വർഷം തോറും ഓരോ പുതിയ കാർ പുറത്തിറക്കാൻ റെനോ

ഇന്ത്യൻ കാർ വിപണിയിലെ സാന്നിധ്യം ശക്തമാക്കാൻ പ്രതിവർഷം ഓരോ പുതിയ മോഡൽ വീതം പുറത്തിറക്കാൻ ഫ്രഞ്ച് നിർമാതാക്കളായ റെനോയ്ക്കു പദ്ധതി. അടുത്തയിടെ വിപണിയിലെത്തിയ ചെറു ഹാച്ച്ബാക്കായ ‘ക്വിഡ്’ തകർപ്പൻ വിജയം നേടിയതോടെയാണു റെനോയ്ക്ക് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷയേറിയത്. കഴിഞ്ഞ വർഷം നിരത്തിലെത്തിയ കാറിനായി ഒരു ലക്ഷത്തോളം പേരാണു ബുക്കിങ് നടത്തി കാത്തിരിക്കുന്നത്; മാർച്ചിൽ മാത്രം 12,424 ‘ക്വിഡ്’ ആണു കമ്പനി വിറ്റത്. ‘ക്വിഡ്’ തരംഗമായതോടെ ഈ വർഷം ഇന്ത്യയിലെ വിപണി വിഹിതം അഞ്ചു ശതമാനത്തിലെത്തിക്കാനാവുമെന്നും റെനോ സ്വപ്നം കാണുന്നുണ്ട്. ഇന്ത്യയിലെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണു റെനോ പുതിയ മോഡൽ അവരണങ്ങളിൽ ശ്രദ്ധയൂന്നുന്നത്. ‘ക്വിഡി’നെ കൂടുതൽ ആകർഷകമാക്കാനായി ശേഷിയേറിയ ഒരു ലീറ്റർ എൻജിൻ ഘടിപ്പിച്ചതും ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എ എം ടി) സൗകര്യമുള്ളതുമായ വകഭേദങ്ങൾ വൈകാതെ പുറത്തിറക്കുമെന്നു റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്റുമായ സുമിത് സാഹ്നി അറിയിച്ചു.

പുതിയ ‘ഡസ്റ്റർ’ അവതരിപ്പിച്ചതു പോലെ വരും വർഷങ്ങളിലെല്ലാം ഓരോ പുതിയ മോഡൽ പുറത്തിറക്കാനും ആലോചനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ വിൽപ്പനയ്ക്കെത്തിക്കുന്ന ശ്രേണിയിൽ നിന്നുള്ള മോഡലുകൾ ഇന്ത്യയിലും അവതരിപ്പിക്കാൻ റെനോ ആലോചിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ റെനോ പുതിയ മോഡൽ അവതരണങ്ങൾ നടത്തുന്നുണ്ട്. എങ്കിലും ശരിയായ മോഡൽ ശരിയായ സമയത്ത് അവതരിപ്പിക്കുന്നു എന്ന് ഉറപ്പാക്കാനാണു കമ്പനിയുടെ ശ്രമമെന്നും സാഹ്നി വിശദീകരിച്ചു.‘ക്വിഡി’ന്റെ 1,000 സി സി എൻജിനും എ എം ടി സൗകര്യവുമുള്ള മോഡലുകളുടെ അരങ്ങേറ്റത്തിനാണ് ഇപ്പോൾ റെനോ തയാറെടുക്കുന്നത്. ജൂണിനുള്ളിൽ തന്നെ ഇരു മോഡലുകളും വിൽപ്പനയ്ക്കെത്തിക്കാനാണു നീക്കം. 2017 — 18നകം കോംപാക്ട് എസ് യു വിയായ ‘കാപ്ചറും’ സെഡാനായ ‘ലഗുണ’യും റെനോ ഇന്ത്യയിൽ ലഭ്യമാക്കുമെന്നാണു സൂചന. ഇതോടൊപ്പം രാജ്യത്തെ വിപണന ശൃംഖല ശക്തിപ്പെടുത്താനും റെനോ നടപടി തുടങ്ങിയിട്ടുണ്ട്.