൽഹി ഷോറൂമിൽ 2.62 ലക്ഷം മുതൽ 3.67 ലക്ഷം രൂപ വരെയാണു വില; ‘ഓൾട്ടോ 800’ വിൽപ്പനയ്ക്കെത്തുന്നത് 2.45 — 3.76 ലക്ഷം രൂപ നിലവാരത്തിലാണ്. ശേഷിയേറിയ എൻജിനുള്ള ‘ഓൾട്ടോ’യ്ക്ക് ഡൽഹി ഷോറൂമിൽ 3.25 ലക്ഷം മുതൽ 4.15 ലക്ഷം രൂപ വരെയാണ്. അതേസമയം, ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡി’ന്റെ വില സംബന്ധിച്ചു റെനോ സൂചനയൊന്നും നൽകിയിട്ടില്ല.